പ്രണവം

കഠോര തപസ്സനുഷ്‌ഠിച്ച്‌ പരമശിവന്റെ പക്കൽനിന്നും അദ്ദേഹത്തിന്റെ ആത്മലിംഗത്തെ കരസ്ഥമാക്കിയ രാവണന്റെ കഥയുണ്ട്‌ ഗോകർണത്ത്‌ ഐതിഹ്യമായി.

ആയിരം സൂര്യചന്ദ്രൻമാരുടേയും താരാഗണങ്ങളുടേയും പ്രഭചൊരിയുന്ന ആത്മലിംഗത്തിന്റെ ചൈതന്യത്തെ കയ്യിലടക്കിപ്പിടിച്ച്‌ താഴെവയ്‌ക്കാതെ ലങ്കയിലേക്ക്‌ കൊണ്ടുപോകാൻ ആത്മധൈര്യം ആവോളം ഉണ്ടായിരുന്ന രാവണൻ വിഘ്‌നേശ്വരനാൽ ചതിക്കപ്പെട്ട കഥ ആ ദേശത്തിന്‌ സ്വന്തമത്രെ.

ഏതായാലും തപസ്സനുഷ്‌ഠിച്ചവർക്ക്‌ പോലും ആത്മവിശ്വാസമേയില്ലാത്ത കാലത്ത്‌ എന്റെ കഥാപാത്രം സ്വാഭാവികമായി അസ്വസ്ഥനായി കാണപ്പെട്ടു. കഥാപാത്രത്തിന്റെ പ്രായം നാല്പതു കഴിഞ്ഞതേയുളളൂ.

അഭിനയത്തിന്റെ ഇരുപത്തഞ്ച്‌ വയസ്സറിയിച്ച ലാലേട്ടനെപ്പോലെയല്ലാതെ, ആഘോഷം സ്വന്തം ജീവിതത്തിൽ നിന്നും നാടുകടത്തപ്പെട്ട അയാൾക്ക്‌ വ്യാകുലപ്പെടാൻ കാരണങ്ങളനവധി.

അറുപതുകളിൽ പിറക്കുകയും എൺപതുകളിൽ പ്രായപൂർത്തിയാകുകയും ചെയ്‌ത മോഹൻലാലിന്റെ കഥാപാത്രങ്ങളെ പോലെയായിരുന്നു അയാളുടെ ജീവിതവും-പശുവിനെ വളർത്താനും മുതലാളി ചമയാനും ചെറുകിട കോൺട്രാക്‌ടർ ആകാനും ശ്രമിച്ച്‌ നാടുവിട്ട അയാൾ കൂടിയാട്ടവും കഥകളിയും നടത്തിയില്ലെങ്കിലും രാവണപ്രഭുവായി തിരിച്ചെത്തി.

“ഇത്തിരി അധോലോകം ഇത്തിരി സ്വർണ്ണബിസ്‌ക്കറ്റ്‌.”

ഇത്തിരി വൈക്കോൽ ഇത്തിരി തേങ്ങാപ്പിണ്ണാക്ക്‌ എന്ന ശങ്കരാടി വാക്യം നാടോടിക്കാറ്റിൽ ശ്രീനിവാസൻ എഴുതിയത്‌ മറക്കാത്ത മലയാളിയാണിയാൾ.

തന്റെ ഐശ്വര്യത്തിന്റെ സൈറണടി എപ്പോഴാണ്‌ നിലച്ചത്‌?

ദുഃഖം പുഷ്‌പ്പിക്കുന്ന മരങ്ങൾക്കിടയിൽ അയാൾക്കെന്താഘോഷം?

ഇപ്പോൾ ഞാൻ അയാൾക്ക്‌ ഒരു കടുംപച്ച നിറമുളള ജൈവഹരിതം തിളങ്ങുന്ന ആലില നീട്ടി അതിനെ പ്രാർത്ഥിക്കാൻ പറഞ്ഞാലും അയാൾ പ്രാർത്ഥിക്കും-കടുത്ത വിശ്വാസത്തോടെ.

ഇപ്പോൾ അയാൾ അങ്ങിനെ ആയിക്കഴിഞ്ഞു.

വിശ്വാസികൾ സ്വന്തം രൂപത്തെപോലും ഭയപ്പെട്ട്‌ ഉളളിൽ കരയുമ്പോൾ സ്‌നേഹസാന്ത്വനമായി ആരെങ്കിലും വരിക ഇപ്പോൾ ഒരു നാട്ടുനടപ്പായിരിക്കുന്നു. അങ്ങിനെ അയാളുടെ ജീവിതത്തിലേക്ക്‌ കടന്നുവന്ന വ്യക്തി അയാളെ വിളിച്ചത്‌ ധനികൻമോൻ എന്നായിരുന്നു. പ്രസിഡന്റ്‌മോൻ, മുഖ്യമന്ത്രിമോൻ എന്നൊക്കെ സംബോധന ചെയ്യുന്ന അമ്മ അയാളെ അങ്ങിനെ വിളിച്ചത്‌ ആരെയും അതിശയിപ്പിച്ചില്ല.

അയാളുടെ യൗവ്വന കാലഘട്ടത്തിൽ നാട്ടിൽ പിറക്കുന്ന കുഞ്ഞിന്‌ അജിമോൻ, സുധിമോൻ, അനിമോൻ എന്നൊക്കെ പേരിട്ടിരിക്കുന്നു. അച്ഛനമ്മമാർ തങ്ങളുടെ മക്കളെ വിളിക്കുന്നതുപോലെ മറ്റുളള നാട്ടുകാരും മോനേ, മോളേ എന്ന്‌ വിളിക്കണം എന്ന അതിമോഹം ആയിരുന്നു ആ പേരിടലിന്‌ പിന്നിൽ.

അയാളെ ആശ്വസിപ്പിക്കുന്ന ലളിതവാക്യങ്ങൾ നിങ്ങൾ പറഞ്ഞുനോക്കൂ നിങ്ങൾ ഒരു ആൾദൈവമല്ലാത്തിടത്തോളം കാലം അയാൾക്ക്‌ ആശ്വാസം ആവില്ല. നിങ്ങളുടെ അതേ സാന്ത്വനവാക്യം വളളി പുളളി വ്യത്യാസം കൂടാതെ അവർ പറഞ്ഞുവെങ്കിൽ ഇത്തരക്കാർക്ക്‌ ആശ്വാസം കിട്ടും.

ആൾ ദൈവങ്ങളുടെ നാഷണൽ സർവീസ്‌ സ്‌കീമിൽ ആളെ ചേർക്കാൻ ഒരുത്തർക്കും ബുദ്ധിമുട്ടേണ്ടി വരുന്നില്ല. കുറേനാൾ അയാൾ അമേരിക്കയിലായിരുന്നു. ഡോളറുകൾ രൂപയുടെ മൂല്യത്തിലേക്ക്‌ വന്നപ്പോൾ കിട്ടിയ വൻ ആനുകൂല്യം നാട്ടിൽ ഫ്ലാറ്റായും ഒരു സോഫ്‌റ്റ്‌വെയർ കമ്പനിയായും മോർഫ്‌ ചെയ്യപ്പെട്ടത്‌ പഴയ കഥ.

മാറാരോഗങ്ങളും മക്കളില്ലാത്ത ദുഃഖവും കടിച്ചമർത്തിയ ദമ്പതികൾ ഈയടുത്ത കാലത്താണ്‌ ജോൽസ്യൻ രാജഗോപാലപ്പണിക്കരെ കാണുന്നത്‌-കവടികൾ നിരങ്ങിയോടുമ്പോൾ ജോത്സ്യന്റെ മുന്നിലെ പലക ഒരു കമ്പ്യൂട്ടർ മോണിട്ടറിലെ പശ്ചാത്തലമായി. ബ്രൗൺ നിറമുളള പലക മുഴുവൻ വെളുത്ത ഐക്കണുകൾ കൂട്ടം കൂടിയും അകന്നും നിന്നു.

“നിങ്ങളുടെ മൂലകുടുംബത്തിന്റെ ദേവൻ കോപിച്ചതു മൂലമാണ്‌ ദുരിതങ്ങളൊക്കെ.”

“നിങ്ങളുടെ മുതുമുത്തച്ഛൻമാർ ആരാധിച്ചിരുന്ന ശിവൻ ഇപ്പോൾ നിങ്ങളുടെയൊക്കെ പരിഗണനയേതും ഇല്ലാതെ അനാഥമാകുമ്പോൾ ശാപം നിങ്ങൾക്കല്ലേ? വേഗം തൃപ്‌തിപ്പെടുത്തിക്കോളൂ.”

“എന്റെ ദേവൻ വിഷ്‌ണുവാണല്ലോ പക്ഷേ കുടുംബദേവൻ പരമശിവനായതെങ്ങനെ?”

അയാൾക്ക്‌ യുക്തിഭംഗം വന്നു. വീടുകൾ, സ്ഥലങ്ങൾ മാറിമാറി താമസിച്ച പൂർവ്വികർ എടുത്തു കൊണ്ടുപോകാത്ത ജംഗമ പദാർത്ഥങ്ങളായി ദേവതകൾ, വിനയായത്‌ പാവം അയാൾക്ക്‌.

അയാൾ തന്റെ കൃഷ്‌ണ പ്രതിപത്തിയെക്കുറിച്ച്‌ ചിന്തിച്ചു. ഓരോരുത്തർക്കും ഓരോ ദേവനെ ഇഷ്‌ടപ്പെടാൻ എന്താവും കാരണം?

താമസിച്ച പ്രദേശത്തെ കൂടുതൽ ഇഷ്‌ടപ്പെടലുകൾ ഏതുദേവനുമായാണോ ആ ദൈവങ്ങൾ മനസ്സിൽ വരുന്നതാണോ, അതോ ഓരോ മനുഷ്യശരീര ഘടനയിലെയും ഉളളിലെ ഏതോ മൂലകങ്ങളുടെ ആകർഷണ ശക്‌തിയാൽ ദേവാംശം ഉളളിലെത്തുന്നതോ?

തന്റെ പഴയ കെമിസ്‌ട്രിയും ആവർത്തനപ്പട്ടികയും തലച്ചോറിൽ ഇപ്പോഴും അധിവസിക്കുന്നു എന്നയാൾക്ക്‌ അത്ഭുതമായി. കുറെ കമ്പ്യൂട്ടർ ഭാഷയും ജാർഗണുകളും ഊപ്‌സും അവയെ വിഴുങ്ങാത്തതിനാൽ പുനരധിവാസ പ്രശ്‌നം ഇല്ല.

“ആ ക്ഷേത്രം എവിടെയാണെന്നും മറ്റും കൂടുതൽ അറിയാൻ പ്രശ്‌നം വയ്‌ക്കണം.”

“നിങ്ങളുടെ പ്രശ്‌നം, നിങ്ങൾക്ക്‌ വലിയ ഒരു പ്രശ്‌നം തന്നെയാണെങ്കിൽ, ഞാൻ പ്രശ്‌നം വയ്‌ക്കാം. അടുത്ത ഞായറാഴ്‌ച വരൂ-അന്നെനിയ്‌ക്ക്‌ പ്രശ്‌നം ഇല്ല.”

ജോത്സ്യന്റെ സംഭാഷണത്തിലെ സംഗീതം ശങ്കരാടിയുടെ സിനിമാ ഫലിതം പോലെ തോന്നിയെങ്കിലും അതിൽ നർമ്മം കാണാനുളള മാനസികാവസ്ഥയിലല്ലായിരുന്നു അയാൾ.

ജോത്സ്യർ പറഞ്ഞ അടയാളവുമായി അയാൾ തന്റെ ശിവനെ തേടി നടന്നു. വഴികളിൽ അയാൾ കണ്ടവരിലൊക്കെ എന്തോ തിരയുന്ന ഭാവം. അവരൊക്കെ സ്വന്തം ശിവനെ തിരയുകയാവും എന്ന്‌ അയാൾക്ക്‌ തോന്നി.

നടന്ന്‌ പോകുമ്പോൾ വഴിയിൽ കാണാൻ പോകുന്ന മറവും തിരിവും മരവും പഞ്ചായത്ത്‌ കിണറുംവരെ അയാൾക്ക്‌ മുൻകൂട്ടി പ്രതീക്ഷിക്കാനായി. ജീവിതത്തിലിതുവരെ നടന്നു കയറാത്ത വഴികളിലെ ലാൻഡ്‌ മാർക്കുകൾ തനിക്ക്‌ പ്രവചിക്കാനായത്‌ എങ്ങിനെയാണെന്ന്‌ അയാൾ ഓർത്തു. ഇംഗ്ലീഷിൽ ‘ഡിജാവൊ’ എന്നു പറയുന്ന പ്രതിഭാസം മുൻജന്മത്തിൽ താൻ ഓടിക്കളിച്ച പ്രദേശം ഇവിടെയാകുമോ? ജീനുകളിൽ ഒളിച്ചിരുന്ന്‌ കണ്ണുപൊത്തി കളിക്കുന്ന ഈ ഓർമ്മപ്പയ്യൻ സാദാ മനുഷ്യരിൽ മന്ദബുദ്ധികളായിപ്പോയതാണോ?

ആൾദൈവങ്ങളുടെ ഉളളിലെ ഇത്തരം പയ്യന്മാർ അതിജീനിയസ്സായി മാറുമ്പോഴാകുമോ അവരുടെ മുൻകാണൽ അനേകം മുജ്ജന്മങ്ങളുടെ പിൻകാണലുകളാവുന്നത്‌?

അയാളുടെ ചിന്തകൾ, തനിക്ക്‌ പിടികിട്ടാത്തതിലും കൂടുതൽ വളർന്ന്‌ അതിഭീകരമായ ഒരു നരസിംഹമായി മുന്നിൽ നിന്നു.

ചതിക്കപ്പെട്ട്‌ ഭൂമിയിൽ ഉറച്ചുപോയ ആത്മലിംഗത്തിന്റെ പേരിൽ വഴക്കുകൂടിയ രാവണൻ ഗണപതിയുടെ തലക്കടിച്ച്‌ കളഞ്ഞുവെന്ന കഥ അയാൾക്ക്‌ ഓർമ്മ വന്നു. ശിവപ്രീതി നടത്തി ആത്മലിംഗ പ്രാപ്‌തി നേടിയ രാവണൻ ശിവപുത്രന്റെ തലക്കടിച്ച്‌ ശിവകോപം സമ്പാദിച്ചത്രേ! നാം ഓരോന്ന്‌ നിനയ്‌ക്കുന്നു-ദൈവം മറ്റൊന്ന്‌ വരുത്തുന്നു.

കഴിഞ്ഞ തവണ ഗോകർണത്ത്‌ പോയപ്പോഴാണ്‌ തലയിൽ ഒരു ദ്വാരമുളള, അടിയുടെ ആഘാതത്താൽ കാല്‌ കുറുകിപോയ ഗണപതി രൂപത്തെ അയാൾ കണ്ടത്‌. നിൽക്കുന്ന ഗണപതിയുടെ അപൂർവപ്രതിമ അയാളിൽ അലിഞ്ഞു ചേർന്നിരുന്നു. അയാൾക്ക്‌ പാവം തോന്നി.

ഇടവഴികളും ചെറുതോടുകളും കടന്ന്‌ അപ്രധാനമായ ഒരു ശിവക്ഷേത്രം അയാൾ കണ്ടുപിടിച്ചു. അയാളുടെ പാദസ്‌പർശത്താൽ മോക്ഷം കിട്ടിയതുപോലെ ക്ഷേത്രം. ശിവനെ അയാളേക്കാൾ കൂടുതൽ അറിഞ്ഞത്‌ അവിടുത്തെ പൂജാരിയായിരുന്നു.

ഒരു വലിയ തുക ഒരിക്കൽപോലും ഒന്നിച്ചു കാണാൻ അവസരം കിട്ടാതിരുന്ന പൂജാരി. കിട്ടിയ പണംകൊണ്ട്‌ അരിഷ്‌ടിച്ചു കഴിയുന്ന ആ സവർണ്ണൻ തന്റെ പല ആവശ്യങ്ങൾക്കായി സംവരണം ചെയ്‌തു.

പിന്നീട്‌ വളരെ അകലെ നിന്നും വരുന്ന മണിഓർഡറുകൾ ശിവന്‌ ധാരയായി മാറുമ്പോൾ തിരുമേനിക്കും മനസ്സു കുളിർത്തു.

ശിവൻ ഒരു അറ്റോമിക്‌ പവർസ്‌റ്റേഷനാണെന്നും കൂളിങ്ങ്‌ സിസ്‌റ്റം അവധാനതയോടെ കൈകാര്യം ചെയ്യാനാണ്‌ നൂറ്റിയെട്ടുകുടം ജലം ധാരയാവേണ്ടതെന്നും ഊർജ്ജ ശാസ്‌ത്രബിരുദധാരിയായ അയാൾക്ക്‌ ഉറപ്പായിരുന്നു. അതുകൊണ്ട്‌ ശിവ പൂജാരിയേയും അയാൾ കൈ അയച്ച്‌ സഹായിച്ചു.

അയാളുടെ ഉളളിലെ വിശ്വാസം ഈ ചെറിയ വൈക്കോൽ തുരുമ്പിൽ കിടന്ന്‌ പിടച്ചപ്പോൾ അയാളുടെ ബാക്കിയായ ബാങ്ക്‌ ബാലൻസ്‌ ഒഴുകിയകലുകയും മൂലദൈവങ്ങളുടെയും പിതൃക്കളുടെയും പേരിൽ മിടുക്കൻമാർ ശേഖരിക്കുകയും ചെയ്‌തു. ആ ഒഴുക്കിൽ ഒരിലയായി അയാളും.

“ജബ്‌ തക്‌ ബേവക്കൂഫ്‌ ലോഗ്‌ ജിദാ ഹെ, അകൽ മന്ദ്‌ലോഗ്‌ ഭൂവാ നഹിം മർതേ”- ലോകത്തിൽ വിഡ്‌ഢികൾ ഉളളിടത്തോളം കാലം ബുദ്ധി ഉളളവർ വിശന്ന്‌ മരിക്കുന്നില്ല എന്നത്‌ ഉത്തരേന്ത്യൻ പഴമൊഴിയാണ്‌. ഈ പഴമൊഴി ഇത്തിരി കൂടിപ്പോയി എന്നറിയാമെങ്കിലും പ്രകോപിപ്പിക്കാൻ ഉപയോഗിച്ച വരികളാണ്‌. കഴുത്തിനു പിടിച്ചാലേ ഇപ്പോൾ ആളുകൾ പ്രതികരിക്കൂ. അല്ലെങ്കിൽ മതവികാരത്തെ വ്രണപ്പെടുത്തണം.

രാത്രികളിൽ അയാൾക്ക്‌ ഉറക്കം വരുന്നില്ല. ഉറക്കത്തിൽ ഞെട്ടിയുണരുമ്പോൾ മൂന്നാം കണ്ണിലുണരുന്ന അതിശീതളതയുടെ അത്ഭുതവും ചുരുണ്ടുകിടന്നുറങ്ങുന്ന മറ്റു ജീവജാലകങ്ങളിൽ അയാൾക്ക്‌ കാണാനായി. ധാരയായി സമയബിന്ദുക്കൾ ഘടികാരത്തിലൂടെ ഒലിച്ചിറങ്ങി ക്ലോക്ക്‌ ഒരു സൽവദൊർ ദാലിച്ചിത്രം പോലെ തോന്നിച്ചു.

എല്ലാവരും ഉറങ്ങുമ്പോഴും ഉണർന്നിരിക്കാൻ വിധിക്കപ്പെട്ട അയാൾ കിടപ്പുമുറിയിലെ ചാന്റർ പുറത്തുവിടുന്ന “ഓം നമശ്ശിവായ” എന്ന മന്ത്രം ഉച്ചത്തിൽ വച്ച്‌ ലോകത്തെ ഉണർത്താൻ ആഗ്രഹിച്ചു.

അയാളുടെ ചാന്ററിലെ സ്ലീപ്പ്‌ ഓൺ&ഓഫ്‌ സംവിധാനം തകരാറിലായി അത്‌ ഒരു ലൂപ്പിലകപ്പെട്ടതുപോലെ “ഓം ഓം ഓം” എന്ന്‌ മൂളിക്കൊണ്ടേയിരുന്നു.

Generated from archived content: story-april5.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here