“ഞങ്ങളതിനെ CE എന്ന് വിളിക്കും –
അതറിയില്ലേ എന്താണെന്ന്”
അഞ്ജലി ടീച്ചർ ഭർത്താവിനോട് ചോദിച്ചു.
പുതിയ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി പിടിയില്ലാത്ത അയാൾക്ക് CEയെപ്പറ്റി അറിയില്ല. അയാളുടെ വാട്ടർ അതോറിറ്റി ഓഫീസിൽ AE, Exe, EE, SE, CE തുടങ്ങിയ എഞ്ചിനീയർമാരുടെ സ്ഥാനപ്പേരുമാത്രം അപ്പോൾ ഓർമ്മ വന്നു.
ടീച്ചർ ഒരു ക്വിസ് മാസ്‌റ്ററുടെ ഗമയിൽ ഉത്തരം പറഞ്ഞു “Continuous Evaluation” നിരന്തര മൂല്യനിർണ്ണയം – കുട്ടികളെ പതിവായി നിരീക്ഷിച്ച് മാർക്കിടുന്ന രീതി.
ടീച്ചർക്ക് പ്രോഗ്രസ് കാർഡ് എഴുതുമ്പോൾ റിമാർക്സ് കോളം പൂരിപ്പിക്കുമ്പോൾ തോന്നി. – good, excellent, poor തുടങ്ങിയ കമന്റ്‌സ് മാത്രം പോരാ – പുതിയ പുതിയ വാചകങ്ങൾ remarks ആയി ചേർത്താലോ?
അവൾ ഭർത്താവിന്റെ സഹായം തേടി.
അയാൾ ആലോചിച്ചു. മാർക്സിനോട് ചേർത്ത് എഴുതുവാനുള്ള റിമാർക്സ് “You have the potential. Try to score more next time” തുടങ്ങിയ പ്രയോഗങ്ങൾ പറഞ്ഞു നോക്കി. ടീച്ചർക്ക് രുചിച്ചില്ല.
അപ്പോഴാണ് അയാൾക്ക് ദീദിയെ ഓർമ്മ വന്നത് – അയാൾ പറഞ്ഞു – “നീ നമ്മുടെ ദീദിയെ ശ്രദ്ധിക്കൂ – ലോകത്തിലെ മിക്ക കമന്റുകളും ഇംഗ്ലീഷിൽ അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു”.
“ഏതു ദീദി?”
“റിയാലിറ്റി ഷോയിലെ നമ്മുടെ ഉഷാദീദി”
അടുത്ത ദിവസം അവരുടെ കമന്റുകൾ അവൾ ശ്രദ്ധിക്കാനിരുന്നു –
ഉഷാ ദീദി പറഞ്ഞു തുടങ്ങി – “ഫന്റാസ്‌റ്റിക്, ഇലക്ര്ടിഫൈയിംഗ്”
അഞ്ജലി ടീച്ചറെ അത്തരം വാക്കുകൾ പേടിപ്പിക്കാൻ തുടങ്ങി.
അപ്പോഴാണ് നർത്തകിയും നടിയുമായ സെലിബ്രിറ്റി ഗസ്‌റ്റ് മലയാളവും ഇംഗ്ലീഷും കലർന്ന കമന്റുകൾ തുടങ്ങിയത് –
ബുദ്ധിമുട്ടി ഇംഗ്ലീഷ് മറ്റൊരു ആക്സന്റിൽ പറയാൻ ശ്രദ്ധിച്ചപ്പോൾ പുതിയൊരു കമന്റ് – “ഐ അപ്രീഷിയേറ്റ് യുവർ എംതൂസിയാസ്യം”.
ലാസ്യം മുഖ്യമായ നർത്തകിയുടെ നാവിലെ റിമാർക്സിൽ ടീച്ചർക്ക് ചിരിപൊട്ടി-
“ലോകത്തിൽ മാറ്റമില്ലാത്ത ഒന്നേയുള്ളൂ – അത് മാറ്റം ആണെ”ന്ന് പറഞ്ഞ കാറൽ മാർക്സിനെ ഓർത്ത് ടീച്ചർ പഴയ റിമാർക്സിലുറച്ചു നിൽക്കാൻ തീരുമാനിച്ചു.
Generated from archived content: humour1_dec3_07.html Author: r-radhakrishnan