നായകൾ കഥകളുടെ നാൾ വഴിയിൽ

നായകളെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ മനുഷ്യസംസ്‌ക്കാരത്തിന്റെ പിളളത്തൊട്ടിലായ നദീതടസംസ്‌ക്കാരം നമ്മുടെ മനസ്സിലെത്തും. മനുഷ്യന്റെ പിന്നിലായി ഒരു മൃഗം വാലാട്ടി നില്‌ക്കുന്ന ചിത്രം ഓർമ്മവരാത്ത ചരിത്രകാരനില്ല എന്നതാണ്‌ സത്യം.

പാവ്‌ലോവ്‌ എന്ന റഷ്യൻ സയന്റിസ്‌റ്റിന്റെ നായ മണിയടി ശബ്‌ദം കേട്ട്‌ ആഹാരം കാണാതെ പോലും ഉമിനീര്‌ ഇറ്റിച്ച്‌ സ്‌റ്റിമുലസിനൊരു തിയറി ഉണ്ടാക്കാൻ നിമിത്തമായതും ലെയിക്ക എന്ന നായക്കുട്ടി ബഹിരാകാശയാത്ര ചെയ്‌ത ആദ്യ ജീവനായിരുന്നു എന്നതും ശാസ്‌ത്രരംഗത്തു നായകളുടെ പ്രസിദ്ധമായ സംഭാവനകളാണ്‌.

ഗ്രീക്കു പുരാണത്തിൽ ആകട്ടെ നായകൾ അനവധിയാണ്‌. മുന്തിരിയുടെ ദൈവമായ ദയൊണിസിസ്‌ എന്ന ദേവന്റെ മേര എന്ന നായ അതിന്റെ വിശ്വസ്‌തതയുടെയും സ്‌നേഹത്തിന്റെയും പേരിൽ ആകാശത്തിലെ നക്ഷത്രമായി ഉയർത്തപ്പെട്ടു പോലും-“മേര എന്ന ഡോഗ്‌ സ്‌റ്റാർ” ഒന്നിൽ കൂടുതൽ തലകളുളള നായകൾ ഗ്രീക്കു പുരാണങ്ങളിൽ സജീവ സാന്നിധ്യമായി പേടിപ്പെടുത്തുകയും ചെയ്‌തു.

മൃഗങ്ങളെക്കുറിച്ചുളള കഥകൾ എഴുതപ്പെട്ടപ്പോൾ കാട്ടിൽ നിന്നും നാട്ടിലെത്തിയ വീട്ടുമൃഗങ്ങളുടെ കഥകൾ നിരവധി ഉണ്ടായി. കുറുക്കൻ നായകനായ ഈസോപ്പുകഥകൾ പോലെ മാനും ആനയും പക്ഷികളും കഥകളിൽ താമസമുറപ്പിച്ചപ്പോൾ നായകൾ മനുഷ്യന്റെ കാലോടുരുമ്മി തൊട്ടുനിന്നു – അത്തരം കഥകളിൽ അധികമൊന്നും കയറാതെ.

എന്തുകൊണ്ട്‌ നായകൾ ഒറ്റപ്പെട്ടു എന്ന ചോദ്യത്തിന്‌ പ്രത്യേകിച്ച്‌ യാതൊരു കാരണവുമില്ല. കാരണങ്ങൾ ഉണ്ടെങ്കിൽ തന്നെ അവ യുക്തിഭദ്രവുമല്ല തന്നെ. എന്നാൽ ഹിന്ദു പുരാണങ്ങളിലും മലയാള ഭാഷയിലും മലയാള സിനിമയിലും മലയാളിയെ പലതും ഓർമ്മപ്പെടുത്താൻ എണ്ണത്തിൽ വളരെ കുറവാണെങ്കിലും അവയുണ്ട്‌. ആ വഴിയെ നമുക്കൊന്നു നടന്നു നോക്കാം. നായകളെ സംബോധന ചെയ്യുന്ന കുറെ സൂക്തങ്ങൾ ഋഗ്വേദത്തിൽ കാണാം. ആദിവേദത്തിലെ ഒരു സൂക്തത്തിന്റെ മലയാള പരിഭാഷ ശ്രദ്ധിക്കുക.

“അല്ലയോ തവിട്ടുനിറമുളള നായേ-

വെളുത്ത നിറമുളള സരമയുടെ മകനേ-

നീ പല്ലുപുറത്തുകാണിക്കുമ്പോൾ

ആയുധം പോലെ തിളങ്ങുന്നു.

നീ കളളനെയും കൊളളക്കാരനെയും ആക്രമിക്കുക

എന്തിനു വെറുതെ ഇന്ദ്രന്റെ ഭക്തരെ ആക്രമിക്കുന്നു?”

പശുക്കളെ മോഷ്‌ടിച്ചു കടന്നുകളഞ്ഞ കൊളളക്കാരുടെ കയ്യിൽ നിന്നും അവയെ വീണ്ടെടുക്കുന്ന ഇന്ദ്രന്റെ നായയാണ്‌ സരമ. സരമയുടെ മക്കളാണ്‌ യമരാജാവ്‌ വളർത്തിയ നായകൾ എന്നും പരാമർശമുണ്ട്‌. സാരമേയം എന്ന പര്യായപദം നായകൾക്ക്‌ കിട്ടിയതും അങ്ങിനെയാണത്രേ.

മഹാഭാരതത്തിൽ പ്രശസ്‌തമായ രണ്ടുനായക്കഥകളുണ്ട്‌. ഏകലവ്യന്റെ “അമ്പെയ്‌ത്ത്‌ വിദ്യാമാഹാത്മ്യം” തെളിയുന്ന കഥയാണ്‌ ഒന്ന്‌. കുരയ്‌ക്കുന്ന പട്ടിയുടെ വായയ്‌ക്കുളളിൽ, (അത്രയും ചുരുങ്ങിയ സമയത്തിനുളളിൽ) നിരവധി അമ്പുകൾ എയ്‌തിറക്കിയ ചിത്രം ഓർക്കുക. പാണ്ഡവരുടെ സഹചാരിയായ വേട്ടപ്പട്ടിയായിരുന്നു അത്‌.

പിന്നൊന്ന്‌, മഹാഭാരതത്തിന്റെ അവസാനഘട്ടത്തിൽ യമരാജാവ്‌ നായയുടെ വേഷത്തിൽ യുധിഷ്‌ഠിരനെ സ്വർഗ്ഗരാജ്യത്തേക്ക്‌ കൊണ്ടുപോകാനെത്തിയ രംഗം.

രാമായണത്തിലാകട്ടെ നായ വളരെ അപൂർവമായേ വരുന്നുളളൂ. വിശ്വാമിത്രമഹർഷി തന്റെ മക്കളെ ഒരായിരം വർഷത്തേക്ക്‌ നായയിറച്ചി ഭക്ഷിച്ചു കഴിയാൻ ശപിക്കുന്ന ഭാഗമുണ്ട്‌. നായയിറച്ചി അന്നും അനഭിലഷണീയമായിരുന്നു.

ഒരു നായക്കഥ വിശദമായി രാമായണത്തിന്റെ ഉത്തരകാണ്ഡത്തിലുണ്ട്‌. അയോധ്യയിലേക്ക്‌ തിരിച്ച്‌ രാജാവായി വന്നശേഷം രാമൻ നേരിട്ട ഒരു നീതി പ്രശ്‌നം. നായയും ഒരു ബ്രാഹ്‌മണനും തമ്മിലുണ്ടായ വഴക്കിൽ നായ നേരിട്ട അന്യായം പരാതിയായി ശ്രീരാമരാജാവിന്റെ മുന്നിൽ നേരിട്ട്‌ ബോധിപ്പിക്കുന്ന കഥ. ബ്രാഹ്‌മണനെ ശിക്ഷിക്കാൻ അധികാരമില്ലാത്ത കാലത്ത്‌ നായയുടെ വാക്ക്‌ കേട്ട്‌ ശ്രീരാമൻ നീതി നടത്തി ബ്രാഹ്‌മണനെ ശിക്ഷിക്കുന്നു. നായ വാരണാസിയിൽ പോയി പട്ടിണികിടന്ന്‌ മരണംവരെ തപസ്സനുഷ്‌ഠിച്ച്‌ പ്രായശ്ചിത്തവും ചെയ്‌തുവത്രെ.

ആധൂനികസാഹിത്യത്തിൽ നായകളെക്കുറിച്ചുളള കഥകൾ വന്നിട്ടുണ്ടെങ്കിലും വായനക്കാരുടെ മനസ്സിൽ ലബ്‌ധപ്രതിഷ്‌ഠ നേടിയവ വളരെക്കുറച്ചേയുളളൂ.

‘ഹാരിസൺസായ്‌വിന്റെ നായ’ എന്ന കഥ എഴുതിയ തകഴിയുടെ തന്നെ “വെളളപ്പൊക്കത്തിൽ” എന്ന കഥ അദ്ദേഹത്തിന്റെ നല്ല കഥയും നായ നായകനായ മലയാളത്തിലെ ഒരേയൊരു ചെറുകഥയും മലയാളത്തിലെ എക്കാലത്തെയും നല്ല പത്തുകഥകളിൽ ഉൾപ്പെടുന്നതുമാണ്‌. (‘ജയരാജ്‌ എന്ന സംവിധായകൻ ദൂരദർശന്റെ കഥാപൈതൃകം പരമ്പരയ്‌ക്കുവേണ്ടി ഈ ചെറുകഥ ചലച്ചിത്രമാക്കിയിട്ടുണ്ട്‌.) തൊണ്ണൂറ്റി ഒമ്പതിലെ വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നാടൻ നായയുടെ കദനകഥ കഥാകാരൻ നന്നായി വിവരിക്കുന്നു.

പ്രകൃതിയുടെ മാറ്റവും അത്‌ മനുഷ്യനിലും ജന്തുജാലങ്ങളിലും വരുത്തുന്ന വ്യതിയാനവും വിശ്വസനീയമായ രീതിയിൽ ഭൂമിയിൽ എവിടെയും സംഭവിക്കാവുന്ന രീതിയിൽ തകഴി അവതരിപ്പിക്കുന്നുണ്ട്‌. വളർത്തുനായ ജീവിതത്തിനും മരണത്തിനുമിടയിൽ നടത്തുന്ന പരീക്ഷണമാണ്‌ കഥയുടെ ശക്തി. യജമാനന്റെ കൂരയ്‌ക്കുമേൽ ഒറ്റപ്പെട്ട അവൻ തന്റെ കർമ്മങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ജീവിതത്തേയും പ്രകൃതിയെയും ചരിത്രത്തെയും മുഖാമുഖം കാണാൻ ഈ നായ മലയാളിയെ പ്രേരിപ്പിക്കുന്നു. മറ്റൊന്ന്‌ എം.പി.നാരായണപിളള എഴുതിയ ’പരിണാമം‘ എന്ന നോവലാണ്‌. ഇത്രയധികം സംവാദവിവാദങ്ങൾക്ക്‌ ആസ്‌പദമായ മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത്‌ വിപ്ലവം സൃഷ്‌ടിച്ച ഈ നോവൽ സമൂഹത്തിന്റെ മൂല്യങ്ങളുടെ പൊളളത്തരങ്ങൾ പുറത്തു കാട്ടുന്നു. നായയും മനുഷ്യനുമായുളള പ്രധാന വ്യത്യാസം നായയ്‌ക്ക്‌ കളളത്തരമില്ല എന്നുളളതാണ്‌ എന്നും നാരായണപിളള പറയുന്നു.

നായകളുടെ പ്രത്യേകതകളെ ഇത്രയും ആഴത്തിൽ പ്രതിപാദിക്കുന്ന ഒരു മലയാളനോവൽ പരിണാമത്തെപ്പോലെ മറ്റൊന്നില്ലാത്തതിനാൽ നായ സ്‌നേഹികൾ വായിക്കാൻ ശ്രമിക്കേണ്ട നോവലും കൂടിയാണിത്‌. നാരായണപിളളയുടെ സരസപ്രതിപാദനരീതി നായയെ മനുഷ്യകഥാപാത്രങ്ങൾക്കുപരിയായി കാണാൻ അനുവാചകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പെഡിഗ്രി എന്ന പദത്തിന്റെ അർത്ഥവ്യാഖ്യാനങ്ങളിൽ നായകൾ റോൾമോഡലുപോലുമാവുന്ന രംഗങ്ങൾ നോവലിൽ നിരവധിയാണ്‌.

ചലച്ചിത്ര മേഖലയിലാകട്ടെ നായയുടെ യജമാനസ്‌നേഹത്തിന്റെ അനേകം കഥകൾ അഭ്രപാളികളിലായിട്ടുണ്ട്‌. പക്ഷേ മുരളിനായർ സംവിധായം ചെയ്‌ത “പട്ടിയുടെ ദിവസം” കാൻ ഫിലിം ഫെസ്‌റ്റിവലിൽ (2001) പ്രശംസ പിടിച്ചുപറ്റിയ പ്രത്യേകതയുളള ചിത്രമാണ്‌. “പട്ടിയുടെ ദിവസ”ത്തിൽ ഒരു ജനാധിപത്യസംവിധാനം അനിശ്ചിതാവസ്ഥ നേരിടുന്ന സാഹചര്യങ്ങൾ സംവിധായകൻ അവതരിപ്പിക്കുന്നു.

ഒരു ചെറിയ ദേശത്ത്‌ ഭരിക്കുന്ന പ്രഭു അയാളുടെ വിശ്വസ്‌തർക്ക്‌ ജനാധിപത്യം നൽകുന്നു. അവർ അത്‌ ആടിപാടി ആഘോഷിക്കുന്നു. തന്റെ അനുസരണാശീലമുളള പഴയ ഭൃത്യൻ കോരന്‌ അപ്പു എന്ന്‌ പേരായ നായക്കുട്ടിയെ പ്രഭു സമ്മാനിക്കുന്നു. ആ ചെറിയ പട്ടിയെ കോരനും ഭാര്യയും നന്നായി പരിപാലിക്കുന്നു. ഗ്രാമവാസികളും ആ നായയെ സ്‌നേഹിച്ചു. ഒരു ദിവസം അപ്പു ഒരു താറാവിനെ കടിക്കുന്നു, പിന്നെ ഒരു ചെറിയ കുട്ടിയെയും. ഒരു കിംവദന്തി നാട്ടിൽ പരക്കുന്നു-പ്രഭു മനഃപ്പൂർവ്വം തന്നെ പേ പിടിച്ച പട്ടിയെ കോരന്‌ നൽകിയതാണെന്ന്‌.

സമാധാനപരമായ ജനാധിപത്യ അന്തരീക്ഷം ഗ്രാമത്തിൽ തകർന്നുവീണു. പുതിയ നേതാവും ഗ്രാമവാസികളും തങ്ങൾ ഒരിക്കൽ കടപ്പെട്ടിരുന്ന പ്രഭുവിനെതിരാകുകയും ഗ്രാമത്തിന്റെ ഭാവി അലങ്കോലപ്പെടുകയും ചെയ്യുന്നു. ഇന്നത്തെ ജനാധിപത്യസംവിധാനത്തിൽ നായയെന്നല്ല ആരെയും നമുക്ക്‌ പേ ആരോപിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യാം. നമ്മുടെ പല്ലിന്റെ ശൗര്യം യഥാർത്ഥത്തിൽ കുറഞ്ഞുപോകുമ്പോൾ നായയെ അധിക്ഷേപിക്കാം. പാണ്ടൻ നായയുടെ പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന്‌.

ഈ കഥയിൽ നിങ്ങൾക്ക്‌ സദ്ദാംഹുസൈനെയും ജോർജ്‌ബുഷിനെയും കോഫി അന്നനെയും വായിക്കാനായാൽ നായകൾ കൃതാർത്ഥരാവും. അവർക്കെങ്കിലും മജ്ജയിൽ മനുഷ്യസ്‌നേഹം ബാക്കിയുണ്ടല്ലോ.

ചുരുക്കത്തിൽ നായ യജമാനസ്‌നേഹത്തിന്റെയോ നന്ദിസൂചകത്തിന്റെയോ പ്രതീകം മാത്രമല്ലെന്നും നായയുടെ സാന്നിദ്ധ്യം അതീന്ദ്രീയചോദനകളുടെ സജീവപ്രതീകമാണെന്നും സാഹിത്യകാരൻമാരും ചലച്ചിത്രകാരൻമാരും ഒരേപോലെ പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ കർണ്ണപുടങ്ങൾക്ക്‌ കേൾക്കാവുന്ന പരിധിയ്‌ക്കപ്പുറത്തെ ശബ്‌ദത്തിന്റെ തലം നായയ്‌ക്കു കേൾക്കാൻ കഴിയുമെന്ന്‌ ശാസ്‌ത്രം പറയുമ്പോൾ നമുക്കറിയാത്ത പക്ഷേ അറിയേണ്ടുന്ന പല ജീവിത സത്യങ്ങളും അവ തുറന്നുകാട്ടുന്നു. നായയുടെ കുര ജാഗ്രതയുടേതാണ്‌. അതീവ ശ്രദ്ധ എവിടെയൊക്കെ വേണം എന്ന തിരിച്ചറിവ്‌ ഇല്ലാതെ പോകുന്നത്‌ നാം മനുഷ്യർക്ക്‌ മാത്രമാണ്‌ എന്ന്‌ വിളിച്ചോതുന്നവയാണ്‌ നായകളുടെ കുരകളെപ്പോഴും… കഥകളിലായാലും.

(പാലക്കാട്‌ ഇൻസ്‌ട്രമെന്റേഷൻ ലിമിറ്റഡിലെ ഐ ടി സെന്റർ മേധാവിയാണു ലേഖകൻ)

Generated from archived content: essay3_feb10.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English