ആത്മകഥ

ആത്മകഥകൾ കൂടുതൽ വിൽക്കുന്ന കാലമാണിത്‌-ലൈംഗിക തൊഴിലാളിയായ സ്‌ത്രീയുടെ കഥ ചൂടപ്പം പോലെ വിറ്റപ്പോൾ ചാനൽ ഡയറക്‌ടർ ചതുരവടിവിൽ “മാഡം ഇനി എന്തുചെയ്യാൻ പോകുന്നു സാഹിത്യത്തിൽ?” എന്ന്‌ അവരോട്‌ ചോദിച്ചു.

അപ്പോൾ മുതൽ തുടങ്ങിയതാണ്‌ എനിക്ക്‌ ആത്മകഥയെഴുതണമെന്ന ആഗ്രഹം.

കൂടെ പ്രവർത്തിച്ചവരെ ദുഷിച്ച്‌ ‘എന്നെക്കൊണ്ട്‌ ഞാൻ തോറ്റു’ എന്ന വീമ്പും ആത്മപ്രശംസയുംകൊണ്ട്‌ നിറയ്‌ക്കാനല്ല എന്റെ കഥ. എന്റെ കഥ എഴുതിയ ദശാബ്‌ദങ്ങൾ കഴിഞ്ഞ്‌ ആ കഥ വെറും കഥയായിരുന്നെന്നും നീർമാതളം ‘ജെട്രോപ്പ’ എന്ന ബയോഡീസൽ ഉല്പാദിപ്പിക്കാവുന്ന കടലാവണക്കിൻ കായയായിരുന്നെന്നും പറയാൻ ഉദ്ദേശം തീരെ ഇല്ല.

എന്റെ സാന്നിദ്ധ്യം തിരിച്ചറിയാത്ത വൻ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ, എന്നെ ശ്രദ്ധിക്കാത്തവർ കൂടുതൽ ഉണ്ടെന്നിരിക്കെ എന്റെ ആത്മകഥ വിൽക്കാൻ തുടങ്ങിയാൽ എന്റെ സാന്നിദ്ധ്യം കലാപരമായ വൻ വിവാദത്തിന്‌ വഴിവയ്‌ക്കും. അപ്പോൾ പല അവാർഡുകൾ കൈകളിൽ നിന്നും ഷോക്കേസിൽ നിന്നും പോക്കറ്റിൽ നിന്നും ‘ഫാസ്‌റ്റ്‌ റീവൈൻഡായി’ കൊടുത്ത കൈകളിൽ എത്തും. കൊത്തിയ പാമ്പ്‌ വിഷമിറക്കും.

എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇത്രയും പറഞ്ഞപ്പോൾ നിങ്ങൾ ആധുനിക കഥാകൃത്തുക്കളുടെ കഥാചാപല്യത്തിന്റെ ചുറ്റിക്കളിയിൽ പെട്ട്‌ ദുരൂഹതയിൽ വലഞ്ഞിരിക്കാം.

പുതുകഥകളും കവിതകളും വായിച്ച്‌ പലതും മനസ്സിലാകാതെ ഇരിക്കുന്ന വായനക്കാരൻ ആകെ ക്ഷമകെട്ട്‌ നളിനി എടുത്ത്‌ ഉറക്കെ വായിക്കുന്നത്‌ ഇവർക്ക്‌ അറിയുമോ എന്തോ? നളിനി എന്ന്‌ പറഞ്ഞപ്പോൾ തന്നെ നിങ്ങൾ നളിനി ജമീലയെ ഓർത്തൂ അല്ലേ? കാലം ഇപ്പോ ഇങ്ങനെയൊക്കെയാണ്‌. ആശാന്റെ ‘നളിനി’യെപ്പറ്റിയാണ്‌ ഞാൻ പറഞ്ഞത്‌. നളിനി ഉറക്കെ ചൊല്ലുന്ന സുഖം ഇപ്പോൾ ആർക്കറിയാം.

-ഇനിയും ഞാനാരാണെന്ന്‌ പറഞ്ഞില്ല-ക്ഷമിക്കണം.

ഞാൻ നിങ്ങളുടെ സൂപ്പർ താരത്തിന്റെ ഇടതുകൈയ്യിലെ ചെറുവിരലിൽ കിടക്കുന്ന കല്ലുവെച്ച മോതിരം മാത്രമാണ്‌. താരം ഭ്രാന്തനായാലും കമ്മീഷണറായാലും ഇറച്ചിക്കച്ചവടക്കാരനായാലും ഭിക്ഷക്കാരനായാലും എന്നെ ഊരിവയ്‌ക്കാറില്ല-ഡയറക്‌ടർക്ക്‌ അഴിച്ചുവയ്‌ക്കാൻ പറയാൻ പേടി. കാഴ്‌ചക്കാർ അസ്വസ്ഥരാകാൻ സാധ്യതയില്ലത്രേ! അവർ താരത്തെ മാത്രമേ ശ്രദ്ധിക്കുന്നുളളൂവത്രേ-എന്നെ ശ്രദ്ധിക്കാറില്ലത്രേ. സഹോദരിയേയോ കാമുകിയേയോ ഭാര്യയേയോ തലോടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുമ്പോൾ മാത്രമേ ഞാൻ ക്ലോസപ്പിൽ വരികയുളളൂ.

താരത്തിന്റെ കഥ, അറിഞ്ഞോ അറിയാതെയോ എന്റെ കഥയ്‌ക്കകത്ത്‌ വരുത്തുകയാണെങ്കിൽ സംഭവബഹുലമായ ഒരു പുസ്‌തകം നിങ്ങൾക്ക്‌ ലഭിക്കും. അപ്പോൾ നിങ്ങൾ പറയും ‘ഇവനാണ്‌ താരം’ – അതുവേണ്ട-ചീഞ്ഞ കഥകളേയും പുതുനടികളേയും ചാടിക്കടന്ന്‌ എന്റെ കഥ വേറെ വഴി തുടരട്ടെ.

മോതിരധാരികളെ കാണാത്ത ദിവസം ഉണ്ടോ നിങ്ങളുടെ ജീവിതത്തിൽ? ചൂണ്ടുവിരലിലും ചിലപ്പോൾ പത്തു വിരലുകളിലും എന്റെ സഹപ്രവർത്തകരെ ധരിച്ചുവശായവർ! തെറ്റായി ധരിച്ചവർ! അങ്ങിനെ എത്രപേർ.

സിനിമക്കാരുടെയും സാഹിത്യകാരൻമാരുടെയും ഇത്തരം വിരലുകൾ ഏതു വിശ്വാസങ്ങളിലേക്കാണു വിരൽ ചൂണ്ടുന്നത്‌. പിന്നെയും ആത്മകഥ വഴി തിരിച്ചു വേണ്ടാത്ത മേഖലകളിൽ വ്യാപരിച്ചു തുടങ്ങി. ഇത്‌ എല്ലാ ആത്മകഥാകാരൻമാരുടെയും ഒഴിവാക്കാനാവാത്ത വഴി തന്നെയാണ്‌.

എനിക്ക്‌ കഥ നിറുത്തേണ്ടിവരും. ഇടയ്‌ക്ക്‌-അതോർമ്മിപ്പിച്ചുകൊണ്ട്‌ എനിക്ക്‌ പറയാൻ കഴിയുന്നത്ര പറയാം ക്ഷമിക്കുമല്ലോ?

കൈവിരലിൽ ഞാന്നു കിടക്കാതെ ചുറ്റിപ്പിടിച്ചു കിടക്കുമ്പോൾ ഞാനനുഭവിച്ച ഒരു അസ്വസ്ഥത ആദ്യം പങ്കുവയ്‌ക്കാം.

5 വയസ്സ്‌ കുട്ടിയെ താരാട്ടു പാടുകയും ഒക്കത്തെടുത്ത്‌ നടക്കുകയും ചെയ്‌ത നിങ്ങളുടെ താരം കുറച്ചു വർഷങ്ങൾക്കുശേഷം ആ കുട്ടിയെ കാമുകിയായും ഭാര്യയായും മാറിൽക്കിടത്തിയപ്പോൾ ഞാൻ അനുഭവിച്ച അസ്വസ്ഥത.

തലോടുന്ന വിരലിലെ ഞാൻ വ്യത്യാസമില്ലാതെ പഴയതുപോലെ സാക്ഷിയായി നിന്നു. അവളുടെ കുട്ടിയേയും ഇപ്പോൾ ഞാനും വിരലും കൈയ്യും താരവും താരാട്ടു പാടി മടിയിൽക്കിടത്താൻ സമയമടുത്തിരിക്കുന്നു. പിന്നെ ഇവളും കാമുകിയായി മേക്കപ്പിടാൻ കുറച്ചുകാലം മതിയാവും.

ക്യാമറാക്കണ്ണിൽ ഞാൻ ഒരു താരമേ അല്ലായിരിക്കാം-പക്ഷേ എന്റെ സാന്നിദ്ധ്യമാണ്‌ അയാളുടെ ഈ നിത്യകാമുക ചൈതന്യത്തിന്റെ ആധാരം എന്ന്‌ ക്ലാപ്പടിക്കുന്നവർക്കും ലൈറ്റ്‌ ബോയ്‌സിനും മാത്രമേ അറിയൂ എന്നില്ല. സിനിമ വിൽക്കണമെങ്കിൽ എന്നെപ്പോലെയുളളവരും സമയദോഷം നോക്കുന്നവരും ഇൻഡസ്‌ട്രിയിൽ ഉണ്ടാവണം എന്ന നിഷ്‌കർഷ ലിഖിത നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരാതെ പറ്റില്ല.

എന്റെ കഥയ്‌ക്ക്‌ ‘കട്ട്‌’ പറയാൻ ആരൊക്കെയോ തിടുക്കം കാട്ടുന്നു. എന്റെ മനസ്സിൽ തോന്നുന്നതല്ലേ എനിക്ക്‌ പറയാനാവൂ? നിങ്ങളുടെ മനസ്സിൽ തോന്നുന്നത്‌ നിങ്ങളും പറഞ്ഞോളൂ.

ഞാൻ മുമ്പു പറഞ്ഞ “നടിയുടെ കുട്ടി” എന്ന പ്രയോഗം എന്നെ വെട്ടിലാക്കിയതായി ചാനലിലെ ബ്രേക്കിംഗ്‌ ന്യൂസ്‌ ദാ കാണുന്നില്ലേ? ഇതാണ്‌ പറഞ്ഞത്‌. ഒരാത്മകഥാത്തുമ്പത്തിരിക്കാൻ എന്നേപ്പോലുളളവർക്കാവില്ല.

എന്തായാലും എന്റെ മനസ്സിൽ ഒരേയൊരാഗ്രഹം മാത്രമേയുളളൂ.

എന്റെ ശക്തിയിൽ വിരാജിക്കുന്ന എന്റെ യജമാനൻ ഒരു ഫിഡൽ കാസ്‌ട്രോയെപ്പോലെ അജയ്യനായി മരിക്കാതെ ഇരിക്കാൻ ഓരോ ക്യൂബക്കാരനും ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിക്കുന്നു.

ഞാൻ പറ്റിയിരിക്കുന്ന വിരലടക്കം കൈയ്‌ നീണ്ടുപോകുന്നതെവിടേയ്‌ക്കാണ്‌? ചുരുട്ടുപായ്‌ക്കറ്റിലേക്ക്‌-വലിയ്‌ക്കുന്ന ചുരുട്ടിന്റെ തുമ്പും പുകച്ചുരുളും ക്ലോസ്സപ്പായി നിങ്ങളുടെ കണ്ണിനെ മറയ്‌ക്കുന്നുണ്ടോ ഇപ്പോൾ?

Generated from archived content: essay1_oct05_05.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here