കഥയെഴുതാനിരുന്ന അയാൾ ചിന്തയിലാണ്ടിരുന്നു. എഴുത്തുമുറിയുടെ ഭിത്തി അയാൾ ശ്രദ്ധിച്ചത് പെട്ടെന്നാണ്. മകൻ അവിടെ കരിക്കട്ടയിലും ക്രയോൺസിലും കുത്തി വരച്ച ചിത്രങ്ങൾ കണ്ട് ദേഷ്യപ്പെട്ടു. വിലകൂടിയ വെതർ പ്രൂഫ് പെയിന്റിംഗിന് ചെലവാകിയ തുകയോർത്തപ്പോൾ ദേഷ്യം കൂടി.
ഭാര്യയെ വിളിച്ചു.
മകന്റെ കുസൃതിയ്‌ക്ക് ഒരു പീലിത്തണ്ടിന്റെ തല്ലുപോലും നൽകാത്ത യശോദയെ- അവൾ ഇത്തരത്തിലുളള യശോദയായതെങ്ങനെയെന്നറിയുമോ? വനിതാ മാസികയിലെ കൗൺസലിംഗ് പംക്തികൾ, ലേഖനങ്ങൾ- അതിലെ ഉദ്ധരണികൾ കൊണ്ട് അവൾ എന്റെ ദേഷ്യം കുറയ്‌ക്കാൻ വെണ്ണ പുരട്ടുന്നു.
“പ്രസിദ്ധ മനഃശാസ്‌ത്രജ്ഞൻ എഴുതിയിട്ടുണ്ട്. ”ഇത്തരം ‘കാക്കരുപൂക്കുരു’ കുത്തി വരച്ച കുട്ടിയായിരുന്നു രാജാ രവിവർമ്മ. അറിയുമോ നിങ്ങൾക്ക്? അവൻ വരയ്‌ക്കട്ടെ.“
അയാൾക്ക് സഹതാപം കലർന്ന ദേഷ്യം ഇരട്ടിച്ചു.
പുതിയ രക്ഷാകർത്താക്കൾക്ക് ഉപദേശം നൽകുന്ന വനിതാ മാസികാലേഖനങ്ങൾ അയാളുടെ മകന് ഉത്തേജനം പകർന്നു അമ്മ വഴി.
ഞാൻ എന്തെതിരു പറഞ്ഞാലും അവൻ വരയ്‌ക്കും.
ഭാര്യ ഉദാത്തമായ ചിത്രമെന്ന് പറഞ്ഞ് ആനന്ദക്കണ്ണീർ പൊഴിക്കും.
അയാളുടെ ആദ്യ കഥയെ കൃഷ്‌ണൻ നായർ വധിച്ച് ഇനിമേൽ കഥയെഴുതരുതെന്ന് ഉപദേശിച്ചത് അയാൾക്കോർമ്മ വന്നു. പുതു നിരൂപകരും ആധുനിക കഥാകൃത്തുക്കളും രവിവർമ്മ ചിത്രം എന്ന് വിളിച്ചതും.
ഭിത്തിയിൽ കുത്തിവരക്കരുതെന്ന ഉപദേശം സാഹിത്യവാരഫലത്തിൽ അയാളെപ്പോലുളളവരെ ഉദ്ദേശിച്ചായിരുന്നോ??
അയാൾ പിന്നെ എത്രയോ കഥകളെഴുതിയിട്ടുണ്ട്… റിപ്പർ ചുറ്റികയും പീലിത്തണ്ടും ശ്രദ്ധിക്കാതെ തന്നെ.
Generated from archived content: essay1_mar01_06.html Author: r-radhakrishnan
Click this button or press Ctrl+G to toggle between Malayalam and English