കഥ ചെന്നു കഥയോട്‌ കഥ ചൊല്ലി

കഥകൾ അധികം വായിക്കാത്ത സുഹൃത്ത്‌ ചോദിച്ചു-“നിങ്ങൾ കഥകളെഴുതുമ്പോൾ പിന്നിൽനിന്ന്‌ മുന്നോട്ടോ മുന്നിൽനിന്ന്‌ പിന്നോട്ടോ എഴുതുക?”

ചോദ്യം മുഴുവൻ മനസ്സിലായില്ലെങ്കിലും പറഞ്ഞു- “രണ്ടായാലും കഥയുണ്ടാവണം എന്നേയുളളൂ” എഴുത്തുകാരന്‌ എപ്പോഴും എന്തെങ്കിലും ഉത്തരം ഉണ്ടാവും. ഉത്തരത്തിന്‌ മുട്ടില്ല. എന്തിനെക്കുറിച്ചും അഭിപ്രായവും ഉണ്ട്‌. സൂപ്പർ ഹൈവേയായാലും നാനോടെക്‌നോളജിയായാലും നോവൽ തന്നെ എഴുതിക്കളയും. വായനക്കാരന്റെ നിലവാരം എന്തായാലെന്ത്‌?

സുഹൃത്തിനോട്‌ “കഥ എപ്പോഴും സംഭവിക്കാം” “സംഭവിക്കുന്നതൊക്കെ കഥയാകാം.” എന്നൊക്കെ പറഞ്ഞു നോക്കി. ഒരു പാലക്കാട്‌- തിരുവനന്തപുരം അമൃതാ എക്‌സ്‌പ്രസ്‌ യാത്രയെ ഒരു കഥയോ അനേക കഥകളോ ആക്കാം-യാത്രചെയ്യാതെ, യാത്രയെക്കുറിച്ച്‌ എഴുതി കൈനനയാതെ മീൻ പിടിക്കുന്ന എത്ര കഥാകാരന്മാർ നമുക്കുണ്ട്‌? ചാനൽ ജലാശയത്തിൽ വരെ കൈയിട്ട്‌ കഥകൾ അന്യോന്യം മുഖത്ത്‌ ചാണ്ടി രസിച്ച കഥാകാരൻമാരെ കലാകൗമുദിയിൽ കണ്ടില്ലേ? കഥാകൗശലക്കുറുക്കന്മാർ സ്വയം ഈസോപ്പുകൾ ചമഞ്ഞ്‌ എഴുതുന്ന കഥകൾ പറഞ്ഞപ്പോൾ സുഹൃത്തിന്റെ ഐ.ടി വിജ്ഞാനം ഈ-സോപ്പുകഥകളായി അവയെ കണ്ടു. ഈ-മെയിലുകളെപ്പോലെയോ ഈ-ബിസിനസ്സ്‌ പദങ്ങളെപ്പോലെയോ അല്ലാതെ ആ വാക്കിന്‌ വേറെ അർത്ഥങ്ങൾ രൂപം കൊണ്ടു.

മറുപടി കേട്ടയാൾക്ക്‌ തൃപ്‌തിയാകാത്തതുകൊണ്ട്‌ വിശദീകരണം കാടുകയറി. കഥയുടെ സ്വന്തം രൂപം ഇല്ലാതായി ആവിയായി വായനക്കാരുടെ മനസ്സിൽ ഘനീഭവിച്ച്‌ അസ്വസ്ഥതയായി പെയ്‌തിറങ്ങുന്നതിന്‌ കാലഗണനാക്രമം പ്രശ്‌നമാവില്ല. ഭാഷ എങ്ങിനെ ഘനീഭവിക്കുന്നതെന്ന്‌ ഉദാഹരണസഹിതം സമർത്ഥിക്കാൻ നോക്കി.

ആഷാമേനോന്റെ ഭാഷ-“ശൈവ ശൈലങ്ങളിൽ ഷാംപൂ എറ്റിച്ച്‌” എന്ന വരി ഷൈവ ഷൈലങ്ങളിൽ എന്നു നമ്മുടെ മനസ്സിൽ ഘനീഭവിക്കുന്നതു പോലെയല്ല അത്‌ എന്ന്‌ ആഞ്ഞ്‌ സമർത്ഥിച്ചു.

മനുഷ്യന്റെ കഥ എഴുതാൻ കല്പന കിട്ടിയ ആസ്ഥാന സാഹിത്യകാരൻ രാജാവിന്‌ വായിക്കാൻ അഞ്ഞൂറു വോള്യങ്ങൾ എഴുതിക്കൊണ്ട്‌ ചെന്നപ്പോൾ രാജാവ്‌ പറഞ്ഞതെന്തെന്നോ?

“രാജ്യഭാരത്തിരക്കുളളയെനിക്ക്‌ ഇത്രയും വായിച്ച്‌ തീർക്കാനാവില്ല- ചുരുക്കിക്കൊണ്ടു വരൂ.”

അനേക വർഷങ്ങൾ കൊണ്ട്‌ രചിച്ച 500 വോള്യം 100 എങ്കിലുമാക്കി ചുരുക്കുവാൻ പിന്നേയും വർഷങ്ങൾ എടുത്തു. രാജാവിന്റെ ഔദ്യോഗികത്തിരക്കിന്‌ യോജിക്കാത്ത ബൃഹദാഖ്യാനം വീണ്ടും ചുരുക്കാൻ കല്പന കിട്ടി.

രാജാവിന്റെ ആയുസ്സ്‌ തീരും നേരത്ത്‌ ചുരുക്കിയെഴുതപ്പെട്ട കുറഞ്ഞ പേജുകൾ വായിച്ചു കേൾപ്പിക്കാൻ കൊണ്ടുവന്ന നേരത്ത്‌ രാജാവ്‌ ആവശ്യപ്പെട്ടു -“ഇനി വായിക്കാനൊന്നും നേരമില്ല, ചുരുങ്ങിയ വാക്കുകളിൽ പറയൂ” അയാൾ പറഞ്ഞ മൂന്നു വരികൾ ഇതായിരുന്നു- ‘അവൻ ജനിച്ചു. കുറേ സഹിച്ചു. പിന്നെ മരിച്ചു.’

“ഇതു കഥയല്ല, ചരിത്രമല്ലേ?” കഥ വായിക്കാത്ത സുഹൃത്ത്‌ സംശയിച്ചു. “കഥയും ചരിത്രവും വാർത്താ റിപ്പോർട്ടും കവിതയും വരെ അതിർവരമ്പുകൾ നേർത്ത്‌ സമാനരൂപവും ഭാവവും ആർജ്ജിച്ച കാലമാണിത്‌.” ഞാൻ പ്രതിവചിച്ചു.

വായന കുറഞ്ഞ പുതിയ തലമുറയ്‌ക്ക്‌ കഥ പറഞ്ഞു കൊടുക്കുന്നത്‌ ആരൊക്കെയാണ്‌? വിട്ടലാചാര്യയുടെ “പാതാള ഭൈരവി” സിനിമ കാണാത്ത മനോജ്‌ നൈറ്റ്‌ ശ്യാമളൻ, അഥർവ വേദവും ആഭിചാരവും മന്ത്രവാദവും അറിയാത്ത ഹാരിപോട്ടറുടെ സ്വന്തം റൗളിംഗ്‌ മദാമ്മ.

നമ്മുടെ പാരമ്പര്യപുരാണകഥകൾ കേട്ടിട്ടില്ലാത്തവർക്ക്‌ അവ ഹരമാവുകയല്ലേ? നഴ്‌സറിക്കുട്ടിയുടെ മുമ്പിൽ കത്തിച്ച ചന്ദനത്തിരി വായുവിൽ കറക്കി തീരേഖകൾ വരച്ച്‌ അവരെ അത്ഭുതം കൂറിച്ചാൽ നമുക്ക്‌ സ്‌പിൽബർഗ്‌ ആവാനാകുമോ?

സുഹൃത്തിന്റെ ചോദ്യം കഥയുടെ ക്രാഫ്‌റ്റിനെക്കുറിച്ചാണെന്നോർമ്മ വന്നപ്പോൾ കാടുകയറിയ ചിന്ത തിരിച്ച്‌ സ്വന്തം നാട്ടിലെത്തി.

മുപ്പതുവർഷം മുമ്പുളള അടിയന്തിരാവസ്ഥയും കിസാകുർസികായും സ്‌നേഹലതാറെഡ്‌ഡിയും വി.സി.ശുക്ലയും എന്തെന്നും ആരെന്നും മറന്നുപോയവർക്ക്‌ വായിക്കാൻ കഥ കൊടുക്കാൻ എളുപ്പമെന്ന്‌ ഞാൻ വെറുതെ ഓർക്കാറുണ്ട്‌.

പിന്നിൽ നിന്ന്‌ മുന്നോട്ട്‌ (അതോ പിന്നോട്ടോ) ഒരു കഥയെഴുതാൻ തുടങ്ങിയാൽ ഇതൊക്കെ കയറി വരും. ഒരു തുടക്കവും അനേകം ഒടുക്കങ്ങളുമായി പിന്നോട്ട്‌ ഒരു കഥ -ഒടുക്കം ആരുടേയും ഏതൊക്കെ കഥകളുടേയും തുടക്കവുമാകുന്ന ഒരു കഥ.

സുഹൃത്തിന്‌ സമാധാനം കിട്ടിയെന്ന്‌ തോന്നി.

അങ്ങിനെ ഒരു കഥ പറയാൻ മനസ്സിനോടു ആവശ്യപ്പെടുമ്പോൾ ഇൻഫോർമേഷൻ ഓവർ ലോഡ്‌ ആയി പേനത്തുമ്പ്‌ വിങ്ങുന്നു.

‘ബോട്ടിൽ നെക്ക്‌’ എന്ന്‌ മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധർ വിളിക്കുന്ന ന്യൂനത പേനത്തുമ്പിൽ പേനക്കഴുത്തിൽ!

പേന കുടഞ്ഞ്‌, മഷി കുടഞ്ഞ്‌, മനസ്സ്‌ കുടഞ്ഞ്‌ കഥ എഴുതാനിരിക്കുമ്പോൾ ഒത്തിരി അവസാനങ്ങളുളള ഒരു കഥ ചിറകു കുടയുന്നു. നിങ്ങളുടെ ഓരോ മനസ്സിലും പലതായി ഒടുങ്ങാൻ, എല്ലാ ഋതുക്കളിലും ഒരായിരം മഴയായി പെയ്‌തു തീരാൻ.

Generated from archived content: essay1_aug17_05.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here