സ്‌നേഹാദരങ്ങളോടെ….

മുണ്ടൂർ കൃഷ്‌ണൻകുട്ടി മാഷ്‌ ഓർമ്മകളിലേക്ക്‌ പിൻവാങ്ങിയ ദിവസം. മുണ്ടൂര്‌ അനുപുരത്ത്‌ വീട്ടുവളപ്പിലെ തിരക്കിൽനിന്ന്‌ സ്വല്പം മാറിനിന്ന്‌ ഞങ്ങൾ സംസാരിച്ചത്‌ ജീവിതത്തിന്റെ അർത്ഥമില്ലായ്‌മയെക്കുറിച്ചും മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെ കുറിച്ചുമൊക്കെയായിരുന്നു.

പൊടുന്നനെ ഡോക്‌ടർ രാജ്‌കുമാർ ചോദിച്ചു.

“മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ മാഷിന്റെ ആത്മാവ്‌ ഇപ്പോൾ എവിടെയായിരിക്കും?”

മരണത്തിന്റെ ഇരുണ്ട ഗുഹയിലൂടെ യാത്രചെയ്‌ത്‌ തിരിച്ചുവന്ന രാജേഷ്‌ പറഞ്ഞുഃ

“മാഷിപ്പോൾ സ്വർഗ്ഗത്തിലായിരിക്കും.”

എനിക്ക്‌ അങ്ങനെ തോന്നിയില്ല. മാഷിന്റെ ആത്മാവ്‌ ആൾക്കൂട്ടത്തെ നോക്കിക്കൊണ്ട്‌ ഇവിടെ എവിടെയെങ്കിലും ഇരിക്കുന്നുണ്ടാവും. ഞാൻ വെറുതെ ആൾക്കൂട്ടത്തിലേയ്‌ക്ക്‌ നോക്കി. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. മൂടിക്കെട്ടിയ ആകാശം. മരക്കൊമ്പിലിരുന്ന്‌ കാക്കകൾ കരയുന്നു. മാഷിനെ അവസാനയാത്രയ്‌ക്ക്‌ ഒരുക്കുവാൻ തുടങ്ങുകയായിരുന്നു. പുഷ്പചക്രങ്ങൾക്ക്‌ നടുവിൽ കണ്ണാടി പേടകത്തിനുളളിൽ കിടക്കുന്ന മാഷിന്റെ മുഖം വീണ്ടും കാണാൻ എനിക്ക്‌ ധൈര്യം പോരാ. ഈ മുഖമല്ല എന്റെ മനസ്സിലുളളത്‌. മാഷെ നേരിട്ട്‌ കാണുമ്പോൾ എപ്പോഴും ഞാൻ പറയും.

“മാഷ്‌ ഇപ്പോൾ കുറച്ചുകൂടി ചെറുപ്പമായി. മാഷിന്‌ വയസ്സാവുകയേയില്ല. എപ്പോഴും ഇതുപോലെ തന്നെയുണ്ടാവും.”

മാഷിന്റെ അപ്പോഴത്തെ ഒരു ചിരിയുണ്ട്‌.

ആളുകൾ അവസാനമായി ഒന്നു കാണുവാൻ തിരക്കു കൂട്ടുന്നു. എല്ലാരംഗത്തും പ്രവർത്തിക്കുന്നവരുമുണ്ട്‌. ഞാൻ മാറി നിന്നു.

‘ഇത്രമാത്രം ഓർക്കാൻ മാഷ്‌ എന്റെ ആരാണ്‌?’ ഞാൻ എന്നോട്‌ തന്നെ ചോദിക്കുകയായിരുന്നു.

പല സാഹിത്യ സദസ്സുകളിലും അദ്ദേഹത്തിന്റെ കേൾവിക്കാരനായി ഇരുന്നിട്ടുണ്ടെങ്കിലും നേരിട്ടു പരിചയമുണ്ടായിരുന്നില്ല. മാഷിന്റെ അയൽവാസിയും വളരെ അടുത്ത സുഹൃത്തുമായ രഘു വഴിയാണ്‌ എന്റെയൊരു കഥ മാഷ്‌ക്ക്‌ ഞാൻ എത്തിച്ചു കൊടുത്തത്‌. നിന്റെയുളളിൽ ഒരു കഥാകാരനുണ്ട്‌ എന്നെഴുതി ചില തിരുത്തലുകളോടുകൂടി കഥ തിരിച്ചുതന്നു.

എനിക്ക്‌ കഥയെഴുതാനറിയാമെന്ന്‌ മാഷ്‌ പലരോടും പറഞ്ഞതായി ഞാൻ പിന്നീടറിഞ്ഞു. ഒരു എഴുത്തുകാരനാവാൻ മോഹിച്ചു നടക്കുന്ന ഒരാൾക്ക്‌ ഇതിൽപ്പരം എന്ത്‌ പ്രോത്സാഹനമാണ്‌ വേണ്ടത്‌. കാലം കുറെ കഴിഞ്ഞ്‌ എന്റെ കഥകൾ പുസ്‌തകരൂപത്തിലാക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ മാഷ്‌ തന്നെ അവതാരിക എഴുതണമെന്ന്‌ എനിക്കാഗ്രഹമുണ്ടായി. കഥകൾ മുഴുവൻ മാഷെ ഏല്പിച്ചു.

കുറെനാൾ കഴിഞ്ഞിട്ടും ഒരക്ഷരം മിണ്ടുന്നില്ല. ചോദിക്കാൻ എന്റെ ഈഗോ സമ്മതിക്കുന്നുമില്ല. ഷൂട്ടിംഗിന്റെ തിരക്കിനിടയിൽ എന്റെ കാര്യം ഓർക്കാൻ എവിടെ സമയം? എനിക്കു നിരാശതോന്നി.

ഒരു രാത്രി ഒരു ഫോൺവിളി. എന്റെ കഥകളെക്കുറിച്ച്‌, എഴുതിയ ഇഷ്‌ടപ്പെട്ട ചില വരികൾ ഫോണിലൂടെ വായിച്ചു കേൾപ്പിക്കുന്നു. എന്റെ കഥകളെക്കുറിച്ച്‌ ഇത്ര ഭംഗിയായി പറയുക. അതും പ്രശസ്തിയിൽ നില്‌ക്കുന്ന ഒരാൾ. ഇങ്ങനെയുളള മനസ്സുകളെ അത്ര പരിചയം ഇല്ലാത്തതുകൊണ്ടാവാം എനിക്ക്‌ അപ്പോൾ കരച്ചിലാണ്‌ വന്നത്‌.

എന്റെ മകൾ ഗായത്രിയുടെ കവിത മാതൃഭൂമി ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചുവന്നപ്പോൾ ഞാനും മകളും കൂടി എന്റെ പുതിയൊരു കഥയുമായി അനുപുരത്ത്‌ ചെന്നിരുന്നു. അവളെകൊണ്ട്‌ എന്റെ കഥ വായിപ്പിച്ചു കേട്ടു. അവളെക്കൊണ്ട്‌ കവിത ചൊല്ലിച്ചു. മകളെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു. അവളുടെ രചനകൾ സമാഹരിക്കുമ്പോൾ അവതാരിക എഴുതിത്തരാമെന്ന്‌ വാക്കുതന്നു.

ഞാനീക്കാര്യം മാഷിന്റെ അടുത്ത സുഹൃത്തായ സുരേഷിനോട്‌ പറഞ്ഞപ്പോൾ, അദ്ദേഹം പ്രതികരിച്ചത്‌ മാഷ്‌ എല്ലാവരോടും ഇങ്ങനെതന്നെയായിരുന്നു എന്നാണ്‌. മുണ്ടൂർ കൃഷ്‌ണൻകുട്ടി മാഷ്‌ക്ക്‌ അല്ലാതെ മറ്റാർക്കാണ്‌ ഇങ്ങനെയൊക്കെ ആകാൻ കഴിയുക.

Generated from archived content: essay1_june30_05.html Author: pv_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here