യൂണീക്കോഡ് ഫോണ്ടിന്റെ വർദ്ധിച്ച ഉപയോഗവും ഒരു മാധ്യമമെന്ന നിലയിൽ ബ്ലോഗിനെ മലയാളത്തിൽ ഗൗരവമായി എടുത്തുതുടങ്ങിയതും സൈബർസ്പേസിൽ മലയാള സൃഷ്ടികളുടെ ഒരു മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. മലയാളപത്രങ്ങളുടെ സൈറ്റുകൾക്കപ്പുറം വായന ചെന്നിട്ടുള്ള ആർക്കും സാക്ഷ്യപ്പെടുത്താവുന്ന ഒരു സ്ഥിതിവിശേഷമാണത്; പക്ഷേ, അതോടെ ദൈനംദിന ജീവിതത്തിലെ മറ്റു തിരക്കുകൾക്കിടയിൽ നല്ല സൃഷ്ടികൾ കണ്ടിപിടിക്കാനുള്ള സൈബർ വായനക്കാരന്റെ ശ്രമങ്ങൾ ബുദ്ധിമുട്ടു നിറഞ്ഞതോ, അസാധ്യമോ ആയി തീർന്നിരിക്കുന്നു. മലയാളത്തിൽ സ്വയം പ്രസിദ്ധീകരണത്തിന് തുടക്കം കൊടുത്ത പുഴ.കോം ഈ പുതിയ പ്രശ്നത്തിന് പരിഹാരമായി രണ്ടു സൈറ്റുകൾ ഇപ്പോൾ തുടങ്ങിയിരിക്കുന്നുഃ മലയാളം സൃഷ്ടികളുടെ തലക്കെട്ടുകൾ ഏകീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള “കേരള വാർത്തകൾ, മലയാളം സൃഷ്ടികൾ” എന്ന സൈറ്റും. digg.comപോലെ വായനക്കാർക്ക് മലയാളം സൃഷ്ടികൾ ചർച്ച ചെയ്യാനും വോട്ടുചെയ്യാനുമുള്ള ഒരു ഉപാധിയും.
“കേരള വാർത്തകൾ, മലയാളം സൃഷ്ടികളി” (http://news.puzha.com)ൽ ദീപിക, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, എം.എസ്.എൻ മലയാളം, യാഹൂ! ന്യൂസ്, ദാറ്റ്‌സ് മലയാളം തുടങ്ങിയ മലയാളത്തിലെ പ്രമുഖ വാർത്താ സൈറ്റുകളിൽ നിന്നുള്ള വാർത്തകളുടെ തലക്കെട്ടുകൾ ഏകീകരിച്ചു കൊടുക്കുന്നു. അവിടെനിന്ന് വായനക്കാർക്ക് യഥാർത്ഥ വാർത്താശ്രോതസ്സിലേക്ക് പോകാവുന്നതാണ്. പുഴ.കോമിന്റെ സ്വന്തം ഫോണ്ടായ ചൊവ്വര ഉപയോഗിക്കാതെ യൂണീക്കോഡ് ഫോണ്ടാണ് ഈ സൈറ്റിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിട്ടുള്ളത്. ഫോണ്ടുകളുടെ വ്യത്യാസങ്ങൾ പ്രശ്നമാകാതെ വായനക്കാർക്ക് മലയാളം സൃഷ്ടികൾ ഒരിടത്തുനിന്നുതന്നെ കാണാനും വേണ്ടുന്നവ പരതിയെടുക്കാനും ഈ സൈറ്റ് സഹായിക്കുന്നു. വാർത്തകൾ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളും ഈ സൈറ്റിൽ ഉണ്ട്. ഭാവിയിൽ മറ്റു പലതരത്തിലുള്ള സൃഷ്ടികളും ഈ സൈറ്റിൽ ചേർക്കുന്നതാണ്.
“തൊരപ്പൻ” (http://www.thorappan.com അല്ലെങ്കിൽ http:www.puzha.com/puzha/thorappan) എന്ന് ഓമനപ്പേരിട്ടിട്ടുള്ള രണ്ടാമത്തെ സൈറ്റ് മലയാളം സൃഷ്ടികൾ ചർച്ച ചെയ്യുവാൻ വേണ്ടിയാണ്. വായനക്കാർ കണ്ടെത്തുന്ന നല്ല കൃതികളുടെ ലിങ്കുകൾ ഇവിടെ ചേർക്കുകയോ, കൃതികൾ ചർച്ച ചെയ്യുകയോ, ഇഷ്ടപ്പെട്ടവയ്‌ക്ക് വോട്ടുചെയ്യുകയോ ആവാം. വായനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട മലയാളം കൃതികളെ ഉയർത്തിക്കൊണ്ടുവരികയും അത് കൂടുതൽ വായനക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ സൈറ്റിന്റെ പ്രധാനലക്ഷ്യം. മലയാള പുസ്തകങ്ങളും സിനിമകളും അതേ രീതിയിൽ ഈ സൈറ്റിൽ വിലയിരുത്താൻ പറ്റും.
പുഴ.കോം സൈറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന സാമൂഹിക-മാധ്യമ (വെബ്ബ് 2.0) പരിശ്രമങ്ങളുടെ ആദ്യഘട്ടമായായാണ് ഈ രണ്ടു സൈറ്റുകളുടെ പ്രസിദ്ധീകരണം കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഏക ഇന്റർനെറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാ’ണ് പുഴ.കോമും ബന്ധപ്പെട്ട സൈറ്റുകളും പ്രമോട്ട് ചെയ്യുന്നത്.
30 ഒക്ടോബർ 2007
Generated from archived content: news1_oct29_07.html Author: puzha_com