സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാത്ത വ്യത്യസ്‌തമായ അനുഭവങ്ങളുടെ സങ്കലനമായ ജീവിതം കൊണ്ട് നടന്ന തെരുവ് ജീവിതത്തിൽ നിന്ന് കവിത സൃഷ്‌ടിക്കുന്ന മലയാളത്തിലെ ഒറ്റയാനായ കവി എ. അയ്യപ്പൻ (61) അന്തരിച്ചു. പ്രിയ കവിയ്‌ക്ക് പുഴ.കോമിന്റെ ആദരാജ്ഞലികൾ.
വെയിൽ മറന്നവർ എന്ന കവിതാസമാഹാരത്തിലെ എന്റെ ‘ശവപ്പെട്ടി ചുമക്കുന്നവരോട്’ എന്ന കവിത പ്രസിദ്ധീകരിക്കുന്നു.
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്‌ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ
ഉപഹാരം.
മണ്ണു മൂടുന്നതിനുമുമ്പ്
ഹൃദയത്തിൽനിന്ന്
ആ പൂവു പറിക്കണം.
ദലങ്ങൾകൊണ്ട്
മുഖം മൂടണം.
രേഖകൾ മാഞ്ഞ കൈവെള്ളയിലും
ഒരു ദലം.
പൂവിലൂടെ
എനിക്കു തിരിച്ചുപോകണം.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ സമയമില്ലായിരുന്നു.
ഒഴിച്ചുതന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്കൊലിച്ചു പോയ്.
ഇല്ലെങ്കിൽ
ഈ ശവപ്പെട്ടി മൂടാതെ പോകൂ.
ഇനിയെന്റെ ചങ്ങാതികൾ
മരിച്ചവരാണല്ലോ.
Generated from archived content: news1_oct22_10.html Author: puzha_com