റിയാദിലെ ചെരാത് സാഹിത്യ സുഹൃത് വേദി ഷിഫാ അൽ ജസീറ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെറുകഥാ പുരസ്‌ക്കാരത്തിന് പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തും കടവ് അർഹനായി.
മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ആകാശപേടകം’ എന്ന കഥയാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിനർഹനാക്കിയത്.
2006ൽ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയിൽ നിന്ന് അയച്ചു കിട്ടിയ നൂറോളം കഥകളാണ് മത്സരത്തിന് പരിഗണിച്ചത്.
പ്രശസ്ത നോവലിസ്‌റ്റ് സി.വി ബാലകൃഷ്ണൻ, പത്രപ്രവർത്തകൻ ജയൻ ശിവപുരം, റെയിൻബോ ബുക്സ് മാനേജർ എൻ. രാജേഷ് എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌ക്കാരം സെപ്തംബറിൽ റിയാദിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
2004 മുതൽ ഏർപ്പെടുത്തിയ ചെരാത് കഥാ പുരസ്‌ക്കാരത്തിന് ഇതിന് മുമ്പ് എം. കുഞ്ഞാപ്പ, ശ്രീകണ്‌ഠൻ കരിക്കകം എന്നിവരാണ് അർഹരായത്. പ്രസിദ്ധീകൃതമല്ലാത്ത രചനകളായിരുന്നു മുൻമത്സരങ്ങളിൽ പരിഗണിച്ചിരുന്നത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കഥകൾ പുരസ്‌ക്കാരത്തിന് പരിഗണിച്ചു തുടങ്ങിയത് ഈ വർഷം മുതലാണ്.
വിധി പ്രഖ്യാപനച്ചടങ്ങിൽ ഷിഫ അൽ ജസിറ മാനേജർ അഷ്‌റഫ് വേങ്ങാട്ട്, ചെരാത് ഭാരവാഹികളായ ജോസഫ് അതിരുങ്കൽ, റഫീഖ് പന്നിയങ്കര, മുഹമ്മദലി ഇരുമ്പുഴി എന്നിവർ പങ്കെടുത്തു.
Generated from archived content: news1_july31_07.html Author: puzha_com