മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് മാഗസിനായ പുഴ.കോമിന്റെ 8-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ അഖിലലോക ചെറുകഥാ മത്സരത്തിൽ വായനാക്കാർ തിരഞ്ഞെടുത്ത 20 കഥകളടങ്ങിയ ‘പുഴ പറഞ്ഞ കഥ’ എന്ന സമാഹാരത്തിന്റെ പ്രകാശനവും സമ്മാനാർഹമായ മൂന്ന് കഥാകൃത്തുക്കൾക്കുളള പുരസ്‌ക്കാര വിതരണവും 31.8.2008 ഉച്ചയ്‌ക്ക് 12 മണിക്ക് എറണാകുളം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്‌ത സാഹിത്യകാരൻ സേതു നിർവ്വഹിച്ചു. ലോകം ഇന്ന് കൈപ്പിടിയിലേയ്‌ക്ക് ഒതുങ്ങിവരുന്ന ഇക്കാലത്ത് ഇന്റർനെറ്റിൽകൂടിയുള്ള മത്സരം വഴി വിവിധ ഭൂഖണ്ഡങ്ങളിൽ വസിക്കുന്ന പ്രവാസികളായ മലയാളം എഴുത്തുകാർക്ക് അവരുടെ സാഹിത്യസൃഷ്‌ടികൾ വെളിച്ചം കാണാനുള്ള ഒരുപാധിയാണ് പുഴ.കോം ഒരുക്കിയതെന്ന് സേതു വിശദീകരിക്കുകയുണ്ടായി. ഒന്നാം സമ്മാനം നേടിയ ഡോ. സന്ധ്യ തൃശ്ശൂർകാരിയാണെങ്കിൽ രണ്ടാം സമ്മാനം നേടിയ ഷീലടോമി ഖത്തറുകാരിയാണ്. പ്രോത്സാഹന സമ്മാനത്തിനർഹയായ രാധിക പാലക്കാട്ടുകാരിയും. ഇതിനു പുറമെ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ജോലി ചെയ്യുന്ന ജയിൻ ജോസഫും അതുപോലെ ഗൾഫിലും സിംഗപ്പൂരിലും ഇൻഡ്യയിലെ തന്നെ ലക്‌നോവിൽ ജോലി ചെയ്യുന്ന മലയാളി എഴുത്തുകാരും ഇവിടെ ഒത്തുകൂടിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ വഴി ലഭിച്ച ഈ സംസ്‌ക്കാരം സാഹിത്യലോകത്ത് നിലവിലുണ്ടായിരുന്ന എല്ലാ മാമൂലുകളെയും അടിസ്‌ഥാന പ്രമാണങ്ങളെയും മാറ്റി മറിച്ചിരിക്കുന്നു. ഇവിടെ മറ്റേതൊരു ഇന്റർനെറ്റ് മാഗസിൻ കൈവരിച്ചതിനേക്കാളും നേട്ടം പുഴ.കോം നേടിയിരിക്കുന്നു. പുസ്‌തകം ഏറ്റുവാങ്ങി സംസാരിച്ച ഐ.ജി. ആർ.ശ്രീലേഖ ഐ.പി.എസ്, അദ്ധ്യക്ഷപ്രസംഗം നടത്തിയ കെ.എൽ.മോഹനവർമ്മ, ആശംസാപ്രസംഗം നടത്തിയ എം.വി. ബെന്നി, സിപ്പി പള്ളിപ്പുറം എന്നിവരും ഇനിയത്തെ കാലത്ത് പ്രിന്റ് മീഡിയേക്കാളും പ്രാമുഖ്യം നേടുന്നത് പുഴ.കോം പോലുള്ള ഇലട്രോണിക് മാധ്യമ മായിരിക്കുമെന്ന് പറയുകയുണ്ടായി. അവാർഡ് ജേതാക്കളായ ഡോ.സന്ധ്യയും രാധിക.ആർ.എസും സംസാരിച്ചു. പുഴ.കോം, എഡിറ്റർ എം.കെ.ചന്ദ്രശേഖരൻ സ്വാഗതവും, ജിജി റോബി നന്ദിയും പറഞ്ഞു.
Generated from archived content: news1_jan1_08.html Author: puzha_com