പുതിയ നോവൽ – ‘രാധാമാധവം’
ദ്വാപരയുഗത്തിലെ കൃഷ്‌ണൻ ശ്രീമദ് ഭാഗവതത്തിലൂടെയും മഹാഭാരതത്തിലൂടെയും നമ്മുടെ വായനക്കാരുടെ മനസ്സിൽ സ്‌ഥായിയായെന്നോണം കയറിപ്പറ്റിയ അവതാരപുരുഷനാണ്. ബാല്യകാലം ചിലവഴിച്ച അമ്പാടിയിലെ കളിക്കൂട്ടുകാരിയായ രാധയുമായുള്ള കണ്ണന്റെ ചങ്ങാത്തവും അടുപ്പവും ഭഗവൽപ്രിയരായ വായനക്കാരുടെ ഹൃദയത്തിൽ മായാതെ തന്നെ കിടപ്പുണ്ട്. പക്ഷേ, അക്രൂരൻ വന്ന് കൃഷ്‌ണനെ ദ്വാരകയിലേയ്‌ക്ക് പുതിയൊരുകർമ്മകാണ്ഡത്തിന്റെ തുടക്കമിടാൻ കൂട്ടിക്കൊണ്ടുപോകുന്നതോടെ, രാധ ഒറ്റയ്‌ക്കാവുന്നു. കൃഷ്‌ണന് പിന്നീടൊരിക്കലും അമ്പാടിയിലേയ്‌ക്ക് വരാനായിട്ടില്ല. ജയദേവ കൃതിയിലൂടെ രാധാകൃഷ്‌ണന്മാരുടെ അടുപ്പത്തിനും ചങ്ങാത്തത്തിനും പുതിയൊരു മാനം ലഭിച്ചിട്ടുണ്ട്. പക്ഷേ, കൃഷ്‌ണൻ അവിടെയും തിരിച്ച് വന്നതായി പറയുന്നില്ല.
യുഗങ്ങളുടെ മാറ്റമനുസരിച്ച് രാധാകൃഷ്‌ണസങ്കല്‌പം പിന്നെയും കുറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. രാധയുടെ കാത്തിരിപ്പിന് മാത്രം മാറ്റമില്ല. രാധയുടെ കാത്തിരുപ്പ് ഇനി എത്രനാൾ? ആ ഒരന്വേഷണമാണ് പ്രിയ കെ. എഴുതിയ ‘രാധമാധവം’ എന്ന നോവൽ. പുഴ.കോമിൽ ഈ നോവൽ ജനുവരി ആദ്യം മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. പുഴയുടെ പരസഹസ്രം വായനക്കാർക്ക് ഹൃദ്യമായ ക്രിസ്‌മസ് – നവവത്സരാശംസകൾ.
Generated from archived content: news1_dec14_10.html Author: puzha_com