കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ (കെ.കെ.എം.എ) മൂന്നാം വാർഷികത്തോടനുബന്ധിച്ച് ലേഖന മത്സരം സംഘടിപ്പിക്കുന്നു. മണലാരണ്യത്തിലെ കൊടും ചൂടിലും അസ്ഥി തുളക്കുന്ന തണുപ്പിലും സ്വജീവിതം ഹോമിക്കേണ്ടി വരുന്ന സാധാരണ പ്രവാസികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ കെ.കെ.എം.എ സ്ഥാപിക്കുന്ന ഇൻവെസ്‌റ്റ്‌മെന്റ് ക്ലബ്ബിന്റെ മുന്നോടിയാണീ ലേഖന മത്സരം.
“ഗൾഫ് പ്രവാസിയുടെ സുരക്ഷിത ഭാവി-പ്രായോഗിക പരിഹാരങ്ങൾ” എന്നതാണ് വിഷയം.
ഗൾഫിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, സാമൂഹ്യപ്രവർത്തകർ, ഗൾഫിൽ വിയർപ്പൊഴുക്കി ജീവിത വിജയം നേടിയ വ്യാപാരി സമൂഹം എന്നിവർക്ക് ഈ വിഷയത്തിൽ ക്രിയാത്മകമായി എന്ത് ചെയ്യാൻ കഴിയും എന്ന അന്വേഷണത്തിന് ഉത്തരം തേടുകയാണ് കെ.കെ.എം.എ.
* സാധാരണ പ്രവാസിയുടെ തുച്ഛമായ വേതനത്തിൽ നിന്നുളള ചെറിയ സമ്പാദ്യം സമാഹരിച്ച് ക്രിയാത്മകവും പ്രത്യുല്പാദനപരവുമായ മാർഗ്ഗത്തിൽ വിനിയോഗിക്കാനായി എന്ത് പ്രായോഗിക നിർദ്ദേശമാണ് താങ്കൾക്ക് സമർപ്പിക്കാനുളളത്.
* ഗൾഫിലെ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കോ മറ്റ് ഗവർമെണ്ടേതര സ്ഥാപനങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ പ്രവാസികളെ ഒരു നിക്ഷേപ സമ്പാദ്യ സമൂഹമായി പരിവർത്തിപ്പിക്കുന്നതിൽ എന്ത് പങ്കാണ് വഹിക്കാനുളളത്.
ഇന്ത്യയിലോ ഗൾഫ് നാടുകളിലോ അധിവസിക്കുന്ന സംഘടന നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പ്രവാസി എഴുത്തുകാർ, വ്യാപാര പ്രമുഖർ എന്നിവരിൽ നിന്നും മേൽ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടങ്ങുന്ന രചനകൾ ആണ് പ്രതീക്ഷിക്കുന്നത്. രചനകൾ തികച്ചും മൗലികവും ചിന്തോദ്ദീപകവും നിർദ്ദേശങ്ങൾ പ്രായോഗികവും ആയിരിക്കണം. പരീക്ഷിച്ചു വിജയം കണ്ട സംരംഭങ്ങൾ, സംരംഭകരുടെ അനുഭവങ്ങൾ തുടങ്ങിയവ അനുബന്ധമായി ചേർക്കാവുന്നതാണ്.
പൊതു പ്രസ്താവനകളും രാഷ്‌ട്രീയ വീക്ഷണങ്ങളും ഒഴിവാക്കി പ്രായോഗിക നിർദ്ദേശങ്ങൾ അടങ്ങിയ ലേഖനങ്ങൾ ഇംഗ്ലീഷിലോ, മലയാളത്തിലോ ആണ് സമർപ്പിക്കേണ്ടത്. A4 സൈസ് പേപ്പറിൽ ടൈപ്പ് ചെയ്യുകയോ വൃത്തിയിൽ എഴുതുകയോ ചെയ്‌ത ലേഖനങ്ങൾ താഴെ കൊടുത്ത വിലാസത്തിൽ അയക്കേണ്ടതാണ്. രചനകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 30, 2005.
അയക്കേണ്ട വിലാസംഃ KKMA Essay Contest, P.O. Box 47959, Fahaheel, 64030, Kuwait. Email: contest@kkma.net, Fax: 965 4312559.
സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനരംഗത്ത് ചുരുങ്ങിയ കാലയളവിൽ തന്നെ പ്രശംസാർഹമായ നേട്ടങ്ങൾ കൈവരിച്ച ഗൾഫിലെ ഏറ്റവും അംഗബലമുളള സംഘടനയാണ് കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ. യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലേഖന മത്സരത്തിൽ തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ലേഖനത്തിന് 10,000 രൂപ കാഷ് അവാർഡും പ്രശംസാപത്രവും സമ്മാനമായി നല്‌കുന്നതാണ്.
അബ്‌ദുൽ ഫത്താഹ് തയ്യിൽ
കെ.കെ.എം.എ ന്യൂസ് ബ്യൂറോ
Generated from archived content: news1_apr18.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English