അരികുജീവിതങ്ങളെ തേടുന്ന ക്യാമറാക്കണ്ണുകൾ……..

തികച്ചും വ്യത്യസ്‌തമായ കാഴ്‌ചകളിലേക്കാണ്‌ ലിജി പുല്ലപ്പളളി തന്റെ ക്യാമറ ചലിപ്പിക്കുന്നത്‌. പെണ്ണിന്റെ പ്രശ്‌നങ്ങൾ ഒരു കാലത്തിന്റെ പ്രശ്‌നങ്ങളാണെന്നും അവരുടെ നൊമ്പരങ്ങൾക്ക്‌ അറിയപ്പെടാത്ത ചില ആഴങ്ങളും പരപ്പുകളും ഉണ്ടെന്നും ലിജി സാക്ഷ്യപ്പെടുത്തുന്നു. ഒരു അഭിഭാഷകയുടെ രൂപത്തിലും ഒരു ആക്‌ടിവിസ്‌റ്റിന്റെ രൂപത്തിലും ലിജി ‘സ്‌ത്രീ’ എന്ന അവസ്ഥയെ സമീപിക്കുന്നത്‌ വേറിട്ട രീതികളിലൂടെയാണ്‌. അതുതന്നെയാണ്‌ ലിജിയുടെ സിനിമകളും ചിന്തകളും. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ തേടിയുളള ലിജിയുടെ അന്വേഷണം ഏറെ തീവ്രമായ സിനിമകൾ സൃഷ്‌ടിക്കുവാൻ ഇട നല്‌കിയിരിക്കുകയാണ്‌. ‘സഞ്ചാരം’ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌. ചിക്കാഗോയിലെ തിരക്കേറിയ ജീവിതത്തിനിടയിലും കേരളത്തെ സ്‌നേഹിക്കുന്ന ഇവരുടെ വിജയങ്ങൾ മലയാളിക്ക്‌ അഭിമാനിക്കാവുന്നതാണ്‌.

* ‘സഞ്ചാരം’ എന്ന സിനിമയിലേക്ക്‌ എത്തിച്ചേർന്നതെങ്ങിനെ?

1997-ലാണ്‌ എന്റെ രണ്ടാമത്തെ ഷോർട്ട്‌ ഫിലിം ‘ഉളി’ പുറത്തിറങ്ങുന്നത്‌. ഒരു കേരളീയ ഗ്രാമത്തിലെ രണ്ടു പെൺകുട്ടികളുടെയും അവരുടെ ആത്മബന്ധത്തിന്റെയും വേർപാടിന്റെയും അതു സൃഷ്‌ടിച്ച ദുരന്തങ്ങളുടെയും കഥയാണ്‌ ‘ഉളി’.

‘ഉളി’യ്‌ക്കുശേഷം ഞാൻ എന്റെ അഭിഭാഷകവൃത്തിയുടെ ഭാഗമായി സിനിമാരംഗവുമായി കുറെനാൾ വിട്ടുനിന്നു.

ഇതിനിടെ 2000 ജനുവരി 25-ന്‌ എനിക്കൊരു ഫോർവേഡസ്‌ മെയിൽ ലഭിക്കുകയുണ്ടായി. കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ രണ്ടു പെൺകുട്ടികളുടെ അനുഭവമാണ്‌ അതിലുണ്ടായിരുന്നത്‌. സഹപാഠികളായ ഇവരുടെ പ്രണയം സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ അവരുടെ ഒളിച്ചോട്ടത്തിലാണ്‌ കലാശിച്ചത്‌. ഒടുവിൽ വീട്ടുകാർ ഇവരെ കണ്ടെത്തുകയും അവരവരുടെ വീടുകളിലേക്ക്‌ തിരികെ കൊണ്ടുവരികയും ചെയ്‌തു. അടുത്തദിവസം ഇവരിൽ ഒരാളുടെ മൃതദേഹം ഒരു ഡാമിന്റെ റിസർവോയറിൽ ഒഴുകി നടക്കുന്നതാണ്‌ കണ്ടത്‌.

ഈയൊരു മെയിൽ എനിക്ക്‌ ഹൃദയഭേദകമായിരുന്നു. ഈ പെൺകുട്ടികളുടെ അനുഭവവും എന്റെ ഷോർട്ടു ഫിലിമിന്റെ പശ്ചാത്തലവും ഏതാണ്ട്‌ ഒരുപോലെയാണെന്നത്‌ എന്നെ കൂടുതൽ ഉലച്ചു. ഈ വിഷയം ഷോർട്ട്‌ ഫിലിമിനുളളിൽ ഒതുങ്ങേണ്ടതല്ലെന്നും ഇത്‌ ഒരു ഫീച്ചർ ഫിലിമിന്റെ സാധ്യത ഉറപ്പിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞ ഞാൻ പുതിയ സിനിമയ്‌ക്കായുളള കഥാരചന ആരംഭിച്ചു. എന്നാൽ അഭിഭാഷകവൃത്തിയുടെ തിരക്കിൽ കഥാരചന വളരെ ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങിയത്‌.

ഇതിനിടെ സാമൂഹ്യസേവനത്തിനുളള വ്യക്തിഗത പുരസ്‌കാരമായ അമേരിക്കയിലെ സൺഷൈൻ പീസ്‌ അവാർഡിന്‌ ഞാൻ അർഹയായി. ഈ അവാർഡു തുകയുടെ വലിപ്പം എനിക്ക്‌ പുതിയ സിനിമ നിർമ്മിക്കാനുളള അവസരമൊരുക്കുകയായിരുന്നു. എന്റെ കാഴ്‌ചപ്പാടിൽ ഇത്തരമൊരു സിനിമാനിർമ്മാണം ശക്തമായ സാമൂഹിക ഇടപെടലാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

ഈ സമയത്താണ്‌ അവാർഡുകൾ വാരിക്കൂട്ടിയ ‘ഭവം’ എന്ന ചിത്രത്തിന്റെ സംവിധായകൻ സതീഷ്‌ മേനോൻ തന്റെ ചിത്രത്തിൽ സഹകരിക്കാൻ എന്നെ ക്ഷണിച്ചത്‌. ഇത്‌ കേരളത്തിൽ എങ്ങനെ സഹജമായ രീതിയിൽ സിനിമ ചിത്രീകരിക്കാം എന്ന്‌ അറിയാനുളള അവസരം തന്നു. തുടർന്ന്‌ എട്ടുമാസത്തോളം ഞാൻ കേരളത്തിലെ സിനിമാനിർമ്മാണരംഗത്ത്‌ പ്രവർത്തിക്കുകയും ഒപ്പം എന്റെ സിനിമയുടെ രചന തുടരുകയും ചെയ്‌തു. പിന്നീട്‌ ചിക്കാഗോയിൽ തിരിച്ചെത്തിയ ഞാൻ തിരക്കഥയും മറ്റും പൂർത്തിയാക്കി 2003-ൽ വീണ്ടും ഇന്ത്യയിലെത്തി.

അങ്ങനെ ഒടുവിൽ 2004 ജനുവരിയിൽ, ഏതാണ്ട്‌ ‘ഉളി’ എന്ന ഷോർട്ട്‌ ഫിലിം ചെയ്‌ത്‌ ഏഴുവർഷങ്ങൾക്കുശേഷം ഞാൻ ‘സഞ്ചാരം’ എന്ന ഫീച്ചർ ഫിലിം ചിത്രീകരിക്കാനായി കേരളത്തിൽ എത്തി. ഒറ്റപ്പാലമായിരുന്നു ലൊക്കേഷൻ.

രണ്ട്‌ പെൺകുട്ടികളുടെ അതിതീവ്രമായ പ്രണയാനുഭവത്തിന്റെ കഥയാണ്‌ സഞ്ചാരം. ഡൽഹിയിൽ നിന്നും കേരളത്തിലെ തന്റെ തറവാട്ടിലെത്തുന്ന കിരൺ എന്ന പെൺകുട്ടിയുടെയും നാട്ടിലെ ഒരു ക്രിസ്‌ത്യൻ കുടുംബാംഗമായ ദലീല എന്ന പെൺകുട്ടിയുടെയും ഹൃദയവികാരങ്ങളും അവ സൃഷ്‌ടിക്കുന്ന ദുരന്തങ്ങളുമാണ്‌ ഈ ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. വെറുമൊരു ലെസ്‌ബിയൻ കഥ എന്ന നിലയ്‌ക്കല്ല മറിച്ച്‌ ഇത്തരം ബന്ധങ്ങളുടെ സങ്കീർണതകളിലേയ്‌ക്കാണ്‌ ഞാൻ ഈ സിനിമ കൊണ്ടുപോകുന്നത്‌.

* എന്തുകൊണ്ട്‌ ഇത്തരത്തിലൊരു പ്രത്യേക സബ്‌ജക്‌ട്‌ തിരഞ്ഞെടുത്തു?

ഇത്തരത്തിലുളള സംഭവങ്ങൾ ഇന്ത്യയിലും, മറ്റുരാജ്യങ്ങളിലും എന്തിന്‌ എല്ലാ സംസ്‌കാരങ്ങളിലും ഉണ്ടാകുന്നുണ്ട്‌. ഇസ്രയേൽ, ചൈന, യു.എസ്‌ ഇവിടെ നിന്നെല്ലാം ഞാൻ സമാനമായ ഇത്തരം സംഭവങ്ങൾ കേട്ടിട്ടുണ്ട്‌. അതായത്‌ ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്നവർ, പലപ്പോഴും പല സന്ദർഭങ്ങളുടെ പേരിൽ മറ്റ്‌ വിവാഹബന്ധങ്ങൾക്ക്‌ കീഴടങ്ങേണ്ടി വരും. പക്ഷെ ചിലരാകട്ടെ തന്റെ നിസ്സഹായവസ്ഥയിൽ, പ്രതീക്ഷയില്ലാത്ത ഒരവസ്ഥയിൽ ആത്മഹത്യയെ അഭയം പ്രാപിക്കുന്നു. ചിലപ്പോൾ അത്‌ ഒറ്റയ്‌ക്കാവാം, അല്ലെങ്കിൽ തന്റെ സ്വവർഗ്ഗ ഇണയോടൊപ്പമാകാം. ഇത്തരം പ്രശ്‌നങ്ങൾ ഏറെ ചർച്ചചെയ്യേണ്ടതാണ്‌.

* മലയാള സിനിമയ്‌ക്ക്‌ അപരിചിതമായ, തികച്ചും വിവാദം സൃഷ്‌ടിക്കാവുന്ന ഒരു കഥ ഈ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച്‌ എന്തെങ്കിലും മുൻവിധിയുണ്ടോ?

പലരും പലരീതിയിൽ ഈ സിനിമയെ കാണുമെന്ന്‌ ഞാൻ കരുതുന്നു. ചിലർ ഇങ്ങനെ ഇവിടെ സംഭവിക്കില്ലെന്നു പറയും, ചിലർ നിസ്സംഗതയോടെ ഇതിനെ സമീപിച്ചേക്കും. എന്തുതന്നെയായാലും ഇതിലെ ലെസ്‌ബിയൻ കഥാപാത്രങ്ങളുടെ വ്യഥകൾ എല്ലാവരും തിരിച്ചറിയുമെന്ന്‌ ഞാൻ കരുതുന്നു.

* ദീപാമേത്തയുടെ ‘ഫയർ’ എന്ന ചിത്രവും ഒരു ലെസ്‌ബിയൻ ബന്ധത്തെ കേന്ദ്രീകരിച്ചാണ്‌ നിർമ്മിച്ചിട്ടുളളത്‌. സഞ്ചാരവും ഫയറും തമ്മിലുളള താരതമ്യം എങ്ങിനെയായിരിക്കും?

ദീപാമേത്തയുടെ ‘ഫയർ’ ഒരു ലെസ്‌ബിയൻ ബന്ധത്തെ നല്ലപോലെ ചിത്രീകരിക്കുന്ന ഒന്നാണ്‌. ഞാനാ ചിത്രം നല്ലതുപോലെ ആസ്വദിച്ചു. പക്ഷെ ആ ചിത്രത്തിൽ രൂപപ്പെടുന്ന ലെസ്‌ബിയൻ ബന്ധം, തങ്ങളുടെ പുരുഷന്മാരോടുളള അസംതൃപ്തിയിൽ നിന്നും, അനുയോജ്യത ഇല്ലായ്‌മയിൽ നിന്നുമാണ്‌ രൂപപ്പെടുന്നത്‌. അതായത്‌ ഫയറിൽ രണ്ടു സ്‌ത്രീകൾ സ്വവർഗരതി തേടുന്നത്‌ അനുയോജ്യപുരുഷന്റെ അഭാവം കൊണ്ടാണ്‌. എന്നാൽ എന്റെ കാഴ്‌ചപ്പാടിൽ സ്വവർഗരതി എന്നത്‌ വെറും പാരസ്പര്യ ശാരീരികാവശ്യത്തിനപ്പുറത്താണ്‌. ഇവിടെ മനസിന്റെ വലിയൊരു സാന്നിധ്യമുണ്ട്‌.

കൂടാതെ ‘ഫയർ’ ഇംഗ്ലീഷ്‌ ഭാഷയിൽ ഒരു നാഗരിക പശ്ചാത്തലത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. എന്നാൽ ‘സഞ്ചാരം’ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ സ്വവർഗരീതിയെയാണ്‌ വെളിപ്പെടുത്തുന്നത്‌.

* ഈ സിനിമയിലൂടെ എന്തു സോഷ്യൽ അജണ്ടയാണ്‌ ലിജി വെളിപ്പെടുത്തുന്നത്‌?

ഇന്ത്യയിലെ സ്വവർഗാനുരാഗികളെ അരികുജീവികളായാണ്‌ പൊതുസമൂഹം കാണുന്നത്‌. ഇതിനുമാറ്റം വരേണ്ടത്‌ ആവശ്യമാണ്‌. ഇവർക്ക്‌ സാമൂഹികനീതിയും സ്വാതന്ത്ര്യവും നൽകേണ്ടതുണ്ട്‌. പൊതുസമൂഹം ഇവരെ അംഗീകരിക്കാനുളള മാനസികാവസ്ഥ ആർജ്ജിക്കണം. മറ്റുളളവർ സാധാരണവിവാഹം കഴിച്ചു ജീവിക്കുന്നതുപോലെ സ്വവർഗാനുരാഗികൾക്കും ഒരുമിച്ച്‌ ജീവിക്കുവാനുളള അവസ്ഥ ഉണ്ടാകണം. എന്തിന്‌ സ്വവർഗാനുരാഗികളെ കൂടുതൽ അപമാനിക്കുംവിധമാണ്‌, അവരെ പ്രാന്തവത്‌കരിക്കും വിധമാണ്‌ ഇന്ത്യൻ പീനൽകോഡിന്റെ 377 വകുപ്പുപോലും നിലനില്‌ക്കുന്നത്‌.

സ്വവർഗാനുരാഗമെന്നത്‌ ശാരീരികബന്ധങ്ങളുടെ പേപിടിച്ച അവസ്ഥയെന്നാണ്‌ ഇടുങ്ങിയ മനസ്സുളള പലരും കരുതുന്നത്‌. എന്റെ കാഴ്‌ചപ്പാടിൽ ഇത്‌ വെറും ശാരീരിക ആവശ്യമെന്നതിലുപരി ഒരു വൈകാരിക സ്വാതന്ത്ര്യപ്രഖ്യാപനമാണ്‌. ഇത്തരത്തിലുളള വൈകാരിക മാനസിക അടുപ്പങ്ങളുടെ ചെറിയൊരു പ്രതിഫലനം മാത്രമാണ്‌ ഇവരുടെ ശാരീരിക അടുപ്പങ്ങൾ. ആദരവോടും സ്‌നേഹത്തോടും കൂടി ഇവരെ മനുഷ്യരെന്ന നിലയിൽ നാം മനസ്സിലാക്കണം.

ഒട്ടേറെ സമ്മർദ്ദങ്ങൾക്കു വഴങ്ങി, ഒടുവിൽ ആത്മഹത്യയിലേക്കു നീങ്ങുന്ന സ്വവർഗാനുരാഗികളെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരാനും, ശക്തമായി മുന്നോട്ടു പോകാനും എന്റെ ഈ സിനിമയ്‌ക്ക്‌ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്‌. ഇതുതന്നെയാണ്‌ ഈ സിനിമയുടെ സോഷ്യൽ അജണ്ട.

* അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളും സിനിമാ ആസ്വാദക കൂട്ടായ്‌മകളും എങ്ങിനെയാണ്‌ സഞ്ചാരത്തെ സ്വീകരിച്ചത്‌?

ധാരാളം ഫിലിം ഫെസ്‌റ്റിവലുകളിലേക്ക്‌ ‘സഞ്ചാര’ത്തെ ക്ഷണിച്ചുകൊണ്ടുളള കത്തുകൾ കിട്ടുന്നുണ്ട്‌. അമേരിക്കയിലെ പ്രധാന ഫിലിം ഫസ്‌റ്റുവലുകളായ ന്യൂയോർക്ക്‌ ലോസ്‌ ഏഞ്ചലസ്‌, ടൊറാൻന്റോ, സീട്ടിൽ എന്നിവയിൽ ‘സഞ്ചാരം’ പ്രദർശിപ്പിക്കുന്നുണ്ട്‌.

മുധ്യധാരാ മാധ്യമങ്ങളിൽ വന്ന റിവ്യൂകൾ, ഈ സിനിമയെ ഏറെ അംഗീകരിക്കുന്നുണ്ട്‌. വെറും കഥ പറച്ചിലിനപ്പുറം നവ്യമായ ഒരു ദൃശ്യാനുഭവം ഈ സിനിമ നല്‌കുന്നുവെന്ന്‌ അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഇപ്പോൾതന്നെ മൂന്നോളം അവാർഡുകൾ സഞ്ചാരം നേടിക്കഴിഞ്ഞു. ഏറ്റവും നല്ല ചിത്രത്തിനുളള ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ അവാർഡ്‌, ജോൺ എബ്രഹാമിന്റെ പേരിലുളള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം, നവജാത സംവിധാന പ്രതിഭയ്‌ക്കുളള ബാംഗ്ലൂരിലെ ലങ്കേഷ്‌ അവാർഡ്‌ എന്നിവയ്‌ക്ക്‌ സഞ്ചാരം അർഹമായി.

* അമേരിക്കൻ മലയാളികളുടെ സമരപൂർണമായ ജീവിതവും അവരുടെ വിജയങ്ങളും ഒരുപാട്‌ നാം കേട്ടിട്ടുണ്ട്‌. എന്നാൽ ഈ വിഷയങ്ങളൊന്നും അത്ര നന്നായി നമ്മുടെ സാഹിത്യത്തിലോ സിനിമയിലോ പ്രതിപാദിച്ചിട്ടില്ല. അങ്ങിനെ ഒരു ശ്രമത്തിന്‌ താങ്കളെ പോലെയുളളവർ ഇടപെടുമോ?

അമേരിക്കൻ മലയാളികളുടെ പ്രശ്‌നങ്ങൾ എന്റെ സൃഷ്‌ടികളിൽ കൊണ്ടുവരാൻ ഞാൻ തീർച്ചയായും ശ്രമിക്കും. ഞാനൊരു അമേരിക്കൻ മലയാളിയായതിൽ അഭിമാനിക്കുന്നുണ്ട്‌. അതുപോലെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ഞാൻ ഉൾക്കൊളളാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്‌.

* ലെസ്‌ബിയനിസം പോലെ വിവാദപരമായ അല്ലെങ്കിൽ പൊതുസമൂഹം നിരാകരിക്കുന്ന ഒരു വിഷയം തിരഞ്ഞെടുത്തപ്പോൾ അമേരിക്കൻ മലയാളി സമൂഹം എങ്ങിനെയാണ്‌ പ്രതികരിച്ചത്‌?

വളരെ പോസിറ്റീവായാണ്‌ എന്റെ സിനിമയെ ഇവിടെയുളളവർ സ്വീകരിച്ചത്‌. സത്യത്തിൽ ലെസ്‌ബിയനിസത്തെ ഒരു വിഷയമായി തിരഞ്ഞെടുത്തപ്പോൾ യാതൊരുവിധ എതിർപ്പുകളും ഞാൻ നേരിടേണ്ടി വന്നില്ല, മറിച്ച്‌ ഇങ്ങിനെയൊരു വിഷയം തിരഞ്ഞെടുത്തതിൽ പലരും എന്നെ അഭിനന്ദിക്കുകയാണ്‌ ചെയ്‌തത്‌.

ഇപ്പോൾ തന്നെ അമേരിക്കയിലെ രണ്ടു യൂണിവേഴ്‌സിറ്റികളും ഇറ്റലിയിലെ ഒരു യൂണിവേഴ്‌സിറ്റിയും അവരുടെ ഫെമിനിസ്‌റ്റ്‌ പഠനങ്ങൾക്കായി ഈ സിനിമയെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്‌.

* താങ്കൾ മുഖ്യമായും ഒരു ആക്‌ടിവിസ്‌റ്റാണോ? അതോ ഫിലിം മേക്കറാണോ? അതായത്‌ സിനിമയിൽ താങ്കളുടെ സോഷ്യൽ അജണ്ടയോടാണോ അതോ സിനിമയുടെ സൗന്ദര്യപരമായ ഘടകങ്ങളോടാണോ താങ്കൾ കൂടുതൽ നീതിപുലർത്തുന്നത്‌?

ഞാൻ മുഖ്യമായും ഒരു ആക്‌ടിവിസ്‌റ്റ്‌ തന്നെ. എങ്കിലും എന്റെ സിനിമ ഒരു സുവിശേഷ പ്രസംഗത്തിന്റെ രീതിയിലാക്കാൻ ഞാൻ താത്‌പര്യപ്പെടുന്നില്ല. എന്റെ സിനിമ കാഴ്‌ചക്കാർക്ക്‌ ആസ്വദിക്കാൻ കഴിയുന്നതുകൂടിയാകണം. അതിനുവേണ്ടതെല്ലാം ഞാൻ സിനിമയിൽ ഉൾപ്പെടുത്തും

* ലിജി ഒരു ഫിലിംമേക്കർ എന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇനി വരുംകാലങ്ങളിലെ പ്രവർത്തനം എന്തായിരിക്കും. 2000-ൽ വന്ന ഇ-മെയിൽ സന്ദേശം പോലെ ഇൻസ്‌പിരേഷൻ ഉണ്ടാക്കുന്ന എന്തെങ്കിലും കിട്ടിയാൽ മാത്രമാണോ അടുത്ത സിനിമയിലേയ്‌ക്കോ മറ്റോ കടക്കുക.?

ഞാൻ ഏതാണ്ട്‌ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോൾ ഒരു തിരക്കഥയുടെയും ഒരു നോവലിന്റെയും പണിപ്പുരയിലാണ്‌. കഥ പറയുക എന്നത്‌ എന്റെ ഒരു ജീവിതഭാഗമായിത്തീർന്നിരിക്കുകയാണ്‌. കുറച്ചു നല്ല ചിത്രങ്ങൾ നിർമ്മിക്കണം. ഒരു നോവലെങ്കിലും ഈ ജീവിതക്കാലത്തിനുളളിൽ പുറത്തിറക്കണം. അതിനുവേണ്ടിയൊക്കെ ഞാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.

കമലാദാസിന്റെ ‘എന്റെ കഥ’യെ മനസ്സിലേറ്റുന്ന, അരുന്ധതി റോയിയെയും ഐസക്‌ അസിമോവിനെയും ആരാധിക്കുന്ന, ‘മെട്രിക്‌സ്‌’ എന്ന സിനിമയുടെ സങ്കീർണതകളെ ഇഷ്‌ടപ്പെടുന്ന ലിജിയുടെ സ്വപ്‌നങ്ങൾ ഏറെയാണ്‌. അടൂരിന്റെയും ഷാജി.എൻ.കരുണിന്റെയും സിനിമാരീതികളോട്‌ സമരസപ്പെട്ടു പോകാൻ ആഗ്രഹിക്കുന്ന ലിജിയുടെ വരുംകാല സൃഷ്‌ടികൾ മലയാള സിനിമാ ഇടങ്ങളിൽ ഏറെ മാറ്റങ്ങൾ തീർക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ക്യാമറക്കാഴ്‌ചകളുടെ സൗന്ദര്യങ്ങൾക്കിടയിലൂടെ മനുഷ്യന്റെ അതിസങ്കീർണ്ണ ജീവിതസമസ്യകളെ വരച്ചുകാട്ടാൻ വെമ്പുന്ന ലിജിയുടെ വഴികൾ പാരമ്പര്യ സിനിമാരീതികളെ തിരുത്തുമെന്നത്‌ തീർച്ച.

Generated from archived content: interview1_may18.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English