സംഗീതത്തിന് കരകളില്ലെന്നും കൽമതിലുകളില്ലെന്നും തെളിയിച്ചു ഹൈദരാലി. പാട്ടുകാരൻ ചരിത്രമാകണമെങ്കിൽ, അവൻ പാട്ടുപാടി ചില സാമൂഹ്യ നിർമ്മിതികൾ നടത്തേണ്ടതുണ്ട്. ഹൈദരാലി അതുകൊണ്ടാണ് ചരിത്രമാകുന്നത്. പാട്ടുകാരൻ മൊയ്‌തൂട്ടിയുടെ മകന് പാടാൻ ഹരിപ്പാട്ട് മഹാദേവക്ഷേത്രത്തിന്റെ കൽമതിൽ പൊളിക്കേണ്ടിവന്നതുതന്നെ ഇതുകൊണ്ടാണ്. ഒടുവിൽ മഹാദേവനിഷ്‌ടം ഈ മാപ്പിളയുടെ പാട്ടാണെന്ന് തിരിച്ചറിഞ്ഞവർക്ക് ഒടുവിൽ ക്ഷേത്രാങ്കണത്തിലേക്ക് പാട്ടുകാരനെ ഹൃദയപൂർവ്വം സ്വീകരിക്കേണ്ടിവന്നു.
ഹൈദരാലിയുടെ ജീവിതം വഴിതെറ്റി വന്ന ഒന്നല്ല. മറിച്ച് നിശ്ചയദാർഢ്യത്തിന്റെ സംഗീതത്തോടുളള സ്‌നേഹത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ഓരോ കഥകളി പദത്തിനും ഹൃദയത്തിന്റെ സംഗീതം കൂടി അലിയിച്ചുകൊടുത്തു ഹൈദരാലി. ഒരു മുസൽമാന്റെ കഥകളി സംഗീതത്തിന് ഇമ്പമേറിയതും ഇതുകൊണ്ടുതന്നെ. ഒരു കാറപകടത്തിൽ പൊലിഞ്ഞു പോകേണ്ടതായിരുന്നില്ല ഈ ജീവിതം. ഇനിയും പല തലമുറകൾക്ക് നേരറിവുണ്ടാകാൻ ഈ ജീവിതം ഇവിടെ വേണമായിരുന്നു. വിധിയെന്നു പറഞ്ഞ് ആശ്വസിക്കുന്നതിലുപരി ഒരു പാഠമായി വേണം നാം വരും തലമുറയ്‌ക്ക് ഹൈദരാലിയെ ഓർമ്മപ്പെടുത്തേണ്ടത്.
Generated from archived content: essay1_jan06_06.html Author: puzha_com