അയ്യപ്പപ്പണിക്കർക്ക്‌ ആദരാജ്ഞലികൾ

എഴുതുവാൻ ഒട്ടേറെ ബാക്കിവെച്ചാണ്‌ അയ്യപ്പപ്പണിക്കർ യാത്രയായത്‌. കവിതയുടെ വഴികളിലൂടെയുളള യാത്രയിൽ അയ്യപ്പപ്പണിക്കർ ദർശിച്ചതെല്ലാം വ്യതിരിക്തമായ കാഴ്‌ചകളായിരുന്നു. നൊമ്പരവും വേർപാടും ജീവിതത്തിന്റെ ഫലിതങ്ങളാണെന്ന തിരിച്ചറിയലിൽ ഈ കവി എഴുതുമ്പോൾ ഇവയെല്ലാം വെറും ചിരിയിൽ മാത്രമൊതുങ്ങാതെ അനുഭവങ്ങളുടെ ആഴത്തിലുളള സ്പർശമാണ്‌ പകർന്ന്‌ നല്‌കുന്നത്‌. മലയാള കവിത അയ്യപ്പപ്പണിക്കർക്ക്‌ മുൻപും പിൻപും എന്ന മാപിനി തെറ്റല്ലെന്ന്‌ കാലം തെളിയിച്ചു കഴിഞ്ഞു എന്നത്‌ സത്യം. വൈവിധ്യങ്ങളുടെ പരപ്പിൽ മാത്രം ഒതുങ്ങാതെ ഓരോ വൈവിധ്യ രചനാരീതികളിലും ഉൾക്കാമ്പ്‌ സൃഷ്‌ടിച്ച കവിയായിരുന്നു അദ്ദേഹം. തന്റെ കവിതകളിലൂടെ മരണത്തെ സഹയാത്രികനാക്കിയ ഈ മഹാകവി മരണവും ജീവിതവും ഒന്നെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. ഒടുവിൽ തന്റെ എഴുപത്തിയാറാമത്തെ വയസ്സിൽ മരണത്തോട്‌ സന്ധി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ തൂലിക വിറച്ചിരുന്നിരിക്കാം. ബാക്കി വച്ചതൊന്നും പൂരിപ്പിക്കാൻ അയ്യപ്പപ്പണിക്കരിനിയില്ല. ധന്യമായിരുന്നു ആ ജീവിതം.

Generated from archived content: editorial_aug25_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here