ഈസ്‌റ്റർ ആശംസകൾ

ലോകത്തിനുവേണ്ടി ബലിയർപ്പിക്കപ്പെടുക എന്നത്‌ ഒരു മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹപ്പെടലാണ്‌. പീഡനങ്ങൾക്കൊടുവിൽ മനുഷ്യരാശിയെ മുഴുവൻ ഞാൻ സ്‌നേഹിക്കുന്നുവെന്ന്‌ മന്ത്രിച്ച്‌ തന്റെ രക്തവും മാംസവും പാപപരിഹാരത്തിനായി ദാനം ചെയ്‌ത മഹാപുരുഷൻ സ്വീകരിച്ച വിധി ഏത്‌ അളവുകോൽ കൊണ്ടാണ്‌ ലോകം അളക്കേണ്ടത്‌. മാനവജനതയെ വിശുദ്ധീകരിക്കാൻ ക്രിസ്‌തു നടത്തിയ ത്യാഗങ്ങൾ പലരീതികളിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും, ആ ജീവിതം നല്‌കുന്ന ചില സന്ദേശങ്ങൾ ഏതു കാലത്തും തിരിച്ചറിയപ്പെടേണ്ടതാണ്‌. കാരണം മനുഷ്യൻ സൃഷ്‌ടിക്കുന്ന ഏതു വ്യവസ്ഥകളിലും ക്രിസ്‌തുവിന്റെ ദർശനം ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ത്യാഗിയാകുക എന്നത്‌ മനുഷ്യന്റെ ഏറ്റവും വലിയ വിശാലതയായാണ്‌ ക്രിസ്‌തു ചൂണ്ടിക്കാണിക്കുന്നത്‌.

ലോകം ദുരന്തങ്ങളുടെയും, സ്വാർത്ഥതയുടെയും ഇടങ്ങൾ മാത്രം തേടി നടക്കുന്ന ഇക്കാലത്ത്‌ ക്രിസ്‌തുവിന്റെ ജീവിതം നല്‌കുന്ന സൂചനകൾ നാം ഒരു വിശ്വാസിയുടെ ദർശനത്തേക്കാളുപരി മാനവികതയുടെ ദർശനമായി കാണേണ്ടതാണ്‌. ദൈവങ്ങളെയും, മഹാഗുരുക്കന്മാരെയും പ്രവാചകരേയും കച്ചവടലാഭത്തിനായുളള ഉപകരണങ്ങളാക്കി പ്രയോഗിക്കുമ്പോൾ ഇവരെല്ലാം നല്‌കിയ ദർശനങ്ങൾ യഥാർത്ഥ തിരിച്ചറിവോടെ ഉൾക്കൊണ്ട്‌ പ്രതിരോധിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ഒരു മഹത്‌വ്യക്തിയെ അവന്റെ തനതിൽനിന്നും വേർതിരിച്ചറിഞ്ഞാൽ, അതിലും വലിയ ദുരന്തം വരാനില്ല. അതിനാൽ ഓരോ മഹാരൂപങ്ങളുടെയും യഥാർത്ഥ വഴികൾ നാം തിരിച്ചറിയണം. അതിനായി നമ്മളൊക്കെയും ത്യാഗങ്ങൾ ചെയ്യേണ്ടിവരും. അത്തരം ത്യാഗങ്ങൾ തന്നെയാണ്‌ നമുക്ക്‌ ഇവർക്കായി നല്‌കാവുന്ന ഏറ്റവും വലിയ പ്രതിഫലം.

പ്രതീക്ഷയുടെ, ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്‌റ്റർ ആശംസകൾ….

Generated from archived content: edit_mar24.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English