ഭാസ്‌കരൻ മാസ്‌റ്റർ

തന്റെ കാവ്യജീവിതം കൊണ്ട്‌ ഒരു കാലത്തേയും ദേശത്തേയും കൃത്യമായി അടയാളപ്പെടുത്തിയാണ്‌ പി. ഭാസ്‌കരൻ മാസ്‌റ്റർ വിടപറഞ്ഞത്‌. എൺപത്തിമൂന്ന്‌ വർഷത്തെ ജീവിതം മലയാളിക്ക്‌ നൽകിയത്‌ ഒരിക്കലും മറന്നു കളയാനാവില്ലാത്ത കാവ്യമന്ദഹാസമാണ്‌. കവിതയെഴുത്തിന്റെ വഴികളിലൂടെ വേറുതെ സഞ്ചരിച്ചു കടന്നുപോയ വ്യക്തിയല്ല ഭാസ്‌കരൻ മാസ്‌റ്റർ. ജീവിതത്തെ കവിത പോലെയാക്കുകയും അതിന്റെ നേരും നോവും കത്തുന്ന യാഥാർത്ഥ്യങ്ങളും തിരിച്ചറിഞ്ഞ്‌ പ്രതികരിക്കുകയും കൂടി ചെയ്‌തയാളാണ്‌. ഒരിടത്ത്‌, കവിതയെ ഒരു കുഞ്ഞുതൂവലിന്റെ സ്‌പർശം പോലെ മധുരമാക്കുകയും മറ്റൊരിടത്ത്‌ എരിയുന്ന ഹൃദയത്തിന്റെ കാഴ്‌ചകളിൽ നിന്നും ഒരു ചാട്ടുളി കരുത്തായി കോർത്തെടുക്കുകയും ചെയ്‌ത കവിയാണ്‌ ഇദ്ദേഹം. ഞാൻ എഴുതുന്നതെന്തിനെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം സൂക്ഷിച്ചിരുന്നയാൾ.

നമ്മുടെ പ്രണയത്തിനും കണ്ണീരിനും കിനാവിനുമൊക്കെ കൂട്ടായി എന്നും ഭാസ്‌കരൻമാസ്‌റ്ററുടെ വരികൾ എ​‍ുന്നും ഉണ്ടായിരുന്നു. ലളിത സുന്ദരമായ വരികളിലൂടെ ഓരോ ചെറുവികാരം പോലും അനുപമമായ മാധുര്യത്തോടെ ഈ കവി കുറിച്ചു വയ്‌ക്കുമ്പോൾ തരളിതമായത്‌ മലയാളികളുടെ മനസ്‌ തന്നെയാണ്‌. കൊടുങ്ങല്ലൂരിന്റെ ഗ്രാമക്കാഴ്‌ചകളുടെ മാധുര്യത്തിൽ നിന്നും കവിതയിലേക്ക്‌ തൂലിക നീട്ടിയ ഭാസ്‌കരൻ മാസ്‌റ്ററുടെ ബാല്യം വെറുതെയായിപ്പോയില്ല എന്ന്‌ ഈ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ വിപ്ലവച്ചൂടിന്‌ തന്റെ കവിതയും യൗവനവും ഇന്ധനമായി നൽകിയ ഭാസ്‌കരൻമാസ്‌റ്റർ എഴുതിയ വരികളെല്ലാം ഒരു ജനതയ്‌ക്കു മുഴുവനും ആവേശത്തിന്റെ വൻതിരമാലകളിളക്കാൻ പോന്നവയായിരുന്നു. കവിത ആത്മസുഖത്തിനു മാത്രമല്ല അപരന്റെ സുഖത്തിനു കൂടിയാണ്‌ എഴുതേണ്ടത്‌ എന്ന സാമൂഹികബോധം കവിയുടെ ഹൃദയത്തിൽ എന്നേ പതിഞ്ഞിരുന്നു.

എഴുതുന്നതെല്ലാം സാഹിത്യമാണെന്ന ഇ.എം.എസി.ന്റെ വാദത്തോട്‌ വിയോജിച്ച്‌ പ്രകട രാഷ്‌ട്രീയത്തിൽ നിന്നും പിൻമാറി കവിതയുടെ വഴിയിൽ മാത്രം സഞ്ചരിച്ചതും വ്യക്തമായ രാഷ്‌ട്രീയ & കാവ്യബോധത്തിന്റെ തിരിച്ചറിവ്‌ ഉള്ളതുകൊണ്ടു തന്നെയാണ്‌.

മധുരഗീതങ്ങളുടെ സ്വപ്നലോകത്തേയ്‌ക്ക്‌ തന്റെ കാവ്യജീവിതത്താൽ മലയാളിയെ ഉയർത്തുകയും അതോടൊപ്പം ഒരു നാടിന്റെ നേരിനൊപ്പം നിന്ന്‌ പോരാടുകയും ചെയ്‌ത ഭാസ്‌കരൻമാസ്‌റ്ററുടെ ഓർമ്മകൾ എന്നും നമുക്കൊപ്പമുണ്ടാകും.

Generated from archived content: edit_feb26_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English