പെരുന്തച്ചന്മാരുടെ കാഴ്‌ചകൾ ഒരിക്കലും ആർഭാടങ്ങളുടെ തോരണങ്ങളിൽ തങ്ങി നിൽക്കില്ല. മറിച്ച് അവയൊക്കെയും പ്രകൃതിയുടെ തുടിപ്പുമായി ഇണങ്ങിച്ചേർന്നിരിക്കുന്നതാകും. അതുകൊണ്ടു തന്നെയാണ് ലാറി ബേക്കറെ നാം കേരളത്തിന്റെ രണ്ടാം പെരുന്തച്ചൻ എന്ന് സംശയമന്യേ വിശേഷിപ്പിക്കുന്നത്. മലയാളിയുടെ ഗൃഹനിർമ്മാണ രീതികളെ അപ്പാടെ തകർത്താണ് ലാറി ബേക്കർ തന്റെ വാസ്തുശില്പ ജീവിതം ആരംഭിക്കുന്നത്. വിദേശപണത്തിന്റെ പിൻബലത്തോടെ മലയാളി ഒരുക്കിയ കൂറ്റൻ കൊട്ടാരങ്ങൾക്ക് ചുട്ട മറുപടിയുമായി ലാറി ബേക്കർ ഓരോ ചുടുകട്ടയും ഒരുക്കുമ്പോൾ ഒരു വീട് കവിതയാകുന്നത് നാം കണ്ടതാണ്. വീട് ഒരു കെട്ടുകാഴ്‌ചയല്ലെന്നും അത് അതിൽ ജീവിക്കുന്നതിന്റെ വികാരം കൂടിയാണ് എന്ന തിരിച്ചറിവാണ് ലാറി ബേക്കറിന്റെ വാസ്‌തു നിർമ്മാണത്തിന്റെ കാതൽ. കാലാവസ്ഥയും പ്രകൃതിയും അനുസരിച്ച് അതാതുപ്രദേശങ്ങളിലെ നിർമ്മാണവസ്‌തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഒരിക്കലും മുഴച്ചു നിൽക്കുന്ന അരോചകതയല്ല മറിച്ച് ലയിച്ചു നിൽക്കുന്ന ഒരു കാഴ്‌ചയാണ്.
ഗാന്ധിയൻ ദർശനത്തിന്റെ ദീപ്ത പ്രകാശത്തിൽ ആകൃഷ്ടനായി ഇംഗ്ലണ്ടിലെ ബർമിംഗ്‌ഹാമിൽ നിന്നും ഇന്ത്യയിലെത്തി സാമൂഹ്യസേവന രംഗത്ത് തന്റെ കൈയ്യൊപ്പ് ബേക്കർ പതിപ്പിച്ചു. ഒടുവിൽ പാവപ്പെട്ടവന്റെ ഭവന സ്വപ്നങ്ങൾക്ക് സാക്ഷാത്‌കാരമേകി ചിലവു കുറഞ്ഞ വീടുകളുടെ പിതാവായി. കിടപ്പാടമില്ലാത്തവന്റെ കണ്ണുകളിലൂടെയാണ് ലാറി ബേക്കർ തന്റെ കാഴ്‌ചകളൊക്കെയും പകർത്തിയത്. ഏതാണ്ട് രണ്ടായിരത്തോളം കെട്ടിടങ്ങളാണ് അദ്ദേഹം നേരിട്ട് നിർമ്മിച്ചത്. ഈ വാസ്തുശില്പ രീതിയ്‌ക്ക് പ്രചാരം നേടികൊടുത്തുകൊണ്ടാണ്. ‘കോസ്‌ക്‌ഫോർഡ്’ ഇന്ത്യയിലൊട്ടാകെ പതിനയ്യായിരം കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
90-ാം വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, പദ്‌മശ്രീ പുരസ്‌കാരം, പ്രഥമ ഇന്ത്യൻ ഹാബിറ്റാറ്റ് അവാർഡ്, യു എൻ ഒ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് അർഹനായിരുന്നു. 2002ൽ കേരള സർവകലശാല ഡി-ലിറ്റ് ബിരുദവും നൽകി അദ്ദേഹത്തെ ആദരിച്ചു.
ലാറി ബേക്കർ എന്ന മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ….
Generated from archived content: edit_apr3_07.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English