സ്നേഹത്തിന്റെ തിരുബലി

ദൈവത്തിനായി ബലിയാകുക എന്നത്‌ ഏറ്റവും വിശുദ്ധമായ കർമ്മമാണ്‌. ആ ബലികളെല്ലാം സ്നേഹത്തിനും സഹനത്തിനും വേണ്ടിയായിരിക്കണം. മിനായിലെ ബലിപീഠത്തിൽ വച്ച്‌ അള്ളാഹുവിന്റെ നിർദ്ദേശപ്രകാരം, പിതാവിനാൽ ബലിയാകാൻ തയ്യാറായ ഒരു മകന്റെ, ഇസ്മയിലിന്റെ, അചഞ്ചലമായ ദൈവഭക്തിയുടെ പ്രതീകമാണ്‌ ബക്രീദ്‌. അതുകൊണ്ട്‌ ബലി എന്നത്‌ വെറുമൊരു മരണമോ, ഒരു ജീവിതത്തിന്റെ ഇല്ലായ്മയോ അല്ല. അത്‌ ഒരു സമർപ്പണമാണ്‌. അത്‌ എന്തും ത്യജിക്കാനുള്ള ഒരു മനസിന്റെ അവസ്ഥയാണ്‌.

പരസ്പരസ്നേഹമില്ലായ്മയുടെ വല്ലാത്തൊരു ചുഴിയിലാണ്‌ ഇന്ന്‌ കേരളം. ഇടുങ്ങിയ മനസുകൾക്ക്‌ കനം കൂടിവരുന്ന കാലം. അപരനുവേണ്ടി ഒരു നുള്ള്‌ സ്നേഹംപോലും മനസിൽ സൂക്ഷിക്കാൻ കഴിയാത്തവരുടെ കാലമായി മാറുകയാണ്‌ ഇന്ന്‌. കൃത്യമായി അളന്നെടുത്ത ജാതിമത ചതുരങ്ങളിലേക്ക്‌ അറിഞ്ഞോ അറിയാതേയോ ഒതുങ്ങുകയാണ്‌ നാം. ഓരോ മതങ്ങളും ഉദ്‌ബോധിപ്പിച്ച മഹത്തായ സ്നേഹത്തിന്റെ വഴിയിൽ കറുത്ത വരകൾ തേടി മാത്രമായി യാത്ര ചെയ്യുകയാണ്‌ പലരും.

മഹത്തായ സ്നേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ വെളിച്ചം വിതറുന്ന ബക്രീദ്‌ ദിനത്തിൽ നന്മയുടെ കിരണങ്ങൾ ഏവരുടെയും ഹൃദയത്തിൽ പതിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കാം.

Generated from archived content: edit1.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here