ഷീല വീണ്ടും മുക്കുവസ്‌ത്രീയുടെ വേഷത്തിൽ

‘ചെമ്മീനി’ലെ കറുത്തമ്മയെ അനശ്വരയാക്കിയ ഷീല വീണ്ടും മുക്കുവസ്‌ത്രീയുടെ രൂപഭാവത്തിൽ മലയാളി പ്രേക്ഷകർക്കു മുന്നിൽ എത്തുന്നു. ഡോ.എസ്‌.ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന ‘മഹാസമുദ്ര’ത്തിൽ ആണ്‌ ഷീല മത്സ്യത്തൊഴിലാളി സ്‌ത്രീയായി എത്തുന്നത്‌. ചെമ്മീനിൽ നായികയായി നിറഞ്ഞുനിന്ന ഷീല മഹാസമുദ്രത്തിൽ അമ്മ റോളിലാണെന്നു മാത്രം. ദേശീയ-സംസ്ഥാന പുരസ്‌കാരം നേടിയ ‘അകലെ’യിലെ കഥാപാത്രത്തിനു തുല്യമായ വേഷത്തിൽ മാത്രമെ ഇനി മലയാളിത്തിൽ എത്തൂ എന്നാണ്‌ ഷീല നേരത്തെ അറിയിച്ചിരുന്നത്‌. മോഹൻലാൽ നായകനാകുന്ന ‘മഹാസമുദ്രം’ കടലിന്റെ പശ്ചാത്തലത്തിലാണ്‌ ഇതൾ വിരിയുന്നത്‌. പുരുഷ കഥാപാത്രങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീ കഥാപാത്രങ്ങളുടെ എണ്ണം ഈ ചിത്രത്തിൽ കുറവാണ്‌. തെലുങ്കു നടി വേദ (അർച്ചന), ഷീല, സുജാ കാർത്തിക എന്നിവർക്ക്‌ കഥയിൽ നിർണായക പ്രാധാന്യമുളള വേഷങ്ങളാണ്‌.

സിനിമയിൽ തൊഴിലാളി സ്‌ത്രീകളുടെ മാനസിക സംഘർഷങ്ങൾ പകർത്തിവെച്ചതിനെ തുടർന്നാണ്‌ ഷീല എന്ന അഭിനേത്രിയെ ചലച്ചിത്ര നിരൂപകർ അംഗീകരിച്ചത്‌. ചെമ്മീനിലെ കറുത്തമ്മ, അനുഭവങ്ങൾ പാളിച്ചകളിലെ തൊഴിലാളി സ്‌ത്രീ, കളളിച്ചെല്ലമ്മയിലെ ടൈറ്റിൽ വേഷം എന്നിവ ഷീലയുടെ അഭിനയസിദ്ധി വിളിച്ചോതുന്നവയായിരുന്നു. എന്നാൽ രണ്ടാം വരവിൽ ഷീലക്ക്‌ ഇത്തരം കഥാപാത്രങ്ങൾ ലഭിച്ചില്ല. അമ്മവേഷങ്ങളിൽ ടൈപ്പായ ഈ മുൻകാല നായിക ‘മഹാസമുദ്ര’ത്തിലെ മുക്കുവ സ്‌ത്രീയാകുന്നത്‌ പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്‌. ജയറാം, മമ്മൂട്ടി, പൃഥ്വിരാജ്‌ എന്നിവർക്കൊപ്പം വേഷമിട്ട ഷീല വർഷങ്ങൾക്കുശേഷം മോഹൻലാലിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഡോ.എസ്‌.ജനാർദ്ദനന്റെ ചിത്രത്തിനുണ്ട്‌. ശ്രീവിദ്യ, സീമ, അംബിക എന്നീ മുൻകാല നായികമാർക്ക്‌ ടെലിവിഷൻ സീരിയലുകളിൽ ശക്തമായ തിരിച്ചുവരവ്‌ നൽകിയ ഡോ.എസ്‌.ജനാർദ്ദനന്റെ കന്നിച്ചിത്രം ഷീലക്ക്‌ പുതുജീവൻ നൽകിയേക്കും.

Generated from archived content: cinema4_dec7_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here