രാംഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന ‘ഷോലെ’യുടെ റീമേക്കിൽ അഭിനയിക്കുവാൻ മോഹൻലാലിന് ക്ഷണം. ‘ഷോലെ’യിൽ സഞ്ഞ്‌ജീവ്‌കുമാർ അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷമാണ് രാംഗോപാൽ വർമ്മ മോഹൻലാലിനായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാംഗോപാൽ വർമ്മ ലാലിനെ ടെലിഫോണിൽ വിളിച്ച് സമ്മതം വാങ്ങുകയായിരുന്നു.
ഷോലെയുടെ പുതിയ പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷത അംജദ്‌ഖാൻ അവതരിപ്പിച്ച ഗബ്ബർസിംഗിന്റെ വേഷം അമിതാഭ് ബച്ചൻ ചെയ്യുന്നുവെന്നതാണ്. പഴയ ‘ഷോലെ’യിൽ ഗബ്ബർസിംഗിനെ നേരിടുന്ന ചെറുപ്പക്കാരിലൊരാളായാണ് അമിതാഭ് അഭിനയിച്ചത്. ബച്ചനും ധർമ്മേന്ദ്രയുമായിരുന്നു ഷോലെയിലെ നായകൻമാർ എങ്കിലും അംജദ്‌ഖാന്റെ വില്ലൻ കഥാപാത്രം നായകൻമാരെ നിഷ്‌പ്രഭരാക്കി സിനിമാ ചരിത്രത്തിൽ തന്നെ ഇടംപിടിച്ചു.
ഷോലെയുടെ മുപ്പതാം വാർഷിക വേളയിലാണ് ഇന്ത്യൻ വാണിജ്യ സിനിമയിലെ എക്കാലത്തെയും വലിയ മാസ്‌റ്റർപീസിന് ബോളിവുഡിലെ ഷോമാനായ രാംഗോപാൽ വർമ്മ പുതിയ ദൃശ്യഭാഷ്യം നൽകുന്നത്. ഷോലെയിലെ കഥാതന്തു മറ്റൊരു പശ്ചാത്തലത്തിലാണ് രാംഗോപാൽ വർമ്മ വികസിപ്പിക്കുന്നത്. ബച്ചന്റെ മകൻ അഭിഷേകായിരിക്കും ഷോലെയിൽ ബച്ചൻ അവതരിപ്പിച്ച വേഷം അവതരിപ്പിക്കുക.
രാംഗോപാൽ വർമ്മയുടെ ‘കമ്പനി’യിൽ അധോലോകത്തെ നേരിടുന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച് ബോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ലാലിന് വീണ്ടും ലഭിച്ചിരിക്കുന്നത് കൊളളത്തലവനെ നേരിടുന്ന പോലീസ് ഓഫീസറുടെ വേഷമാണെന്നത് യാദൃശ്ചികം. ചരിത്രത്തിലിടം പിടിക്കുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് ലാൽ. പുതിയ ഷോലെയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല.
Generated from archived content: cinema4_aug17_05.html Author: puzha_com