സുരേഷ്‌ ഗോപി വീണ്ടും പോലീസ്‌ ചിത്രങ്ങളിൽ

അനുഭവങ്ങൾ പഠിപ്പിച്ച പാഠവുമായി സുരേഷ്‌ ഗോപി വീണ്ടും അനീതിക്കെതിരെ ആഞ്ഞടിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ വേഷപ്പകർച്ച അണിയുന്നു. ഉടൻ ആരംഭിക്കുന്ന രണ്ടു പോലീസ്‌ ചിത്രങ്ങളിലാണ്‌ സുരേഷ്‌ ഗോപി നടുനായകത്വം വഹിക്കുന്നത്‌. ഷാജി കൈലാസിന്റെ ‘എസ്‌.പി.’, രൺജി പണിക്കരുടെ ‘ഭരത്‌ചന്ദ്രൻ ഐ.പി.എസ്‌.’ എന്നീ ചിത്രങ്ങളിലൂടെ നഷ്‌ടപ്രതാപം വീണ്ടെടുക്കാനാണ്‌ സുരേഷിന്റെ നീക്കം. കരിയറിൽ പൊൻതൂവലായ കഥാപാത്രങ്ങളെ സുരേഷ്‌ഗോപിക്കു നൽകിയ ഷാജി കൈലാസും രൺജി പണിക്കരും തിരിച്ചുവരവിന്‌ നിമിത്തമാകുന്നത്‌ തികച്ചും യാദൃച്ഛികമാണെന്നാണ്‌ നായകൻ പറയുന്നത്‌. ഷാജി കൈലാസിന്റെ ചിത്രമായ എസ്‌.പിക്ക്‌ തിരക്കഥ ഒരുക്കുന്നത്‌ ബി.ഉണ്ണികൃഷ്‌ണനാണ്‌. തിന്മക്കെതിരെ പോരാടുന്ന എസ്‌.പിയായാണ്‌ സുരേഷ്‌ ഈ ചിത്രത്തിൽ എത്തുന്നത്‌. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

രൺജി പണിക്കരുടെ കന്നി സംവിധാന സംരംഭമായ ‘ഭരത്‌ചന്ദ്രൻ ഐ.പി.എസ്‌.’ കമ്മീഷണറുടെ രണ്ടാം ഭാഗമാണ്‌.

തന്നിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങളെ മാത്രം ഇനി അവതരിപ്പിച്ചാൽ മതിയെന്നാണ്‌ സുരേഷിന്റെ തീരുമാനം. മകൾക്ക്‌, ഉളളം എന്നീ കലാമേന്മയുളള ചിത്രങ്ങളെ പ്രേക്ഷകർ നിരാകരിച്ചത്‌ സൂപ്പർതാരം ചൂണ്ടിക്കാട്ടുന്നു. സുരേഷിന്റെ മനംമാറ്റത്തിന്‌ കാരണവും ഇതാണത്രേ.

കഥാപാത്രങ്ങൾ പറയുന്ന അശ്ലീലച്ചുവയുളള സംഭാഷണങ്ങളും മറ്റും യുവതലമുറയെ വഴിതെറ്റിക്കും എന്നു ഭയന്നാണ്‌ സിനിമാരംഗത്തു നിന്നും അല്‌പകാലം വിട്ടുനിന്നതെന്നും സുരേഷ്‌ഗോപി വ്യക്തമാക്കുന്നു.

എന്തായാലും മേലുദ്യോഗസ്ഥർക്കു നേരെ അസഭ്യവർഷം ചൊരിയുന്ന, മർദ്ദനമുറകൾ അഴിച്ചുവിടുന്ന സത്യസന്ധനായ എസ്‌.പി.യായും കമ്മീഷണറായും സൂപ്പർതാരം ഉടൻതന്നെ പ്രേക്ഷകർക്കു മുന്നിലെത്തും.

Generated from archived content: cinema3_may4.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English