സുകൃതം, ഉദ്യാനപാലകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച സംവിധായകൻ എന്നു പേരെടുത്ത ഹരികുമാറിന്റെ പുതിയ ചിത്രത്തിൽ യുവനിരയിലെ ശ്രദ്ധേയതാരം സുനിൽ നായകനാകുന്നു. ‘കാഴ്‌ച’യിലൂടെ മലയാളക്കര കീഴടക്കിയ പത്മപ്രിയയാണ് ഈ ചിത്രത്തിൽ സുനിലിന്റെ ജോഡി. പത്മ യുവനായകനൊപ്പം പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്.
നൃത്തത്തിനു പ്രാധാന്യമുളള ചിത്രമാണ് ഇക്കുറി ഹരികുമാർ പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നത്. കലാമണ്‌ഡലത്തിന്റെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ഈ പ്രണയകഥക്ക് തിരനാടകം രചിക്കുന്നത് ശത്രുഘ്‌നനാണ്. ജൂലൈയിൽ ചിത്രീകരണം തുടങ്ങും.
സുരേഷ് ഗോപിയും ലക്ഷ്‌മി ഗോപാലസ്വാമിയും മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ട ‘പറഞ്ഞറിയിക്കാനാവാത്ത വിശേഷങ്ങൾ’ ആണ് ഒടുവിൽ ഹരികുമാർ സംവിധാനം ചെയ്‌ത ചിത്രം. ഇനിയും തീയേറ്ററിലെത്തിയിട്ടില്ലാത്ത ഈ സിനിമയ്‌ക്കുശേഷം ഹ്രസ്വചിത്രങ്ങളുടെ പണിപ്പുരയിലായിരുന്നു സംവിധായകൻ. ‘പുലർവെട്ടം’ എന്ന കുട്ടികളുടെ സിനിമയിലൂടെയും ഹരികുമാർ അംഗീകരിക്കപ്പെട്ടു.
പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും മറ്റ് അഭിനേതാക്കളെയും തീരുമാനിച്ചുവരുന്നു.
Generated from archived content: cinema3_june3.html Author: puzha_com