ഫാസിലിന്റെ സഹസംവിധായകരിൽ പ്രമുഖനായ ജയസൂര്യയുടെ കന്നിച്ചിത്രമായ ‘സ്‌പീഡി’ലൂടെ ദിലീപും മഞ്ഞ്‌ജുവാര്യരുടെ സഹോദരൻ മധുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു. ദിലീപ് ചിത്രങ്ങളിലേക്ക് മധുവിന് ഇതിനു മുമ്പും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മാത്രമേ ഒന്നിക്കൂ എന്ന നിർബന്ധത്തിലായിരുന്നുവത്രേ ഇരുവരും.
‘പൊന്മുടിപ്പുഴയോരത്തി’ലെ പ്രകടനത്തിലൂടെ മികച്ച നടനെന്ന് പേരെടുത്ത മധുവാര്യരെ തേടി അവസരങ്ങൾ ഒന്നൊന്നായി എത്തുകയാണ്. അഭിനയിച്ച ആദ്യ ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയത് പുതുമുഖനായകനെന്ന നിലയിൽ മധുവിന് തിരിച്ചടിയായിരുന്നു.
വാണ്ടഡ്, ഇരുവട്ടം മണവാട്ടി എന്നീ ചിത്രങ്ങളിൽ ഭേദപ്പെട്ട അഭിനയം കാഴ്‌ചവച്ച വധുവിന്റെ കന്നിച്ചിത്രം ‘കാമ്പസ്’ ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘പറയാം’ എന്ന അനിൽ ബാബു ചിത്രവും തിയേറ്ററിലെത്തിയിട്ടില്ല.
മഞ്ഞ്‌ജുവാര്യരുടെ ജ്യേഷ്‌ഠസഹോദരനായ മധു ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദമെടുത്ത ശേഷമാണ് അഭിനയരംഗത്തെത്തിയത്.
പാണ്ടിപ്പട പൂർത്തിയാക്കുന്ന ദിലീപ് ഉടനടി ചെയ്യാനിരിക്കുന്ന പ്രോജക്‌ടുകളിലൊന്നാണ് ‘സ്‌പീഡ്’. ഫാസിൽ ശിഷ്യന്റെ ചിത്രം ദിലീപിന്റെ കരിയറിൽ നിർണായകമായേക്കും. നായികയെയും മറ്റണിയറ പ്രവർത്തകരെയും തീരുമാനിച്ചുവരുന്നു.
Generated from archived content: cinema3_apr7.html Author: puzha_com