സംസ്ഥാന പുരസ്‌കാരം നേടിയതിന്റെ ത്രില്ലിലാണ് ഗായിക മഞ്ഞ്‌ജരിയിപ്പോൾ. ഫീൽഡിലെത്തിയ ആദ്യവർഷം തന്നെ സംസ്ഥാന അവാർഡ് നേടിയ ഗായിക എന്ന ബഹുമതിയും ഈ ടീനേജ് സുന്ദരിക്ക് സ്വന്തം. ഗുരു രമേഷ്‌നാരായണൻ ഈണം പകർന്ന ഗാനമാണ് മഞ്ഞ്‌ജരിയെ അവാർഡിനർഹയാക്കിയത്. മകൾക്ക് എന്ന ചിത്രത്തിൽ ടൈറ്റിൽ സോങ്ങായി ഉൾപ്പെടുത്തിയ ‘മുകിലിൻ മകളേ…’ എന്ന ഗാനം ഒരു പുതുമുഖ ഗായികയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. ശോകാർദ്രമായി ഈ ഗാനം ആലപിച്ച ഗായികയാണ് ‘അച്ചുവിന്റെ അമ്മ’യിലെ അടിപൊളി ഗാനമായ ‘താമരക്കുരുവിക്ക് തട്ടമിട്..’ പാടിയതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ടീനേജ് നായികയുടെ പ്രസരിപ്പ് ഗാനത്തിലുടനീളം നിലനിർത്താൻ മഞ്ഞ്‌ജരിക്ക് നിഷ്‌പ്രയാസം കഴിഞ്ഞു. അൽഫോൻസിന്റെ സംഗീത സംവിധാനത്തിൽ ‘ഹലോ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ശാസ്‌ത്രീയ സംഗീതത്തിന്റെ പിൻബലവുമായെത്തിയ മഞ്ഞ്‌ജരി ആദ്യം പിന്നണി പാടിയത്. ഇതിനകം മലയാളത്തിലെ മിക്കവാറും എല്ലാ മുൻനിര സംഗീത സംവിധായകർക്കൊപ്പവും ഈ യുവഗായിക സഹകരിച്ചു കഴിഞ്ഞു.
വടക്കുംനാഥൻ, ശംഭു, മായാതെ, ശീലാബതി, അനന്തഭദ്രം, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്‌റ്റാർ എന്നീ ചിത്രങ്ങളെല്ലാം പുറത്തിറങ്ങുന്നത് മഞ്ഞ്‌ജരിയുടെ സ്വരമാധുരിയുമായാണ്.
മലയാള നായികമാരായ മീരാ ജാസ്‌മിൻ, നവ്യ നായർ എന്നിവരുടെ പുതിയ തമിഴ് ചിത്രങ്ങൾക്കുവേണ്ടിയും മഞ്ഞ്‌ജരി പാടിക്കഴിഞ്ഞു.
ചലച്ചിത്ര സംഗീതവും ശാസ്‌ത്രീയ സംഗീതവും ഒരേപോലെ കൊണ്ടുപോകുന്ന ഈ യുവഗായിക നിരവധി ആൽബങ്ങൾക്കുവേണ്ടിയും ശബ്‌ദം പകർന്നിട്ടുണ്ട്.
Generated from archived content: cinema3-aug03-05.html Author: puzha_com