മലയാളം മറക്കുന്ന രേണുകാമേനോൻ

കന്നഡ-തമിഴ്‌ ചിത്രങ്ങളിൽ തിരക്കേറിയതോടെ രേണുകാമേനോൻ മാതൃഭാഷയെ പുറന്തളളുന്നു. പെർഫെക്ഷനിൽ മലയാളത്തെ അപേക്ഷിച്ച്‌ കന്നഡ സിനിമയാണ്‌ മുന്നിലെന്നാണ്‌ നായികയുടെ കണ്ടെത്തൽ. പ്രതിഫലത്തിന്റെ കാര്യത്തിലും ഇതര ഭാഷാ ചിത്രങ്ങൾ മലയാളത്തെക്കാൾ ബഹുദൂരം മുന്നിലാണെന്നും രേണുക സമർത്ഥിക്കുന്നു.

ഓണച്ചിത്ര നായികയാകാനുളള ഭാഗ്യം തട്ടിത്തെറിപ്പിച്ചത്‌ മലയാള ചലച്ചിത്ര പ്രവർത്തകർക്കിടയിൽ രേണുകയെ അനഭിമതയാക്കിയിരുന്നു. ‘നേരറിയാൻ സി.ബി.ഐ’യിലെ നായികാ കഥാപാത്രം രേണുകയ്‌ക്കു മുന്നിലാണ്‌ ആദ്യം എത്തിയത്‌. എന്നാൽ തമിഴിൽ തിരക്കെന്നു പറഞ്ഞ്‌ ഓഫർ നായിക നിരാകരിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിൽ രേണുകയെക്കാൾ പേരും പ്രശസ്തിയും തിരക്കുമുളള ഗോപികയ്‌ക്കാണ്‌ മമ്മൂട്ടിയുടെ ഓണച്ചിത്രത്തിൽ നായികയാകാൻ ഭാഗ്യം ലഭിച്ചത്‌. ലാൽജോസിന്റെ രസികനിലെ വേഷവും നായിക ബഹിഷ്‌കരിച്ചിരുന്നു. ദാസ്‌, ഫെബ്രുവരി 4 എന്നിവയാണ്‌ രേണുകയുടെ തമിഴ്‌ ചിത്രങ്ങൾ. ജയം രവിയും ഭരത്തുമാണ്‌ ചിത്രങ്ങളിലെ നായകന്മാർ. സൂപ്പർ താരങ്ങളും സൂപ്പർ ഡയറക്‌ടർമാരും സഹകരിക്കാത്ത ചിത്രങ്ങളിൽ മുറുകെപ്പിടിച്ചതുമൂലം ഹിറ്റ്‌ ചിത്രത്തിലെ നായിക വേഷമാണ്‌ വഴിമാറിയത്‌. രേണുകക്ക്‌ പകരക്കാരിയായി എത്തിയ ഗോപികയാകട്ടെ തമിഴകത്തെ സൂപ്പർതാരങ്ങളുടെ നായികയായി ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളാണ്‌ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്‌.

കമലിന്റെ ‘നമ്മളി’ലൂടെയാണ്‌ ഈ തൃശൂർക്കാരി ശ്രദ്ധേയയായത്‌. കന്നിച്ചിത്രം ‘മായാമോഹിത ചന്ദ്രൻ’ ഇപ്പോഴും പെട്ടിക്കുളളിലാണ്‌. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ്‌ ഷിബുവിന്റെ അരങ്ങേറ്റ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ്‌ രേണുകയുടെ നായകൻ.

Generated from archived content: cinema2_sept14_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here