അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ട അപൂർവ്വം നടിമാരിൽ ഒരാളാണ് മീരാ ജാസ്‌മിൻ. മീരയ്‌ക്കുവേണ്ടി മാത്രം ചിത്രങ്ങൾ ഒരുക്കാൻ സംവിധായകർ മുന്നോട്ടുവരുന്നതും ദക്ഷിണേന്ത്യ മുഴുവൻ കീഴടക്കിയ ഈ നായികയുടെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു.
ലെനിൻ രാജേന്ദ്രന്റെ പുതിയ ചിത്രത്തിലൂടെ ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. പേരിടാത്ത ചിത്രത്തിൽ പുതുമുഖ നായകനാണ് മീരയുടെ ജോഡിയാകുന്നത്. സ്‌ക്രിപ്‌റ്റ് പൂർണ്ണമായും വായിച്ചതിനുശേഷമാണ് ലെനിൻ ചിത്രം സ്വീകരിച്ചതത്രേ. ജീവിത പരീക്ഷണങ്ങളെ സമർത്ഥമായി നേരിടുന്ന ബുദ്ധിമതിയായ യുവതിയുടെ മാനസികാവസ്ഥയാണ് മീര ഈ സിനിമയിൽ ഉൾക്കൊളളുന്നത്.
ടി.വി. ചന്ദ്രന്റെ തമിഴ് ചിത്രത്തിലും മീരാ ജാസ്‌മിനാണ് നായിക. ഈ വർഷം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപ’മാണ് നായികക്ക് ഉർവ്വശിപ്പട്ടം നേടിക്കൊടുത്തത്. ഷാഹിന എന്ന മുസ്ലീം പെൺകുട്ടിയായി അസാമാന്യ അഭിനയ മികവ് കാഴ്‌ചവെച്ച മീര ലോകപ്രശസ്‌തരായ ഐശ്വര്യറായിയെയും സുസ്‌മിതാ സെന്നിനെയും അവസാന റൗണ്ടിൽ മറികടന്നത് ശ്രദ്ധേയമായിരുന്നു.
മലയാളത്തിലും തമിഴിലും ക്യാരക്‌ടർ വേഷങ്ങൾ മാത്രം തേടുന്ന മീര തെലുങ്കിൽ അടിപൊടി വേഷങ്ങളാണ് കൂടുതലായും അവതരിപ്പിച്ചിട്ടുളളത്. കെ.എൻ.ടി.ശാസ്‌ത്രിയുടെ തെലുങ്ക് ചിത്രത്തിൽ ആദിവാസി യുവതിയായാണ് എത്തുന്നത്.
കഥാപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞതുകൊണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിലെ നായികാപദവി പലവട്ടം നിഷേധിച്ചു കഴിഞ്ഞു ഈ താരം.
Generated from archived content: cinema2_nov2_05.html Author: puzha_com