പൃഥ്വിരാജ് നായകനാകുന്ന രണ്ടു ചിത്രങ്ങളിൽ നായികാവേഷം കെട്ടുകയാണ് കാവ്യാമാധവൻ, സന്തോഷ് ശിവന്റെ ‘അനന്തഭദ്രം’ വിനോദ് വിജയന്റെ ‘കലിംഗ’ എന്നിവയാണ് ഈ ജോഡിയുടെ പുതിയ പ്രോജക്‌ടുകൾ. ‘അത് മന്ദാരപ്പൂവല്ല’ എന്ന ചിത്രത്തിൽ നിന്നും പൃഥ്വി പുറത്തായത് കാവ്യയുടെ തീരുമാനമനുസരിച്ചാണെന്ന വാർത്ത ഏറെ വിവാദമായിരുന്നു. പൃഥ്വിയെ ഒഴിവാക്കണമെന്ന് സംവിധായകൻ പ്രിയനന്ദയോട് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കാവ്യ അഭിമുഖങ്ങളിൽ ആവർത്തിച്ചതോടെയാണ് പൃഥ്വിരാജിന്റെ തെറ്റിദ്ധാരണ മാറിയതത്രെ. പുതിയ ചിത്രങ്ങളിൽ പൃഥ്വിരാജ് അന്യഭാഷാ നടികളെയാണ് നായികമാരായി തിരഞ്ഞെടുത്തിട്ടുളളത്. ‘അത്ഭുതദ്വീപി’ൽ മല്ലികാ കപൂറും ‘കൃത്യ’ത്തിൽ പവിത്രയുമാണ് നായികമാരായി വേഷം കെട്ടിയത്. കാവ്യാമാധവൻ മാത്രമാണ് വരാനിരിക്കുന്ന പൃഥ്വി ചിത്രങ്ങളിൽ നായികയായി അഭിനയിക്കുന്ന മലയാള നടി എന്നതും ശ്രദ്ധേയമാണ്.
ശരത്തിന്റെ ‘ശീലാവതി’യിലെ നായികയെ അവതരിപ്പിച്ചുവരികയാണ് കാവ്യ ഇപ്പോൾ. സുനിൽ നായകനാകുന്ന ഈ ചിത്രം കാവ്യയെ അന്താരാഷ്‌ട്ര പ്രശസ്‌തയാക്കിയേക്കും. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയെ ആർട്ട് സംവിധായകർക്കിടയിൽ ശ്രദ്ധേയയാക്കിയത്.
Generated from archived content: cinema2_mar31.html Author: puzha_com