മോഹൻലാലിന്റെ ഡ്രീം പ്രോജക്‌ടുകളിലൊന്നായ ‘മഹാസമുദ്ര’ത്തിൽ കലാഭവൻ മണി വില്ലനാകുന്നു. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് സംവിധായകൻ എസ്.ജനാർദ്ദനൻ പ്രതാപൻ എന്ന വില്ലനാകാൻ മണിയെ തിരഞ്ഞെടുത്തത്. കഥയിൽ നിർണായക പ്രാധാന്യമുളള പ്രതിനായക വേഷമാണ് മണിയുടേത്. വിനയന്റെ ‘രാക്ഷസരാജാവ്’, കെ.മധുവിന്റെ ‘സേതുരാമയ്യർ സി.ബി.ഐ’, രാജസേനന്റെ ‘മലയാളിമാമന് വണക്കം’ എന്നീ ചിത്രങ്ങളിൽ നെഗറ്റീവ് ടച്ചുളള വേഷങ്ങളിൽ മണി തിളങ്ങിയിട്ടുണ്ട്. കടലിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ‘മഹാസമുദ്രം’ ഒക്‌ടോബറിൽ തുടങ്ങും.
തമിഴിൽ മുൻനിര വില്ലൻമാർക്കിടയിൽ അനിഷേധ്യ സ്ഥാനം നേടിക്കഴിഞ്ഞ മണി മലയാളത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വില്ലൻ വേഷം സ്വീകരിച്ചിട്ടുളളത്. നരേന്ദ്രപ്രസാദ്, എൻ.എഫ്.വർഗീസ് തുടങ്ങി വില്ലൻവേഷത്തിൽ തിളങ്ങിയിരുന്നവരുടെ നികത്താനാകാത്ത വിടവ് മലയാളത്തിലെ പ്രതിനായക കഥാപാത്രങ്ങളെ ബാധിച്ചിട്ട് നാളേറെയായി. സായ്‌കുമാർ എന്ന നടനിലേക്ക് മാത്രം ഇത്തരം കഥാപാത്രങ്ങളെത്തുന്നതും മറ്റൊന്നും കൊണ്ടല്ല.
Generated from archived content: cinema2_aug24_05.html Author: puzha_com