മലയാള സിനിമയിലെ ജനപ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപി തിരിച്ചെത്തിയിരിക്കുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ തിരിച്ചുവരവ്.
സുരേഷ്‌ഗോപിയെ സൂപ്പർതാരമാക്കിയ ‘കമ്മീഷണറു’ടെ തുടർച്ചയായ രഞ്ഞ്‌ജി പണിക്കരുടെ ഭരത് ചന്ദ്രൻ ഐ.പി.എസ്. കേരളത്തിലെ തീയേറ്ററുകളിൽ ഉടനീളം പ്രകമ്പനം സൃഷ്‌ടിക്കുകയാണ്. ‘കമ്മീഷണറു’ടെ അതേ ഫ്‌ളേവർ, ഡയലോഗുകളിൽ അതേ തീപ്പൊരി. രാഷ്‌ട്രീയ നേതൃത്വത്തിന്റെ നെറികേടുകൾക്കെതിരെ മറ്റൊരു മിന്നലാക്രമണം.
സൂപ്പർതാര പദവിയിൽ തിളങ്ങി നിന്നശേഷം പരാജയങ്ങളിൽനിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുകയും സിനിമാ ഫീൽഡിൽ നിന്ന് രണ്ടുവർഷത്തോളം ഔട്ടാകുകയും ചെയ്‌ത സുരേഷ്‌ഗോപിയുടെ തിരിച്ചുവരവ് അനുപമമാണ്. മറ്റൊരു താരത്തിനും ഇതുപോലൊരു പരാജയവും തിരിച്ചുവരവും ഉണ്ടായിട്ടില്ല. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമാകുകയാണ് ‘ഭരത്‌ചന്ദ്രൻ ഐ.പി.എസ്.’ എന്ന ചിത്രത്തിന്റെ വൻ വിജയം.
‘ഏകലവ്യനി’ലൂടെ താരത്തിളക്കം നേടിയ സുരേഷ്‌ഗോപി പിന്നീട് കമ്മീഷണർ, പത്രം, ലേലം തുടങ്ങിയ വമ്പൻ ഹിറ്റുകളിലൂടെയാണ് ആക്‌ഷൻ ചിത്രങ്ങളുടെ അവസാനവാക്കായി മാറിയത്. ആക്‌ഷൻ ഹീറോ പരിവേഷത്തിൽനിന്ന് പുറത്തുകടക്കാൻ വൈവിധ്യമുളള പ്രമേയങ്ങളിലേക്ക് നീങ്ങിയ സുരേഷ്‌ഗോപിക്ക് അഭിനയ മികവിനുളള അംഗീകാരമായി ദേശീയ അവാർഡും ലഭിച്ചു. എന്നാൽ ചിത്രങ്ങളുടെ തുടർച്ചയായ പരാജയം സുരേഷ്‌ഗോപിയെ ഗ്യാരണ്ടിയില്ലാത്ത നടനാക്കി മാറ്റി. ഒരു കരിന്തിരി കത്തിയൊടുങ്ങുംപോലെയാണ് സുരേഷ്‌ഗോപി എന്ന സൂപ്പർ താരം മലയാളസിനിമയിൽ നിന്നും അസ്‌തമിച്ചുപോയത്. അഭിനയം വിട്ട് സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ സുരേഷ്‌ഗോപിക്ക് അവിടെയും കയ്‌പേറിയ അനുഭവങ്ങളുണ്ടായി. ബി.ജെ.പി അനുഭാവി, കരുണാകരന്റെ വിശ്വസ്‌തൻ, എം.എ.ബേബിയുടെ ആൾ എന്നൊക്കെ മുദ്രയടിക്കപ്പെട്ട സുരേഷിന് പൊതുപ്രവർത്തനം എളുപ്പം മടുത്തു.
ഒരു നിയോഗം പോലെയാണ് സുരേഷിനെ തേടി വീണ്ടും സിനിമ അവസരങ്ങൾ എത്തിയത്. ‘ഉളളം’, ‘മകൾക്ക്’ -പിന്നാലെ താരസിംഹാസനത്തിലേക്ക് വീണ്ടും കൈപിടിച്ചുയർത്തിക്കൊണ്ട് ‘ഭരത് ചന്ദ്രൻ’.
സുരേഷ്‌ഗോപിക്ക് മുന്നിൽ വീണ്ടും നിർമാതാക്കളുടെ ക്യൂ രൂപപ്പെട്ടിരിക്കുന്നു. ചിന്താമണി കൊലക്കേസ്, രാഷ്‌ട്രം, എസ്.പി. കൂടാതെ പേരിടാത്ത നിരവധി പ്രോജക്‌ടുകളും സുരേഷ്‌ഗോപിയെ കാത്തിരിക്കുന്നു.
Generated from archived content: cinema2_aug17_05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English