കലോത്സവവേദികളിൽ കാവ്യാലാപനം നടത്തി വിജയകിരീടം ചൂടിയ ഓർമ്മകളിലാണ് സംസ്ഥാന അവാർഡിന്റെ തിളക്കത്തിലും കാവ്യാമാധവൻ. ‘ഭൂമിക്കൊരു ചരമഗീത’ത്തെ അവലംബിച്ച് ശരത് ഒരുക്കുന്ന ഡോക്യുമെന്ററിയിൽ കാവ്യയാണ് നായിക. കവി ഒ.എൻ.വി. കുറുപ്പും പ്രത്യക്ഷപ്പെടുന്ന ഡോക്യുമെന്ററി 40 മിനിറ്റ് ദൈർഘ്യമുളളതാണ്.
അധ്യാപകനായി പ്രത്യക്ഷപ്പെടുന്ന ഒ.എൻ.വി കുറുപ്പിന്റെ അടുത്ത് കവിതയുടെ വിശദാംശങ്ങൾ തേടി എത്തുന്ന കോളേജ് കുമാരിയായാണ് കാവ്യാമാധവൻ എത്തുന്നത്. കവിതയുടെ ഭാവം ആവിഷ്‌കരിക്കുന്നതിൽ കാവ്യക്ക് എളുപ്പത്തിൽ കഴിയുന്നുണ്ടത്രേ. ശാസ്‌താംകോട്ട, എടത്തല, പാലക്കാട് കോളേജുകളിലെ പെൺകുട്ടികളും ഡോക്യുമെന്ററിയിൽ അഭിനയിക്കുന്നുണ്ട്.
ജി. ദേവരാജൻ ഇടവേളക്കുശേഷം സംഗീതം പകരുന്നു എന്നതും ഈ ഡോക്യുമെന്ററിയുടെ പ്രത്യേകതയാണ്. എം.ജി. രാധാകൃഷ്‌ണനും സംഗീത സംവിധാനത്തിൽ സഹകരിക്കുന്നു.
ശരത്തിന്റെ തന്നെ ശീലാബതിയാണ് കാവ്യയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. പശ്ചിമ ബംഗാളിൽ നിന്നെത്തി കേരളത്തിൽ അധ്യാപികയാകേണ്ടിവരുന്ന ശീലാബതി കാവ്യയുടെ കൈകളിൽ ഭദ്രമാണ്. സുനിലാണ് നായകൻ.
Generated from archived content: cinema2_aug10_05.html Author: puzha_com