സൂപ്പർതാരങ്ങളുടെ ഓണച്ചിത്രങ്ങളുടെ കടലാസുജോലികൾ പൂർത്തിയായി. ജോമോൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മമ്മൂട്ടിയുടേതായി ഓണക്കാലത്ത് എത്തുക. മേയ് ആദ്യം ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസനാണ്. ശ്രീനി ഡോക്‌ടറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ആഗസ്‌റ്റ് 15-നാണ് റിലീസിംഗ് പ്രതീക്ഷിക്കുന്നത്.
സുരേഷ്‌ഗോപിയുടെ ഓണച്ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണ്. നീണ്ട ഇടവേളക്കുശേഷം അധോലോക ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ സുരേഷ്‌ഗോപി സഹകരിക്കുകയാണ്. ‘പതാക’യുടെ ഷൂട്ടിംഗ് തിരക്കിലാണ് കെ.മധു-സുരേഷ് ഗോപി ടീം ഇപ്പോൾ. രാഷ്‌ട്രീയ പശ്ചാത്തലമുളള ഈ സിനിമയിൽ മൂന്ന് യുവനായികമാർ ഒരുമിക്കുന്നുണ്ട്-നവ്യാനായർ, രേണുകാമേനോൻ, സിന്ധുമേനോൻ. നവ്യയും രേണുകയും തമ്മിൽ പിണക്കത്തിലാണെന്ന പ്രചാരണം നവ്യയുടെ ഇടപെടലോടെ ഏതാണ്ട് നിലച്ച മട്ടാണ്. വിനയന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും’ എന്ന ചിത്രത്തിൽ രേണുക നവ്യയുടെ പകരക്കാരിയായി എത്തിയതോടെയാണ് ഇരുവരെയും ഉൾപ്പെടുത്തി വാർത്തകൾ വന്നത്. യുവജനോത്സവവേദിയിൽ തന്നെ മറികടന്ന അമ്പിളീദേവി പ്രധാന കഥാപാത്രമായതുകൊണ്ടാണ് നവ്യ വിനയൻ ചിത്രം ഒഴിവാക്കിയതെന്നും വാർത്തകൾ പരന്നിരുന്നു.
മോഹൻലാലിന്റെ ഓണച്ചിത്രത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ദിലീപ്, ജയറാം എന്നിവരും ഇക്കുറി ഓണത്തിന് മികച്ച കഥാപാത്രങ്ങളുമായി തീയറ്ററുകളിൽ എത്തുന്നുണ്ട്.
Generated from archived content: cinema2_apr12_06.html Author: puzha_com