ഓണച്ചിത്രങ്ങൾ രണ്ടും ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് യുവനായിക ഭാവന; ‘ചാന്തുപൊട്ടും’ തുടർന്നു വന്ന ‘നരനും’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നത് ഭാവനയെ വീണ്ടും ഡിമാന്റുളള നായികയാക്കുകയാണ്. ദിലീപിന്റെ ‘ചാന്തുപൊട്ടി’ൽ രണ്ടാം പകുതിയിൽ ഗോവൻ പെൺകുട്ടിയായി തിളങ്ങിയ ഭാവന മോഹൻലാലിന്റെ നരനിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചു വിജയിപ്പിച്ചത്. മോഹൻലാലിന്റെ ജോഡിയായി ആദ്യമായെത്തിയ ചിത്രം തന്നെ ഹിറ്റായത് ഭാവനക്ക് ഗുണമായിരിക്കുകയാണ്.
‘ചിത്തിരം പേശുതെടി’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് ഭാഗ്യം പരീക്ഷിക്കാനുളള ഒരുക്കത്തിലാണ് നായിക. യുവനായകൻ സുനിലിന്റെ തമിഴ് പ്രവേശം കൂടിയാണീ ചിത്രം.
കാവ്യാ മാധവൻ, മീരാ ജാസ്മിൻ, നവ്യാ നായർ, ഗീതു മോഹൻദാസ് തുടങ്ങിയ യുവനായികമാർക്ക് അഭിനയമികവ് പ്രകടിപ്പിക്കാവുന്ന വേഷങ്ങൾ തുടർച്ചയായി ലഭിച്ചിട്ടും ഭാവനയെ ഭാഗ്യം കടാക്ഷിച്ചില്ല. ‘ദൈവനാമത്തിൽ’ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടും ചിത്രം വൻ പരാജയമായത് നായികയ്ക്ക് തിരിച്ചടിയായി.
അതിഥിവേഷങ്ങളും ഉപനായികാവേഷങ്ങളും കൊണ്ട് അടുത്ത കാലം വരെ തൃപ്തിപ്പെടേണ്ടി വന്ന അപൂർവ്വം നായികമാരിൽ ഒരാളാണ് ഭാവന. വി.എം.വിനുവിന്റെ ‘ബസ് കണ്ടക്ടർ’ ആണ് പുതിയ ചിത്രം. മമ്മൂട്ടിയുടെ സഹോദരിയും ജയസൂര്യയുടെ ജോഡിയുമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.
Generated from archived content: cinema1_sept21_05.html Author: puzha_com