ഐ.വി.ശശിയും പൃഥ്വിരാജും ഒന്നിക്കുന്ന രാഷ്‌ട്രീയ ചിത്രത്തിന് ‘അവസരങ്ങൾ’ എന്നു പേരിട്ടു. ബാബു ജനാർദ്ദനൻ തിരക്കഥ ഒരുക്കുന്ന സിനിമയിൽ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുമെന്നാണ് അറിയുന്നത്.
ഐ.വി.ശശിയുടെ ഭാഗ്യാക്ഷരമായ ‘അ’യിൽ തുടങ്ങുന്ന പേരാണ് പുതിയ സിനിമക്ക്. അങ്ങാടി, അഹിംസ, അക്ഷരങ്ങൾ, അനുബന്ധം, ആരൂഢം തുടങ്ങി ഡസൻകണക്കിന് ചിത്രങ്ങളിൽ ശശി ഈ പതിവ് തുടർന്നുപോന്നു. ‘ഇ’ ആണ് ഐ.വി.ശശി ഭാഗ്യം പരീക്ഷിച്ച മറ്റൊരക്ഷരം. ഈ നാട്, ഇന്നല്ലെങ്കിൽ നാളെ തുടങ്ങിയ ചിത്രങ്ങളിൽ വരെ നീണ്ടുനിന്നു ശശിയുടെ ‘ഇ’ പ്രേമം.
അ, ഇ എന്നീ അക്ഷരങ്ങളിൽ തുടങ്ങാത്ത ചുരുക്കം ചില ചിത്രങ്ങൾ മാത്രമെ ഐ.വി.ശശി സംവിധാനം ചെയ്‌തിട്ടുളളൂ. പ്രമേയവുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന പേരുകൾ മാത്രമേ ഇത്തരത്തിൽ സ്വീകരിച്ചിട്ടുളളൂ. തിരക്കഥാരംഗത്തെ തലതൊട്ടപ്പനായ എം.ടിയെ വരെ ശശി ‘അ’കാരത്തിൽ തുടങ്ങുന്ന പേരിടാൻ നിർബന്ധിച്ചു എന്നറിയുക വിസ്‌മയകരമാകും. ഇടവേളയ്‌ക്കുശേഷം സജീവമാകാനുളള തയ്യാറെടുപ്പിന്റെ ഭാഗമായി വേണം പുതിയ ചിത്രത്തിന്റെ നാമകരണം കണക്കിലെടുക്കാൻ. അന്ധവിശ്വാസങ്ങളുടെ ആകെത്തുകയായ ചലച്ചിത്രലോകത്ത് ‘അക്ഷരപ്രേമം’ നിസാര സംഭവമാണ്.
അവസരങ്ങൾ ഇല്ലാത്ത നായകനും സംവിധായകനും ‘അവസരങ്ങൾ’ വഴിത്തിരിവാകുമോ എന്നു കണ്ടറിയണം.
Generated from archived content: cinema1_oct12_05.html Author: puzha_com