‘ബൽറാം v/s താരാദാസി’ൽ ഐ.എ.എസ് ഉദ്യോഗസ്ഥയായി മലയാളത്തിൽ തിരിച്ചുവരവ് നടത്തിയ വാണി വിശ്വനാഥ് ‘ചിന്താമണി കൊലക്കേസിൽ’ അഭിഭാഷകയാകുന്നു. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ലാൽകൃഷ്‌ണ വിരാഡിയാറുടെ അസിസ്‌റ്റന്റ് പട്ടമ്മാൾ വാണിയെ വീണ്ടും തിരക്കുളള താരമാക്കിയേക്കും. ഐ.വി.ശശിയുടെയും ഷാജി കൈലാസിന്റെയും ചിത്രങ്ങൾ അടുത്തടുത്ത് റിലീസ് ചെയ്യുന്നത് വാണിക്ക് അനുകൂലഘടകമാണ്. ചിന്താമണി വാര്യർ എന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട സീനിയർ വിദ്യാർത്ഥിനികളായ ‘മിർച്ചി ഗേൾസി’നുവേണ്ടി കോടതിയിൽ വാദിക്കാനെത്തുന്നവരാണ് ലാൽകൃഷ്‌ണ വിരാഡിയാറും പട്ടമ്മാളും.
ഇദയത്തിരുടനിൽ‘ നെഗറ്റീവ് ടച്ചുളള കഥാപാത്രത്തെ അവതരിപ്പിച്ചു വിജയിപ്പിച്ച് തമിഴിലും വാണി രണ്ടാം വരവ് ഗംഭീരമാക്കിക്കഴിഞ്ഞു. ചരൺ സംവിധാനം ചെയ്‌ത ചിത്രത്തിലേക്ക് സംവിധായകൻ കെ.ബാലചന്ദറാണ് വാണിയെ ശുപാർശ ചെയ്‌തത്. വാണിയുടെ ഭർത്താവ് ബാബുരാജും ’ചിന്താമണി കൊലക്കേസി‘ന്റെ താരനിരയിലുണ്ട്.
പോലീസ് വേഷങ്ങളിൽ ടൈപ്പായ വാണി വിശ്വനാഥ് രണ്ടാംവരവിൽ അത്തരം റോളുകൾ വേണ്ടെന്നു വെക്കുകയാണ്. വിവാഹിതയും അമ്മയുമായശേഷം ആക്ഷൻ ചിത്രങ്ങൾ നായിക പാടേ അവഗണിക്കുകയാണെന്നാണ് ചലച്ചിത്ര പ്രവർത്തകർ പറയുന്നത്.
Generated from archived content: cinema1_mar1_06.html Author: puzha_com