കമൽ ചിത്രത്തിൽ ദിലീപ് കെട്ടുന്ന ഇരട്ടവേഷങ്ങൾ പരമ്പരാഗത ഡബിൾ റോളുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു. ജ്യേഷ്‌ഠാനുജന്മാരെയാണ് ദിലീപ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിൽ പ്രതിനിധീകരിക്കുന്നത്.
ജ്യേഷ്‌ഠനും നാലു വയസിന്റെ പ്രായവ്യത്യാസമുളള അനുജനുമായി ഡബിൾ റോളിൽ എത്തുക ഒരു സൂപ്പർ താരത്തെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ഇരട്ട പ്രസവിച്ച സഹോദരങ്ങളായാണ് സൂപ്പർ താരങ്ങൾ ഇതിനുമുമ്പ് ഡബിൾ റോളിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുളളത്. ‘കുഞ്ഞിക്കൂനനി’ൽ രൂപഭാവങ്ങളിൽ യാതൊരു സാമ്യവുമില്ലാതെ കുഞ്ഞനും പ്രസാദുമായി ദിലീപ് ആദ്യമായി ഡബിൾ റോളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കമൽ ചിത്രത്തിൽ ഇരട്ട നായകരെ അവതരിപ്പിക്കുമ്പോഴും ജനപ്രിയ താരം വ്യത്യസ്‌തത പുലർത്തുകയാണ്.
ട്രെയിൻ യാത്രക്കിടെ ദിലീപിന്റെ ഒരു കഥാപാത്രം പരിചയപ്പെടുന്ന യുവതിക്കും കഥയിൽ നിർണായക സ്ഥാനമുണ്ട്. ഗോപികയാണ് ഈ കഥാപാത്രത്തെ ഉൾക്കൊളളുന്നത്. ഇതിനകം മുൻനിര സംവിധായകർക്കൊപ്പം സഹകരിച്ചു കഴിഞ്ഞ ഗോപിക ആദ്യമായി കമലിന്റെ ശിക്ഷണത്തിൽ അഭിനയിക്കുകയാണ്. ഇളയരാജയുടേതാണ് സംഗീതം. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. ജോഷിയുടെ ‘ലയൺ’ പൂർത്തിയാക്കിയശേഷമാണ് ദിലീപ് ഗുരുവിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.
Generated from archived content: cinema1_dec14_05.html Author: puzha_com