ഉർവശിയും കാവ്യയും ഒന്നിക്കുന്നു; ജയറാം നായകൻ

ജയറാമും രാജസേനനും നീണ്ട ഇടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രത്തിൽ ഉർവ്വശിയും കാവ്യാമാധവനും നായികമാരായെത്തുന്നു. ജഗതി ശ്രീകുമാറും ഈ ചിത്രത്തിൽ ശ്രദ്ധേയവേഷത്തിൽ അഭിനയിക്കുന്നുണ്ട്‌. രഘുനാഥ്‌ പലേരി തിരക്കഥ ഒരുക്കുന്ന ചിത്രം ക്രിസ്‌തുമസിന്‌ തിയേറ്ററുകളിലെത്തും. രാജസേനൻ-ജയറാം കൂട്ടുകെട്ടിന്‌ തുടക്കമായ ‘കടിഞ്ഞൂൽ കല്യാണം’ രചിച്ചതും രഘുനാഥ്‌ പലേരിയാണ്‌. ഉർവ്വശി തന്നെയായിരുന്നു ഈ ചിത്രത്തിൽ ജയറാമിന്റെ നായിക. തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ട നിരാശയിലാണ്‌ വിജയചിത്രത്തിനായി, അഭിപ്രായഭിന്നത മറന്ന്‌ ജയറാം മുന്നോട്ടു വന്നിട്ടുളളതെന്നും ചലച്ചിത്ര വൃത്തങ്ങളിൽ സംസാരം ഉയർന്നിട്ടുണ്ട്‌.

സംവിധാനം ചെയ്‌ത ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന്‌ രാജസേനൻ ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധയൂന്നി വരുമ്പോഴാണ്‌ ജയറാമിന്റെ പുതിയ ചിത്രം ഒരുക്കാൻ ക്ഷണം ലഭിച്ചത്‌.

കാവ്യാ മാധവനും ഉർവ്വശിയും ആദ്യമായി ഒന്നിച്ച്‌ അഭിനയിക്കുന്നു എന്ന പ്രത്യേകതയും രാജസേനൻ ചിത്രത്തിനുണ്ട്‌. അച്ചുവിന്റെ അമ്മയിൽ മീരക്കൊപ്പം മത്സരാഭിനയം കാഴ്‌ചവച്ച ഉർവ്വശി സംസ്ഥാന പുരസ്‌കാരത്തിന്റെ നിർവൃതിയിൽ നിൽക്കുന്ന കാവ്യയോടാണ്‌ മത്സരിക്കുന്നത്‌. കുടുംബചിത്രങ്ങൾ മലയാളത്തിൽ വീണ്ടും സജീവമാകുന്നതിന്റെ തുടക്കമാകും ഈ പ്രോജക്‌ട്‌ എന്നും വിലയിരുത്തപ്പെടുന്നു.

Generated from archived content: cinema1_aug31_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here