അന്യ ഭാഷകളിൽ നിന്നുളള വൻ ഓഫറുകൾക്കു നടുവിലും മലയാളത്തിലെ മികച്ച വേഷങ്ങൾ കൈവിടാതിരുന്നത് ഗോപികയ്‌ക്ക് അനുഗ്രഹമാകുന്നു. ഇക്കുറി ഓണക്കാലത്ത് ഒന്നിലധികം ചിത്രങ്ങളിൽ നായികയാകാനുളള ഭാഗ്യം ഈ തൃശൂർക്കാരിക്കാണ്. കെ.മധുവിന്റെ ‘നേരറിയാൻ സി.ബി.ഐ.’ ലാൽജോസിന്റെ ‘ചാന്തുപൊട്ട്’ എന്നിവയിൽ തികച്ചും വ്യത്യസ്‌തമായ കഥാപാത്രങ്ങളായാണ് നായിക എത്തുന്നത്. സി.ബി.ഐ. പരമ്പരയിലെ നാലാം ഖണ്‌ഡത്തിൽ കോവിലകത്തെ ഇളമുറക്കാരിയുടെ വേഷമാണ് ഗോപികയ്‌ക്ക്. ഗോപികയുടെ തറവാട്ടിലെത്തുന്ന കൂട്ടുകാരിക്കുണ്ടാകുന്ന അപമൃത്യുവും തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. ജിഷ്‌ണുവാണ് നായകൻ.
‘നേരറിയാനിൽ’ കോളേജുകുമാരിയായി ‘അടിപൊളി’ വേഷത്തിലെത്തുന്ന ഗോപിക ‘ചാന്തുപൊട്ടിൽ’ പത്താംക്ലാസ്സിൽ രണ്ടുതവണ തോറ്റ കടപ്പുറത്തെ പരിഷ്‌കാരം തീണ്ടാത്ത പെൺകുട്ടിയാണ്. ദിലീപ് അവതരിപ്പിക്കുന്ന സ്‌ത്രൈണസ്വഭാവക്കാരന്റെ കളിക്കൂട്ടുകാരി മാലു അല്‌പം വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ്. കടപ്പുറം സ്ലാങ്ങിൽ വ്യത്യസ്‌ത മാനറിസങ്ങളുമായാണ് ഗോപിക എത്തുന്നത്. ‘ഓട്ടോഗ്രാഫി’ൽ സ്വന്തം ശബ്‌ദം നൽകിയ ഗോപിക മലയാളത്തിൽ ഇതുവരെയും ഡബ്ബ് ചെയ്‌തിട്ടില്ല. ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ശ്രീജയാണ് ഗോപികയുടെ ശബ്‌ദസാന്നിധ്യം.
തമിഴ്-തെലുങ്ക് ചിത്രങ്ങളുടെ തിരക്കുകൾക്കിടയിലാണ് ഗോപിക മലയാള ചിത്രങ്ങളിൽ സഹകരിച്ചത്.
Generated from archived content: cinema1_aug17_05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English