മോഹൻലാലും വിജിതമ്പിയും ഒന്നിക്കുന്ന ബലരാമന് വീണ്ടും പേരുമാറ്റം. കനൽ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. വടക്കുംനാഥനുശേഷം പത്മപ്രിയ ലാലിന്റെ നായികയാകുകയാണ്, ഈ വിജി തമ്പി ചിത്രത്തിലൂടെ.
പിതൃ-പുത്ര ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിലൂടെ ഹിന്ദി നടൻ നസറുദ്ദീൻ ഷാ വീണ്ടും മലയാളത്തിലെത്തുകയാണ്. ടി.വി.ചന്ദ്രന്റെ ‘പൊന്തൻമാട’യിൽ ശീമത്തമ്പുരാനായെത്തി മലയാളി പ്രേക്ഷകർക്ക് പരിചിതനാണ് ഈ അഭിനയചക്രവർത്തി. ‘ദാദാ സാഹിബി’ലൂടെ ശ്രദ്ധേയനായ എസ്.സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. എം.ജയചന്ദ്രന്റേതാണ് സംഗീതം. കുടിപ്പകയുടെ കനൽ മനസ്സിൽ പേറുന്ന ലോറി ഡ്രൈവർ ബലരാമൻ മോഹൻലാലിനു ലഭിക്കുന്ന വ്യത്യസ്‌ത കഥാപാത്രമാണ്. സ്‌ഫടികത്തിനുശേഷം മോഹൻലാൽ ലോറി ഡ്രൈവറാകുന്നു എന്ന പ്രത്യേകതയും ‘കനലി’നുണ്ട്. നെടുമുടിവേണു, ജഗദീഷ് എന്നിവർ പ്രധാന വേഷത്തിലുണ്ട്.
ഏഴുവർഷത്തിനുശേഷം സെവൻ ആർട്‌സ് നിർമ്മിക്കുന്ന സിനിമ എന്ന നിലയിൽ കനൽ വാർത്ത പ്രാധാന്യം നേടിക്കഴിഞ്ഞു. സിനിമകൾ പരാജയങ്ങളായതിനെ തുടർന്ന് ടെലിവിഷൻ പരമ്പരകൾ നിർമ്മിച്ചു വരികയായിരുന്നു മുൻനിര സിനിമാ നിർമ്മാണ കമ്പനി.
Generated from archived content: cinema1_aug10-05.html Author: puzha_com