പ്രമേയത്തിലെയും ആഖ്യാനത്തിലെയും പുതുമകൊണ്ട് മലയാളത്തിന്റെ മനം കവർന്ന ‘ചാന്തുപൊട്ട്’ തമിഴിലേക്ക്. ദിലീപ് അവതരിപ്പിച്ച സ്‌ത്രൈണ സ്വഭാവിയായ രാധാകൃഷ്‌ണനെ തമിഴിൽ അവതരിപ്പിക്കുന്നത് വിക്രം. പുതുമയുളള കഥാപാത്രങ്ങളുടെ പിന്നാലെ പോകുന്ന വിക്രം ‘ചാന്ത്‌പൊട്ട്’ കണ്ടയുടൻ ചിത്രം തമിഴിൽ എടുക്കാനുളള താൽപര്യം നിർമ്മാതാവ് ലാലിനെ അറിയിക്കുകയായിരുന്നു.
തമിഴ് ചാന്ത്‌പൊട്ട് നിർമ്മിക്കുന്നത് ‘കണ്ണുക്കുൾ നിലവ്’ ഫെയിം മോഹൻ നടരാജനാണ്. സംവിധായകൻ ലാൽജോസ് അല്ലെങ്കിൽ ബാല എന്നാണ് ഇപ്പോഴുളള ധാരണ. വിക്രമിനെ ജനപ്രിയനാക്കിയ ‘പിതാമഹന്റെ’ സംവിധായകനാണ് ബാല. കഥയും തിരക്കഥയും ബെന്നി.പി. നായരമ്പലത്തിന്റേതു തന്നെ. തമിഴ് സംഭാഷണമെഴുതുന്നത് ഗോകുലകൃഷ്‌ണൻ. തമിഴ് പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച മാറ്റങ്ങളോടെയാകും ബെന്നി. പി. നായരമ്പലം ചിത്രത്തിന് തിരക്കഥയൊരുക്കുക.
ബെന്നിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്‌ത തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ ‘മജ’യിൽ അഭിനയിച്ചു വരികയാണ് വിക്രം ഇപ്പോൾ.
Generated from archived content: cenima2_oct05_05.html Author: puzha_com