ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഗോളവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഇറാഖിനെതിരെ ആംഗ്ലോ-അമേരിക്കൻ ശക്തികൾ നടത്തിയ കടന്നാക്രമണത്തിനും എതിരെ ലോകമെങ്ങും നടന്നതും ഇപ്പോഴും തുടർന്ന് വരുന്നതും ആയ പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും മാർക്‌സിസ്‌റ്റുകാരല്ല. പക്ഷേ ഈ ലോകവ്യാപകമായ ജനകീയ പ്രകടനങ്ങളുടെ പുറകിൽ നിലനിൽക്കുന്ന വ്യവസ്ഥയോടും അതിന്റെ അടിത്തറയായ മുതലാളിത്തത്തോടും ഉളള വർദ്ധിച്ചുവരുന്ന അസംതൃപ്‌തിയും എതിർപ്പും ആണ് പ്രകടമാകുന്നത്. സ്വാഭാവികമായും ഈ അസംതൃപ്‌തിക്കും എതിർപ്പിനും സൈദ്ധാന്തികമായ ന്യായീകരണങ്ങൾ കണ്ടെത്താനുളള പലരുടേയും ശ്രമം അവരെ മാർക്‌സിസത്തിലേക്കാണ് നയിക്കുന്നത്. അങ്ങനെ മാർക്‌സിസം എന്തെന്നറിയാനും ആധുനികകാല ദുരവസ്ഥയ്‌ക്ക് പരിഹാരം എന്തെന്ന് കണ്ടെത്താനും ഉളള വ്യാപകമായ ശ്രമം സാധാരണക്കാരിലും ധിഷണാശാലികളിലും വളർന്നു വരുന്നു എന്ന വസ്‌തുത ഗ്രഹിച്ചിട്ടാകാം ലാഭമാത്ര പ്രാണരായ ബൂർഷ്വാ പ്രസാധകർ പോലും മാർക്‌സിസ്‌റ്റ് കൃതികൾ പ്രസിദ്ധീകരിക്കുന്നതിൽ പരസ്‌പരം മത്സരിക്കുന്നത്.
യൂറോപ്യൻ സോഷ്യലിസത്തിന്റെ തകർച്ചയ്‌ക്ക് ശേഷം ഇത്രവേഗം പ്രായോഗികതലത്തിലും ബൗദ്ധികമണ്ഡലത്തിലും മാർക്‌സിസത്തിന് ഇപ്രകാരം ഒരു പുത്തൻ ഉണർവ് സംഭവിക്കും എന്ന് മാർക്‌സിസ്‌റ്റ് സൈദ്ധാന്തികർ പോലും കരുതിക്കാണുമോ എന്ന് സംശയം.
എന്നാൽ ഈ പുത്തൻ ഉണർവ് സോവിയറ്റ് തകർച്ചയ്‌ക്ക് മുമ്പ് ഉണ്ടായിരുന്ന ശൈലിയിലേക്ക് മാർക്‌സിസത്തെ തിരിച്ചു കൊണ്ടുപോകലാണ് എന്ന് ധരിക്കുന്നത് അബദ്ധമാകും. യൂറോപ്യൻ സോഷ്യലിസ്‌റ്റ് പരാജയത്തിന്റെ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് മാർക്‌സിസത്തെ കൂടുതൽ സമ്പുഷ്‌ടവും പ്രയോഗക്ഷമവും ആക്കേണ്ടതുണ്ട്. സോവിയറ്റ് തകർച്ചയെ തുടർന്ന് 1992-ൽ ചെന്നൈയിൽ വെച്ച് ചേർന്ന സി.പി.ഐ (എം)ന്റെ പതിനാലാം കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്‌ത്ര പ്രമേയത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. യൂറോപ്യൻ സോഷ്യലിസത്തിന്റെ തകർച്ചയ്‌ക്ക് കാരണം സോഷ്യലിസത്തിന്റെയോ മാർക്‌സിസത്തിന്റെയോ അടിസ്ഥാന ദൗർബല്യങ്ങൾ അല്ലെന്നും അവ പ്രയോഗത്തിൽ വരുത്തുന്നതിൽ വന്നിട്ടുളള പോരായ്‌മകളാണെന്നും ആ പോരായ്‌മകൾ നികത്തി മാർക്‌സിസത്തെ പുതിയകാല പ്രശ്‌നങ്ങൾകൂടി ഉൾക്കൊളളിച്ച് സമ്പുഷ്‌ടമാക്കേണ്ടതുണ്ടെന്നും ചെന്നൈ പാർട്ടി കോൺഗ്രസ് വിലയിരുത്തി. സി.പി.ഐ (എം)ന് പുറമെ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഉളള പല മാർക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ് പാർട്ടികളും ചിന്തകരും ഇപ്രകാരം ആത്മവിമർശനം നടത്തി പുതിയ യുഗത്തിന് അനുസൃതമായ രീതിയിൽ മാർക്‌സിസത്തെ സമ്പുഷ്‌ടമാക്കുകയും വർഗസമരങ്ങൾ നടത്തുകയും ചെയ്യുന്നു.
പക്ഷേ ഈ യത്‌നത്തിൽ സംഭവിക്കാൻ ഇടയുളള ഒരു തെറ്റിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. “കുടിവെളളം തൊടിയിലേക്ക് ഒഴിച്ച് കളയുന്നതിനോടൊപ്പം കുട്ടിയേയും എറിഞ്ഞുകളയുക” എന്ന തെറ്റാണ് അത്. അതായത് തെറ്റുകൾ തിരുത്തുകയും പുത്തൻ ഘടകങ്ങൾ അനുഭവത്തിൽ നിന്ന് എടുത്ത് ചേർത്ത് മാർക്‌സിസ്‌റ്റ് ചിന്തയെയും പ്രയോഗത്തെയും സമ്പുഷ്‌ടമാക്കുകയും ചെയ്യുമ്പോൾ സ്ഥാപകാചാര്യൻമാർ പഠിപ്പിച്ച അടിസ്ഥാന തത്ത്വങ്ങൾ-വർഗസമരം, തൊഴിലാളിവർഗവിപ്ലവം, തൊഴിലാളി വർഗപാർട്ടിയുടെ അനുപേക്ഷണീയത മുതലായവ-കൈമോശം വന്നുപോകരുത്. അത് സംഭവിച്ചാൽ മാർക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ് പാർട്ടി ഒരു റിവിഷനിസ്‌റ്റ് സോഷ്യൽ ഡമോക്രാറ്റിക് കക്ഷിയോ മിതവാദി കക്ഷിയോ ആയി തരം താഴും. അങ്ങനെ തരം താഴുന്ന പാർട്ടിക്ക് സോഷ്യലിസ്‌റ്റ് വിപ്ലവം എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ ആവുകയില്ല.
ഈ വീക്ഷണപ്രകാരമുളള പഠനത്തിനും പരിശീലനത്തിനും അധ്യാപനത്തിനും വിജ്ഞാനദാഹികൾക്ക് പൊതുവായനയ്‌ക്കും ഉപകരിക്കുന്ന ഈ ലഘുകൃതി വായനക്കാർക്കായി അവതരിപ്പിച്ച് കൊളളുന്നു. പ്രൊഫസർ കെ.എൻ.ഗംഗാധരനിൽ നിന്ന് ഇനിയും ഇതുപോലുളള ഉത്തമ സംഭാവനകൾ പ്രതീക്ഷിച്ചുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
(പി.ഗോവിന്ദപ്പിളളയുടെ അവതാരികയിൽനിന്നും)
മാർക്‌സിസം ഒരു കൈപ്പുസ്‌തകം, പ്രൊഫ.കെ.എൻ.ഗംഗാധരൻ, വില -35.00, ചിന്ത പബ്ലിഷേഴ്‌സ്
Generated from archived content: bookreview_mar15_06.html Author: puzha_com