സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും കേരളത്തിന്റെയും ജീവിതത്തെ മൗലികചിന്തയുടെ കത്തിമുനയിൽ നിർത്തി വിജയൻ വിശകലനം ചെയ്‌തതിന്റെ സൂക്ഷ്‌മരേഖകളാണ് ഈ സമ്പൂർണ്ണലേഖനസമാഹാരത്തിൽ നിങ്ങൾ വായിക്കുന്നത്.
1975 മുതൽ 2005 വരെയുളള മൂന്നു ദശകങ്ങളിലെ ഇന്ത്യൻ രാഷ്‌ട്രീയജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ വശങ്ങളും ദേശീയവും പ്രാദേശികവും രാജ്യാന്തരീയവുമായ മാനങ്ങളും തെളിയുന്ന കാചമാണ് ഈ ലേഖനസമാഹാരം. ഈ നീണ്ട വർഷങ്ങളിൽ നമ്മുടെ പൊതുജീവിതത്തിന്റെ നാടകശാലയിൽ വേഷങ്ങളാടി താൻ താൻ വഴി മറഞ്ഞവരും ഇന്നും അവിടെതന്നെ തുടരുന്നവരും രാഷ്‌ട്രീയചിന്തയുടെ വിശകലനസൂക്ഷ്‌മതയിൽ പൊയ്‌മുഖമഴിഞ്ഞ് വിലക്ഷണരായ കാരിക്കേച്ചറുകളായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. നയതന്ത്രം, അഴിമതി, നയവൈകല്യം, സർവാധിപത്യം, ഹ്രസ്വദൃഷ്‌ടി, സ്വാർത്ഥം, സ്വജനപക്ഷപാതം, അഹന്ത, മൗഢ്യം, യുദ്ധം, ആയുധവാണിഭം, യന്ത്രഭ്രമം, ജനവിരുദ്ധത, കാപട്യപ്രചാരണം, കൊളള, തട്ടിപ്പ്, വ്യാജപ്രസ്‌താവന തുടങ്ങി രാഷ്‌ട്രീയജീവിതത്തിന്റെയും ജനാധിപത്യപ്രക്രിയയുടെയും ഭാഗമായി മാറിക്കഴിഞ്ഞ ‘വ്യസന’ങ്ങളെല്ലാം പത്രപ്രവർത്തകന്റെ അപഗ്രഥനകൗശലത്തിൽ തെളിഞ്ഞുവരുന്നു. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ രാഷ്‌ട്രീയത്തിന്റെ ശുദ്ധികളും മാലിന്യങ്ങളും അപഹാസ്യതകളും ദുഷ്‌ടതകളും വിചാരണ ചെയ്യപ്പെടുന്ന സൗമ്യമായ ഒരു തർക്കസദസ്സാണ് ഈ പുസ്‌തകം. പത്രപ്രവർത്തകന്റെ സൂക്ഷ്‌മമായ വിശകലനപാടവവും രാഷ്‌ട്രീയചിന്തകന്റെ നിശിതമായ നീതിബോധവും താത്ത്വികന്റെ സ്വതന്ത്രമായ നിലപാടും ഇവയിൽ കാണാം.
ഒ.വി.വിജയന്റെ ലേഖനങ്ങൾ, എഡിറ്റർഃ പി.കെ.രാജശേഖരൻ, പേജ് ഃ 908, വിലഃ 375 രൂപ.
Generated from archived content: book2_july27_05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English