ജീവിതത്തിന്റെ കടൽക്കാഴ്‌ച

കടൽജീവിതത്തിന്റെ സാംസ്‌കാരിക മൂലധനം നോവൽവത്‌കരിക്കുന്നതിന്റെ ഏറ്റവും മികച്ച മലയാള മാതൃകയാണ്‌ കെ.എ.സെബാസ്‌റ്റ്യന്റെ ‘രാജാക്കൻമാരുടെ പുസ്‌തകം’. കടൽത്തീരമനുഷ്യരുടെ സാമൂഹികജീവിതം ചിത്രീകരിച്ച തകഴിയുടെ ‘ചെമ്മീൻ’ ഒരർത്ഥത്തിലും ഈ നോവലിനു മുന്നോടിയല്ല. എന്നാൽ മനുഷ്യസ്ഥൈര്യത്തിന്‌ വേലിയേറ്റങ്ങളെക്കാൾ കരുത്തുളള വെല്ലുവിളികൾ ഉയർത്തുന്ന ഹെർമൻ മെൽവിലിന്റെയും ഏണസ്‌റ്റ്‌ ഹെമിങ്ങവേയുടേയും സമുദ്രേതിഹാസങ്ങൾ സെബാസ്‌റ്റ്യന്റെ നോവൽ ഭാവനയെ പ്രചോദിപ്പിച്ചിട്ടുണ്ട്‌ എന്നു കരുതുന്നതിൽ തെറ്റില്ല. തിമിംഗലവേട്ടയുടെ വൈദ്യുതതരംഗങ്ങളിലേക്ക്‌ തന്റെ ജീവിതം പകയോടെ വീശിയെറിയുന്ന ഒറ്റക്കാലൻ ക്യാപ്‌റ്റൻ അഹാബിൽനിന്നും സിംഹങ്ങളെ സ്വപ്‌നം കണ്ടുറങ്ങുന്ന കിഴവൻ സാന്തിയാഗോവിൽനിന്നും അയ്യപ്പനപ്പാപ്പനിലേക്കു നീണ്ടുകിടക്കുന്ന ഒരു നാവികമാർഗ്ഗം ‘രാജാക്കൻമാരുടെ പുസ്‌തക’ത്തിന്റെ ഭാവനാഭൂപടത്തിൽ കാണാം…

ചെത്തി എന്ന കടൽത്തീര ഗ്രാമത്തിന്റെ അധിഭൗതികജീവിതമാണ്‌ ‘രാജാക്കൻമാരുടെ പുസ്‌​‍്‌തകം’. ഓരോ മനുഷ്യനും ദേശത്തിനും സമൂഹത്തിനും പ്രസ്ഥാനത്തിനും പ്രത്യയശാസ്‌ത്രത്തിനും ഭൗതികവും അധിഭൗതികവുമായ രണ്ടു ജീവിതങ്ങളുണ്ടെന്നും ചെത്തിയിൽ അതു സംഭവിച്ചതെങ്ങനെയെന്നും ദൈവത്തിനും ദൈവത്തെ വെല്ലുവിളിക്കുന്ന കമ്യൂണിസ്‌റ്റുകാർക്കുമിടയിൽനിന്ന്‌ രേഖപ്പെടുത്തുകയാണ്‌ ഈ നോവൽ. ഭൗതികജീവിതത്തിൽ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ ആശാരിയായിത്തീർന്ന മനുഷ്യൻ തന്നെയാണ്‌ അധിഭൗതികജീവിതത്തിൽ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ മുക്കുവനുമാകുന്നത്‌. വാവ, അയ്യപ്പനപ്പാപ്പൻ, മണികണ്‌ഠൻ, ദൈവം, അങ്കപ്പുംഗാച്ചി, ആഗസ്‌തി, ഗ്രിഗറി, മൂപ്പൻ, കുഞ്ഞോമന എന്നിങ്ങനെ ഈ നോവലിലെ കഥാപാത്രങ്ങൾക്കുളളതും ഈ വിധം ദ്വന്ദ്വമാനമുളള ജീവിതങ്ങളാണ്‌. മതവും സമൂഹവും വിശ്വാസവും തൊഴിലും ഭയവും ഭക്തിയും രതിയും വേട്ടയും പ്രകൃതിയുമായി ബന്ധപ്പെടുന്ന നിരവധി മിത്തുകളുടെ ഒരു പരമ്പരയാണ്‌ ഈ നോവലിന്റെ കഥാഭൂമിക രൂപപ്പെടുത്തുന്നത്‌. ഒപ്പം, ഇരുപതാം നൂറ്റാണ്ടിന്റെ മിത്ത്‌ എന്നു വിളിക്കാവുന്ന കമ്യൂണിസവും.

അപ്പനാരെന്നറിയാത്ത വാവ, താനൊരു വേശ്യയുടെ മകനാണെന്ന്‌ അറിയുന്ന തുടക്കം മുതൽ ദൈവത്തിന്റെ വിമാനത്തിൽ സമുദ്രത്തിനും കരയ്‌ക്കും അമ്മയ്‌ക്കും കാമുകിക്കും മീതെ മാനത്തേക്കുയർന്നു പോകുന്ന വാവയെക്കുറിച്ച്‌ വെളിപാടുപുസ്‌തകത്തിന്റെ പാരഡിയായി എഴുതപ്പെട്ടിരിക്കുന്ന ഒടുക്കംവരെ വേണമെങ്കിൽ യേശുവിന്റെ മിത്തിനെ നോവൽ പിന്തുടരുന്നുവെന്നു പറയാം….

കടൽത്തീരഭൂമിശാസ്‌ത്രം, രാപകലുകൾ, കാലാവസ്ഥ, പ്രകൃതി, കടലിന്റെ ജീവശാസ്‌ത്രം, മത്സ്യവേട്ടയുടെ ഊർജതന്ത്രം, സമുദ്രയാനത്തിന്റെ രസതന്ത്രം എന്നിങ്ങനെ കടൽജീവിതത്തിന്റെ സാംസ്‌കാരിക വിശദാംശങ്ങളിലുളള ശ്രദ്ധ, കഥയ്‌ക്കും മിത്തുകൾക്കുമിടയിലുളള ഭാവനാലോകങ്ങളെ നോവൽവത്‌കരിക്കുന്ന ഈ കൃതിയുടെ ആഖ്യാനകലയെ സവിശേഷമാക്കുന്ന ഏറ്റവും നിർണ്ണായകമായ ഘടകമാണ്‌. ഏതെങ്കിലും ഭാഗമല്ല, ഈ കൃതി അപ്പാടെത്തന്നെ ഇതിനുദാഹരണമാണ്‌. കടലിനുമേൽ വീശുന്ന കൊടുങ്കാറ്റുപോലെ കരുത്തുളള ജീവിതത്തിന്റെ തിരയിളക്കങ്ങൾ ഈ നോവലിൽ എന്നിട്ടും കാണാം. തീരവും മുകളിൽ ആകാശവുമുളള കടലിൽനിന്നുതന്നെയാണ്‌ സെബാസ്‌റ്റ്യൻ തീപോലുളള ജീവിതങ്ങൾ കണ്ടെടുക്കുന്നത്‌. ഇവയാകട്ടെ ഒന്നൊഴിയാതെ കടലെടുത്തുപോവുകയും ചെയ്യുന്നു. അതേസമയംതന്നെ, നോവൽ പ്രാഥമികമായും ജീവിതത്തിന്റെ കഥപറച്ചിലാണെന്ന സങ്കല്പനം ചോദ്യം ചെയ്യുന്ന മട്ടിൽ പാഠാന്തരതകളിലും പാരഡികളിലും സങ്കരതകളിലും അതീത യാഥാർത്ഥ്യങ്ങളിലും പ്രതീതിബിംബങ്ങളിലും കൂടി ആഖ്യാനം ചെയ്യപ്പെടുന്ന സാംസ്‌കാരികതയായി മിത്തുകളുടെ ഒരു അപാരലോകം സൃഷ്‌ടിക്കുകയാണ്‌ രാജാക്കൻമാരുടെ പുസ്‌തകം എന്നും പറയാം.

ജീവിതത്തിന്റെ കടൽക്കാഴ്‌ചകൾ ജീവിതത്തിൽ നിന്നുതന്നെയുളള ഒരു മുങ്ങാംകുഴിയിടലിലൂടെ അവതരിപ്പിക്കുകയാണ്‌ ഈ നോവൽ. ചരിത്രത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും മാന്ത്രികച്ചേരുവ എന്നതിനെക്കാൾ ഭൂതകാലത്തിലും വർത്തമാനകാലത്തിലും ചിറകുവീശി സഞ്ചരിക്കുന്ന വിശ്വാസങ്ങളുടെയും ഭീതികളുടെയും ശരീരത്തിന്റെ കാമനകളുടെയും ലോകത്തെ മലയാളഭാവനയുടെ ഫാന്റസികൾക്കും യക്ഷിക്കഥകൾക്കും തുടർച്ചയും പകരവുമായി വയ്‌ക്കുന്ന പുതിയൊരു മിത്താണ്‌ ഈ നോവൽ….

മൃതിയുടെ ഗജേന്ദ്രരൂപം പൂണ്ട്‌ മഹാസമുദ്രത്തിൽ തിരകൾക്കിടയിൽ പാഞ്ഞുനടക്കുന്ന ഒരു തിമിംഗലത്തിന്റെ വയറ്റിലേക്കു തിരിച്ചുപോകുന്ന അയ്യപ്പനപ്പാപ്പനെ നോവൽ അവതരിപ്പിക്കുന്നുണ്ട്‌. കടലിന്റെ ഗർഭപാത്രത്തിലേക്കുളള സൃഷ്‌ടിയുടെ ഈ പിന്മടക്കം ഉൾപ്പെടെ ഈ കൃതി മുന്നോട്ടുവയ്‌ക്കുന്ന നിരവധിയായ മിത്തിക്കൽ സൂചനകൾ ‘രാജാക്കൻമാരുടെ പുസ്‌തക’ത്തെ ‘സ്വർഗ്ഗദൂത’നും ‘അരനാഴികനേര’ത്തിനും ശേഷം മലയാളത്തിലെഴുതപ്പെട്ട ശ്രദ്ധേയമായ ബിബ്ലിക്കൽ നോവൽ കൂടിയാക്കുന്നു.

(ഇന്ത്യാ ടുഡേ, ഒക്‌ടോബർ 13, 2004)

രാജാക്കൻമാരുടെ പുസ്‌തകം (നോവൽ)

കെ.എ.സെബാസ്‌റ്റ്യൻ, ഡി സി ബുക്‌സ്‌, വില ഃ 60.00

Generated from archived content: book2_dec9.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here