“നമുക്കറിവുളള ലിഖിതചരിത്രം തന്നെ തെറ്റുകളുടെ ഒരു വിഡ്‌ഢിസമാഹാരമായിരിക്കാം” (‘ചരിത്രത്തിൽ ഇടപെടുമ്പോൾ’ എന്ന നോവൽ) എന്ന ഒരു അവബോധവും അതുമൂലമുളള നിത്യവ്യസനവും കെ.പി.ഉണ്ണിയുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്. ചരിത്രം എന്നതുകൊണ്ടു വ്യവഹരിക്കുന്നത് പലപ്പോഴും ചരിത്രത്തിലുളളതല്ല എന്ന ബോധ്യം അല്ലെങ്കിൽ ഒരു കാലഘട്ടത്തിന്റെ ദുഃഖങ്ങളും ദുരന്തങ്ങളും മനുഷ്യരുടെ വൈകാരികജീവിതം ആകെത്തന്നെയും അടയാളപ്പെടുത്താൻ ചരിത്രത്തിന് ഒട്ടും പ്രാപ്‌തിയില്ല എന്ന വെളിപാട് (‘ചരിത്രത്തിൽ ഇടപെടുമ്പോൾ’ എന്ന ആദ്യകൃതിക്കുശേഷം) കെ.പി.ഉണ്ണിയുടെ പുതിയ രചനയായ ‘ഫോസിലുകളിൽ ഉണ്ടായിരുന്നത്’ എന്ന നോവലിന്റെ മുഖ്യപ്രമേയമാകുകയാണ്, ഫോസിലുകൾ പ്രകൃതി സൂക്ഷിക്കുന്ന കലർപ്പില്ലാത്ത അവശിഷ്‌ടങ്ങളെങ്കിൽ, ചരിത്രം എന്നത് പലപ്പോഴും മനുഷ്യന്റെ കളങ്കമുറ്റിയ വ്യാജനിർമ്മിതി മാത്രമായിത്തീരുന്നുവെന്ന ദുഃഖസത്യം ഈ നോവലിന്റെ ആന്തരശ്രുതിയും ആധാരശിലയുമാണ്. സമ്പത്തിന്റെയും അധികാരത്തിന്റെയും ഏകപക്ഷീയമായ ചൂഷണവും ബലപ്രയോഗവും മൂലം, ചരിത്രം എപ്പോഴും ശക്തന്റെ സ്തുതിഗാഥയാകുമെന്ന എഴുത്തുകാരന്റെ വലിയ ആശങ്കയാണ് ‘ഫോസിലുകളിൽ ഉണ്ടായിരുന്നത്’ പോലൊരു രചനയ്‌ക്ക് നിശ്ചയമായും നിദാനമാകുന്നത്….
ഛേദി എന്ന ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് നോവൽ സ്ഥലമാകുന്നത്. അവിടെ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് പ്രയാസപ്പെട്ടു ജീവിച്ച ജനങ്ങൾ, ധാരാളം വാഗ്‌ദാനങ്ങളുമായി ഛേദി ഹൈഡൽ കമ്പനി മലകയറി വന്നപ്പോൾ സന്തോഷപൂർവ്വം സ്വീകരിക്കുകയാണ്. ‘ഫോസിലുകളിൽ ഉണ്ടായിരുന്നത്’ എന്ന നോവലിൽ ഛേദി എന്ന ഗ്രാമം ഒരു ദുരന്തഭൂമിയായിത്തീരുന്നതിന്റെ ദാരുണചിത്രങ്ങളാണ് പിന്നീട് തെളിയുന്നത്. കമ്പനിവക സ്‌കൂളും ആശുപത്രിയും അതിഥിമന്ദിരവും നിർമ്മിക്കുന്നതിനുവേണ്ടി അഗതികളായ ഗ്രാമീണരുടെ കുടിയൊഴിക്കൽ, കമ്പനി ജോലിക്കാരുടെ സാമ്പത്തികമോ ശാരീരികമോ ആയ സുരക്ഷ ഒട്ടും പരിഗണിക്കാതെ കമ്പനി അധികാരി നടത്തുന്ന നിരന്തര ചൂഷണങ്ങൾ, കമ്പനിയിലെ തൊഴിലാളികൾ പരാജയപ്പെടാൻ വേണ്ടി മാത്രം രണ്ടുതവണ നടത്തുന്ന പണിമുടക്കുകൾ, കമ്പനിക്കുവേണ്ടി പണിയെടുക്കുമ്പോഴുണ്ടാകുന്ന നിരന്തര അപകടങ്ങളും തൊഴിലാളികളുടെ ജീവാപായങ്ങളും, ഏറ്റവുമൊടുവിൽ സർവ്വനാശം വിതയ്‌ക്കുന്ന വെളളപ്പൊക്കവും- എല്ലാം ചേർന്ന് അവസാനം ഭൂമിയിലെ ഒരു പ്രത്യക്ഷ നരകമായിത്തീരുകയാണ് നോവലിലെ ഛേദി എന്ന ഗ്രാമം….
ഒരു നോവൽ എന്ന നിലയ്‌ക്ക് പക്ഷേ, ‘ഫോസിലുകളിൽ ഉണ്ടായിരുന്നത്’ എന്ന കൃതി വ്യത്യസ്‌തമാകുന്നത് ഒരിക്കലും ഛേദിയുടെ ഈ ദുരന്തചിത്രം പരത്തിപ്പറയുന്നതിലൂടെയല്ല. മറിച്ച് ആ അനുഭവങ്ങളെ ആത്മാവിൽ പേറാൻ നിയോഗിക്കപ്പെട്ട ചില ജീവസുറ്റ കഥാപാത്രങ്ങളിലൂടെയാണ്. ഏറ്റവുമാദ്യം സൂചിപ്പിച്ചതുപോലെ, ചരിത്രബദ്ധമായ സന്ദേഹങ്ങളിലൂടെ വളർന്നുവരുന്ന മനു എന്ന കഥാപാത്രത്തിലാണ് (കമ്പനി എൻജിനീയറിലാണ്) നോവൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഒരർത്ഥത്തിൽ മനു രൂപപ്പെടുത്തിയെടുക്കുന്ന ഛേദിയുടെ ചരിത്രം തന്നെയാണ്-ചരിത്രത്തിൽ ഉണ്ടാകാനിടയുളള എല്ലാ കന്മഷങ്ങളെയും അകറ്റിനിർത്തിയ ഒരു ചരിത്രം തന്നെയാണ്-‘ഫോസിലുകളിൽ ഉണ്ടായിരുന്നത്’ എന്ന നോവൽ….ഉപരേഖകൾ പോലെ നരേശിന്റെയും സിസ്‌റ്റർ സലോമിയുടെയും ചില ഡയറിക്കുറിപ്പുകളും സ്‌മൃതിചിത്രങ്ങളും നമുക്ക് മനുവിനോടൊപ്പം വായിക്കാൻ കഴിയുന്നുണ്ട്.
…ഛേദി എന്ന ഇടം നമ്മുടെ ജില്ലയോ സംസ്ഥാനമോ രാജ്യമോ എല്ലാം ആയി വായിക്കപ്പെടാനുളള സാധ്യതകൾ ധാരാളം നോവലിലുണ്ട്-നമ്മളെല്ലാം ഓരോ ഛേദിയിലാണെന്ന തോന്നൽ. വെളളപ്പൊക്കത്തിൽ ആഗസ്‌റ്റ് പതിനഞ്ചിനു തന്നെ പാലം തകരുന്നത് നരേശിന്റെ ഡയറിയിൽ നാം വായിക്കുമ്പോൾ, അതിന്റെ രാഷ്‌ട്രീയമാനം അവഗണിക്കാൻ ആർക്കുമാകില്ല. നഗരവത്‌കരണത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും കെടുതികൾ നോവൽ പരോക്ഷമായി വരച്ചിടുകയാണ്…..
(മലയാളം വാരിക, സെപ്‌റ്റംബർ 17,2004)
ഫോസിലുകളിൽ ഉണ്ടായിരുന്നത് (നോവൽ)
കെ. പി. ഉണ്ണി
കറന്റ് ബുക്‌സ്, വില ഃ 80 രൂപ
Generated from archived content: book2_dec20.html Author: puzha_com