അഭ്യുദയം

മലയാള സാഹിത്യത്തിന്‌ അധികം പരിചിതനല്ലാത്ത ഹിന്ദി സാഹിത്യകാരനാണ്‌ ഡോ.നരേന്ദ്ര കോഹ്‌ലി. എന്നാൽ മഹത്തായ രചനകൾ സംഭാവന ചെയ്‌ത എഴുത്തുകാരനെന്ന നിലയിൽ ഹിന്ദി സാഹിത്യലോകത്തിൽ ശ്രദ്ധേയനാണ്‌. നോവലിസ്‌റ്റായും കഥാകാരനായും നാടകകൃത്തായും വ്യംഗ്യലേഖകനായുമെല്ലാം ഹിന്ദി സാഹിത്യത്തിൽ അദ്ദേഹം അറിയപ്പെടുന്നു.

യാദൃച്ഛികമായാണ്‌ ഡോ.നരേന്ദ്ര കോഹ്‌ലിയുടെ അഭ്യുദയം എന്ന നോവൽ വായിക്കാനിടയായത്‌. രാമകഥയ്‌ക്ക്‌ തികച്ചും നൂതനമായ പരിവേഷം നല്‌കുന്ന രചനയെന്ന നിലയിൽ ഈ കൃതി ആകർഷകമായി തോന്നി. പിന്നീട്‌ മഹാഭാരതകഥയുടെ പശ്ചാത്തലത്തിൽ ലേഖകൻ എട്ടു ഭാഗങ്ങളായി രചിച്ച മഹാസമർ എന്ന നോവലിന്റെ ആദ്യഭാഗമായ ബന്ധൻ വായിച്ചപ്പോൾ ഇദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഉത്‌കൃഷ്‌ടങ്ങളാണെന്ന്‌ അനുഭവപ്പെട്ടു. തുടർന്ന്‌ സ്വാമി വിവേകാനന്ദന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തിലുളള നോവൽ തോഡോ കാരാ തോഡോ ശ്രദ്ധയിൽ പെട്ടു. ഈ രചനകൾ ഹിന്ദി സാഹിത്യത്തിനെന്നല്ല ഭാരതീയ സാഹിത്യത്തിനൊന്നാകെയും മുതൽക്കൂട്ടാണ്‌. അദ്ദേഹത്തിന്റെ രചനകളെ മലയാളസാഹിത്യത്തിന്‌ പരിചയപ്പെടുത്തേണ്ടത്‌ ആവശ്യമാണെന്ന്‌ തീർച്ചയാക്കി. കൃഷ്‌ണകുചേലബന്ധത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച അഭിജ്ഞാൻ എന്ന നോവൽ വിവർത്തനം ചെയ്‌ത്‌ കർമ്മയോഗം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തുടർന്ന്‌ അഭ്യുദയം എന്ന നോവലിന്റെ വിവർത്തനം ആരംഭിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ രചനകളെ അറിയുകയെന്നാൽ ഹിന്ദി സാഹിത്യത്തെ കൂടുതൽ അറിയുക കൂടിയാണ്‌.

പുരാണേതിഹാസങ്ങളുടെ പശ്ചാത്തലത്തിൽ പല നോവലുകളും മലയാളസാഹിത്യത്തിന്‌ പരിചിതമാണ്‌. എന്നാൽ അതിലധികവും മഹാഭാരതത്തിലെ കഥകളുടെ പശ്ചാത്തലത്തിലാണ്‌. രാമായണകഥ പല രൂപത്തിലും മലയാളത്തിൽ കാണാമെങ്കിലും ഒരു നോവൽ എന്ന നിലയിൽ രാമകഥയെ അവതരിപ്പിച്ചുകൊണ്ടുളള രചനകൾ ഇല്ല എന്നുതന്നെ പറയാം. ഇതിന്റെ സവിശേഷതയായി ഞങ്ങൾ കണ്ടത്‌ നോവൽ എന്ന രീതിയിൽ രാമകഥയെ അവതരിപ്പിച്ചിരിക്കുന്നു എന്നതു മാത്രമല്ല. മറിച്ച്‌, രാക്ഷസീയമായ ഭീകരവാദവും ജാതിവ്യത്യാസവും ദളിതപീഡനവും സ്‌ത്രീപീഡനവും തൊഴിലാളികളെ ചൂഷണം ചെയ്യലും ഭരണകർത്താക്കളുടെ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും തുടങ്ങി സാമൂഹ്യസാംസ്‌കാരിക രാഷ്‌ട്രീയ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും രാമകഥയുടെ പശ്ചാത്തലത്തിൽ ചർച്ചചെയ്യപ്പെടുന്നു എന്നതുമാണ്‌. രാമനെ ഭക്തിയുടെ തലത്തിൽ നിന്നും വ്യക്തിയുടെ തലത്തിലേക്ക്‌ സമർത്ഥമായി കൊണ്ടുവരാൻ കഴിഞ്ഞിരിക്കുന്നു. ഇതിൽ അവതരിപ്പിച്ചിരിക്കുന്ന രാമൻ അവതാരപുരുഷനല്ല. ജനനേതാവാണ്‌ എന്നു പറയാം. മഹാവിഷ്‌ണുവിന്റെ അവതാരമായി ഭാരതജനത കരുതുന്ന രാമന്റെ ദൈവീകമായ വ്യക്തിത്വത്തിന്‌ കോട്ടം തട്ടിക്കുന്നതല്ലേ ഈ വീക്ഷണം എന്നു സംശയം തോന്നാം. എന്നാൽ മര്യാദാപുരുഷോത്തമനെന്ന വ്യക്തിത്വത്തെ തീർത്തും അന്വർഥമാക്കുന്ന രീതിയിൽ രാമനെ അവതരിപ്പിച്ചിരിക്കുന്നു. പ്രശ്‌നങ്ങൾക്ക്‌ പരിഹാരം ഭഗവാൻ വിഷ്‌ണു അവതാരമെടുക്കലല്ല എന്നും, ജനങ്ങളിൽ രാമത്വമുണ്ടാകലാണ്‌ എന്നും ഉദ്‌ഘോഷിക്കുന്ന രചനയാണിത്‌.

അഭ്യുദയം, നരേന്ദ്ര കോഹ്‌ലി, വിവഃ ഡോ.കെ.സി. അജയകുമാർ, ഡോ.കെ.സി.സിന്ധു, വില-450.00, കറന്റ്‌ ബുക്‌സ്‌

Generated from archived content: book1_oct06_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here