ജീവിതത്തിന്റെ നിഴൽ, മരണത്തിന്റെയും

ഏകാകികളുടെ പീഡാനുഭവ കഥകൾക്ക്‌ സാഹിത്യത്തിലെന്നും പ്രിയം കൂടുതലാണ്‌…പരിചിതമായ ജീവിത ഭൂമികകളിൽ ഉറച്ചുനിന്നുകൊണ്ട്‌ കഥ പറയാൻ സുലോചന നാലപ്പാടന്‌ ശ്രദ്ധയുണ്ടെന്നതിന്‌ അവരുടെ മുൻ രചനകൾ തെളിവാണ്‌. യുക്തിപരമായ നിർദ്ധാരണങ്ങൾക്കു വഴങ്ങാത്ത ദുർഗ്രഹതകളാണ്‌ ഈ നോവലിന്റെ സാരാംശമെന്നു പറയാം. നോവലിസ്‌റ്റിന്റെ അടിയുറച്ച ഈശ്വരസങ്കല്പവും ഇന്ത്യൻ ഫിലോസഫിയിലുളള അവഗാഹവും നോവലിന്റെ ആകർഷകമായ പശ്ചാത്തലവുമാവുന്നു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാനിഷ്‌ടപ്പെടാതെ മനുഷ്യസഹജമായ ഒരു ജീവിതംതന്നെ ആഗ്രഹിക്കാതെ, മറ്റുളളവരുടെ കണ്ണിൽ ഭ്രാന്തനായി പുസ്‌തകങ്ങളും ആലോചനകളുമായി തന്നിൽതന്നെ ഒളിച്ചുതാമസിക്കുന്ന ചന്ദ്രശേഖരമേനോനാണ്‌ നോവലിന്റെ കേന്ദ്രബിന്ദു. പാലയ്‌ക്കൽ തറവാട്ടിലെ മറ്റംഗങ്ങളും സംഭവങ്ങളുമെല്ലാം ഈ ബിന്ദുവിനെ ചുറ്റിപ്പറ്റി നില്‌ക്കുന്നു. ദീപ്‌തമായ അദ്ദേഹത്തിന്റെ ഭൂതകാലം രേഖീയമായ ഒരു ആഖ്യാനക്രമത്തിലല്ല വായനക്കാരുടെ മുമ്പിലെത്തുന്നത്‌. ഓരോ വ്യക്തിയും അവരുടേതായ വീക്ഷണകോണുകളിലൂടെ അയാളെ വിലയിരുത്താൻ ശ്രമിക്കുന്നു. ഒപ്പം വടക്കേയറയിലെ ഏകാന്തതയിൽ ചന്ദ്രയുടെ വിച്ഛിന്നമായ സ്വപ്‌നങ്ങളും കൂടിയാവുമ്പോൾ അയാളെക്കുറിച്ചുളള അവ്യക്തമായ ഒരു ചിത്രം പൂർത്തിയാവുകയാണ്‌.

വസ്‌തുനിഷ്‌ഠമായ ബാഹ്യലോകത്തിന്റെ നിയമാവലികൾക്കു വഴങ്ങുതല്ല മേനോന്റെ ആന്തരികലോകം. ആ ലോകം ആവൃതമാണ്‌, അമൂർത്തമാണ്‌. അവിടെയുണ്ടാവുന്ന സൂക്ഷ്‌മചലനങ്ങൾ പരിധികളില്ലാത്തതും അനന്തസാധ്യതകളോടുകൂടിയതുമാണ്‌. ബാഹ്യലോകത്ത്‌ ദുർബലനും രോഗിയുമായ ചന്ദ്ര തന്റെ അതിഭൗതികമായ ആന്തരികലോകത്ത്‌ ശക്തനും ജ്ഞാനപൂർണ്ണനുമാണ്‌. പൂർവാശ്രമത്തിലെ കർമ്മങ്ങൾക്ക്‌ ജീവിതംകൊണ്ട്‌ പാപപരിഹാരം ചെയ്യാൻ അയാൾ ആഗ്രഹിക്കുന്നു.

ആധുനിക വൈദ്യശാസ്‌ത്രത്തിൽ സെല്ലുകളുടെ ട്രാൻസ്‌പ്ലാന്റേഷൻ ഒരു മധുരസ്വപ്‌നമായി, ശുഭപ്രതീക്ഷയായി മാത്രം നിലനില്‌ക്കുകയാണ്‌. ഈ സ്വപ്‌നങ്ങളെ മേനോന്റെ മാനസികതലത്തിലേക്കു സന്നിവേശിപ്പിച്ചിരിക്കുന്നു. ശിവന്റെ വൈകല്യത്തിനു നിദാനമായത്‌ തന്റെ ലക്ഷ്യവേധിയായ ശാപവും ശസ്‌ത്രവുമാണെന്നു തിരിച്ചറിയുന്ന ചന്ദ്ര അവന്റെ ദോഷങ്ങളെ ‘ഇദം മമ’ എന്നേറ്റെടുക്കുന്നു. തന്റെ അരോഗമായ കോശങ്ങളെ അവനിലേക്കു മാറ്റിസ്ഥാപിക്കുകയും ഒടുവിൽ സ്വച്ഛന്ദമൃത്യു വരിക്കുകയും ചെയ്യുകയാണ്‌ ചന്ദ്രശേഖര മേനോൻ.

അതുവരെ നിഷേധാത്മകമായിരുന്ന സ്വന്തം ജീവിതത്തെ ആത്മീയമായ ഒരു സാക്ഷാത്‌കാരത്തിനുപയുക്തമാക്കുകയാണ്‌ ചന്ദ്ര. ഈ ആത്മീയസാഫല്യത്തിനാണ്‌ അയാൾ ജീവിതത്തെ തിരസ്‌കരിച്ച്‌, ഇരുട്ടറയിൽ ഏകാന്ത സാധനയിലൂടെ നിശിതമായ ജ്ഞാനമാർജിച്ചത്‌. മരണത്തിന്റെ സാന്നിധ്യം ഈ നോവലിലുടനീളമുണ്ട്‌. ജീവിതത്തോടുളള ചന്ദ്രയുടെ വിരക്തി മരണത്തോടുളള ആസക്തി തന്നെയാണ്‌. കേവലമായ മരണം, പുനർജന്മങ്ങളെക്കുറിച്ചുളള ഭീഷണി ഉയർത്തുന്നതുകൊണ്ട്‌ എല്ലാ പാപങ്ങൾക്കും ഈ ജീവിതത്തിൽ പരിഹാരമനുഷ്‌ഠിക്കാൻ മേനോൻ ഇച്ഛിക്കുന്നു; അങ്ങനെ മോക്ഷപ്രാപ്‌തി കൈവരിക്കാനും.

യുക്തിയും തർക്കശാസ്‌ത്രവുമൊക്കെ പരാജയപ്പെടുന്ന ദുരൂഹമായ അന്തർദർശനമണ്ഡലത്തിന്‌ പ്രാധാന്യം കൊടുക്കുന്നുവെന്നതാണ്‌ ഈ നോവലിന്റെ പുതുമ. ആത്മസത്യത്തെയാണ്‌ ചന്ദ്രശേഖരമേനോൻ ആന്വേഷിക്കുന്നത്‌. അനന്തമായ, അപരിമിതമായ ശക്തി തന്നിലൊളിച്ചിരിപ്പുണ്ടെന്ന്‌ അയാൾ അറിയുന്നു. സാധനയിലൂടെ ആ ശക്തിയെ പുറത്തുകൊണ്ടുവരുന്നു. ആത്മശക്തിക്കുളള ഈ പ്രാധാന്യം നോവലിനെ ഉപനിഷദ്‌ ദർശനങ്ങളോട്‌ അടുപ്പിച്ചുനിർത്തുന്നു. വൈദ്യശാസ്‌ത്രം സങ്കല്പിക്കുകമാത്രം ചെയ്‌തിട്ടുളള സെൽ ട്രാൻസ്‌പ്ലാന്റേഷൻ നിർഭയമായ കരുത്തോടെ പ്രാവർത്തികമാക്കുന്നിടത്ത്‌ നോവലിന്‌ ഒരു സയൻസ്‌ ഫിക്‌ഷന്റെ സ്വഭാവും കൈവരുന്നു. മതനിഷ്‌ഠമായ ആത്മീയതയെ ആധുനിക ശാസ്‌ത്രവുമായി മനോഹരമായി കൂട്ടിയിണക്കിയിരിക്കുകയാണ്‌ സുലോചന നാലപ്പാട്ട്‌.

(ഇന്ത്യാ ടുഡേ, ഒക്‌ടോബർ 27, 2004)

ദൈവത്തിന്റെ നിഴൽ (നോവൽ)

സുലോചന നാലപ്പാട്ട്‌, ഡി.സി. ബുക്‌സ്‌, വില ഃ 40 രൂപ.

Generated from archived content: book1_dec9.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here