ഇന്നലകളില്ലാതെ

മലയാള സിനിമ ഇന്നലെയുടെ പ്രതിഭകള്‍ എന്നത് എം കെ ചന്ദ്രശേഖരന്‍ എഴുതിയ സിനിമാ പഠനഗ്രന്ഥമാണ്. മലയാളത്തില്‍ സിനിമാ സാഹിത്യം സമ്പന്നമാണ്. അതിനാവശ്യമായ വസ്തുതകള്‍ തേടിപ്പിടിച്ച് കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. അതുകൊണ്ടുതന്നെ സിനിമയുടെ ഇന്നലെകളില്‍ ജീവിച്ചവരെക്കുറിച്ചുള്ള ഈ ഗ്രന്ഥം ശ്രദ്ധേയമാകുന്നു.

വാക്കുകളുടെ അനുഭവത്തേക്കാള്‍ ദൃശ്യാനുഭവങ്ങളിലേക്ക് ആസ്വാദനം പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ് ഇന്നുള്ളത്. എഴുത്തിലും ഈ മാറ്റം പ്രകടമാണ്. കഥാപാത്രങ്ങള്‍ ഭാവം, ചലനം, പശ്ചാത്തലം തുടങ്ങിയ ദൃശ്യസങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരണം പുതിയ വായനാനുഭവമാകുന്നു.

ചലച്ചിത്രകാരന്‍ ക്യാമറ കൊണ്ട് സാധ്യമാക്കുന്ന അവിസ്മയങ്ങളിലേക്കു കടന്നു ചെന്നുകൊണ്ട് കാഴ്ചയുടെ സംസ്ക്കാരത്തെ എഴുത്തില്‍ പകര്‍ന്നു വയ്ക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ പൂര്‍ണ്ണമാകുന്നത്. ആ അര്‍ത്ഥത്തില്‍ തന്റെ വ്യാപകമായ പരിചയത്തിലൂന്നി എം. കെ. ചന്ദ്രശേഖരന്‍ മലയാളത്തിലെ സാധാരണക്കാര്‍ക്കു നല്‍കുന്ന സംഭാവനയാണ് ഈ പുസ്തകം. സത്യന്‍ മുതല്‍ സുകുമാരി വരെയുള്ള അഭിനേതാക്കള്‍ പി എന്‍ മേനോനില്‍ തുടങ്ങി എം ഒ ജോസഫ് വരെയുള്ള സംവിധായകര്‍, നിര്‍മ്മാതാക്കള്‍, ഗാനരചയിതാക്കള്‍, പാട്ടുകാര്‍, തിരക്കഥാകൃത്തുക്കള്‍ എന്നു വേണ്ട കാലവും തരവും തലവും തലമുറയും മാറി മറിയുന്ന പ്രതിഭകളുടെ നിരയാണ് പുസ്തകം പകര്‍ന്നു തരുന്നത് .വ്യത്യസ്ത ശ്രേണിയിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളുടെ സര്‍ഗ്ഗ സപര്യയെ വിലയിരുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

സിനിമയുടെ പിന്നിട്ട പാതകളില് ‍സിനിമ എന്ന കലാരൂപത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച് പ്രതിഭകളുടെ രേഖപ്പെടുത്തല്‍ കൂടിയാണ് ഈ പുസ്തകം.

അഭിനേതാക്കളുടെ പട്ടിക സത്യന്‍ മുതല്‍ സുകുമാരി വരെ നീളുന്നു. മലയാള സിനിമയില്‍ സുകുമാരിയമ്മ ഇല്ലാത്ത ഒരു വര്‍ഷമാണ് കടന്നു പോയത്. സ്നേഹിക്കുന്ന അമ്മയായും ഭരിച്ചു ദുരിതത്തിലേക്കു മരുമകളെ വീഴത്തുന്ന അമ്മായി അമ്മയായും സ്നേഹം, ദു:ഖം, ദീഷണി, പൊങ്ങച്ചം എന്നിങ്ങനെ സമസ്ത വികാരാനുഭവങ്ങളുടേയും ഉറവയായിരുന്നു സുകുമാരി എന്ന് വരികള്‍ക്കിടയിലൂടെ നമുക്ക് വായിച്ചെടുക്കാം. സി. വി രാമന്‍ പിള്ളയുടെയും ഇ വി യുടെയും പാരമ്പര്യത്തില്‍ പൊട്ടി വിരിഞ്ഞ അടൂര്‍ഭാസി എന്ന പ്രതിഭാസത്തിന് ചിരിപ്പിക്കുന്നതിനോടൊപ്പം കരയിക്കാനും കഴിഞ്ഞിരുന്നു എന്ന് ഗുരുവായൂര്‍ കേശവന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളെ ഉദാഹരിച്ചുകൊണ്ട് ലേഖകന്‍ എഴുതിച്ചേര്‍ക്കുന്നു. തിരസ്ക്കരിക്കപ്പെട്ട ജീവിതങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. എം. കെ കമലം, മിസ് കുമാരി, പി. കെ റോസി തുടങ്ങി സിനിമയുടെ വെള്ളീ വെളീച്ചത്തില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നഷ്ടനായികമാരുടെ വേഷമണിഞ്ഞവരെ ഓര്‍മ്മിക്കുന്നതിലൂടെ സ്ത്രീകളുടെ ദുരിതപൂര്‍ണ്ണമായ മുഖം തന്നെയാണ് വരച്ചിടുന്നത്. മാറിയ കാലത്തോട് സിനിമ ക്രിയാത്മകമായി ഇടപെട്ടു തുടങ്ങിയതിന്റെ ചലനങ്ങള്‍‍ സംവിധായക പ്രതിഭകളെയും തിരക്കഥാകൃത്തുകളെയും പരിചയപ്പെടുത്തുന്നതിലൂടെ കാണാം. ചലച്ചിത്ര ഭാഷയുടെ ആത്മാവ് തൊട്ടറിഞ്ഞ പ്രതിഭകളെയും അവരിലൂടെ അനശ്വരരായിത്തീര്‍ക്കുന്ന സിനിമകളേയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിലൂടെ കാണാം. രണ്ടാം ഖണ്ഡത്തില്‍ പി. എന്‍ മേനോന്‍, രാമു കാര്യാട്ട് , ശശികുമാര്‍ തുടങ്ങി ഒമ്പത് സംവിധായകരെ പരിചയപ്പെടുത്തുന്നു. ഇരുളില്‍ വെളീച്ചമെഴുതിക്കൊണ്ട് നൂറു വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ സിനിമയുടെ മുന്നണിയിലും പിന്നണിയിലും തെളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന പ്രതിഭകള്‍‍ ഏറെയാണ്. മനുഷ്യരുടെ സന്തോഷങ്ങളും കനത്ത സഹതാപങ്ങളും വളക്കൂറേകുന്ന സാംസ്ക്കാരിക പ്രവര്‍ത്തനമായി സിനിമ ഇന്നും തുടരുന്നു. ആ തനിമ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ലേഖകന്‍ വരച്ചിടുന്നുണ്ട്.

മുതുകുളം, തോപ്പില്‍ ഭാസി , എം . ടി തുടങ്ങിയ തിരക്കഥാകൃത്തുക്കളാണ് നാലാം അദ്ധ്യായത്തില്‍. ശാരംങപാണിവരെ നീളൂന്നുണ്ട് ഈ പട്ടിക. സിനിമയുമായി സാഹിത്യത്തിനുള്ള അടുപ്പവും അനുഭവവും സുചിതമാകുന്നുണ്ട്. തിരക്കഥാകൃത്തുകളെ വിലയിരുത്തുമ്പോള്‍ കലയിലും ജീവിതത്തിലും ജാഗ്രത കൈവിടാതെ മനുഷ്യാഭിമുഖമായി ഒരു എഴുത്തുകാരന്‍ രൂപപ്പെടുന്ന ചിത്രമുണ്ട് തിരക്കഥാ രചനയിലെന്ന് ലേഖകന്‍ പറഞ്ഞു വയ്ക്കുന്നു. തുടര്‍ന്ന് സംഗീത സംവിധായകന്‍, ഗാനരചയിതാക്കള്‍, പിന്നണിഗായകര്‍ എന്നീ ഘട്ടങ്ങളെയും പരിചയപ്പെടുത്തുന്നു. ഇത് സംഗീതത്തെ സിനിമയില്‍ നിന്നു വേറിട്ടു നിര്‍ത്താനാവില്ലെന്നു വെളിപ്പെടുത്തുന്നുണ്ട്. സിനിമയിലും സിനിമാസംഗീതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം അടിവരയിടുന്നത് പുരോഗമനത്തെയാണ്. ദക്ഷിണാമൂര്‍ത്തി മുതലുള്ള സംഗീത സംവിധായകരേയും യേശുദാസ്സും ജയചന്ദ്രനും എം എം രാജയും ഉള്‍പ്പെടുന്ന ഗായകനിരയും വയലാര്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി തുടങ്ങി ഗാനരചയിതാക്കളും ഇതിനു പുസ്തകത്തിലൂടെ സാക്ഷ്യം വഹിക്കുന്നു.

മലയാളിക്കറിയാത്ത കഥകളൊന്നുമില്ല യേശുദാസ് എന്ന ഗന്ധര്‍വനെന്ന ഗായകനെക്കുറിച്ച് പക്ഷെ എത്ര കേട്ടാലും മതി വരാത്ത പാട്ടാണ് മലയാളിക്ക് യേശുദാസിന്റേയും ഭാവഗായകന്‍ ജയചന്ദ്രന്റെയും ഒക്കെ ജീവിതം. മലയാളിയുടെ സ്വരവും താളവും ശ്വാസവുക്കെയായി ജീവിച്ച ഗായകരെ പരിചയപ്പെടുത്തുമ്പോഴും സംഗിതത്തിന്റെ ആസ്വാദനത്തിലും വിചാരങ്ങളിലും ഇനിയും വൈവിധ്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന സൂചനയുണ്ട്.

സിനിമ വരുന്ന വഴികള്‍, പ്രതിഭകള്‍ ഇങ്ങനെ സിനിമാരംഗത്തെക്കുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് ഈ പുസ്തകത്തിലെ പദ്ധതി. കൃതിയുടെ ആസ്വാദനത്തിലേക്കും അപഗ്രഥനത്തിലേക്കും വായനക്കാരെ എത്തിച്ചുകൊണ്ട് അദ്ദേഹം തൃപ്തിപ്പെടുന്നു. അവതരണത്തില്‍ സിനിമ എന്ന സങ്കേതത്തെ ബോധപൂര്‍വം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്.

മലയാള സിനിമ ഇന്നലെയുടെ പ്രതിഭകള്‍

എം കെ ചന്ദ്രശേഖരന്‍

സമയം പബ്ലിക്കേഷന്‍സ്

കണ്ണൂര്‍

വില 200 രൂപ

Generated from archived content: book1_aug2_14.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here