മലയാളിജീവിതത്തിൽ ആഴത്തിൽ വേരുകളാഴ്‌ത്തിയ സ്വർണ്ണമെന്ന പ്രതിഭാസത്തെക്കുറിച്ച് കേരളീയ പരിസരത്തിൽ നിലയുറപ്പിച്ച് നടത്തുന്ന പഠനം. ഒരേസമയം ചിഹ്‌നവും മൂല്യവുമായ, സൗന്ദര്യവും സമ്പാദ്യവുമായ ഈ വിചിത്രലോഹത്തെക്കുറിച്ച് പുതിയ ലോകസാഹചര്യത്തെ മുൻനിറുത്തി പഠിക്കുകയാണ് ഒന്നാമദ്ധ്യായത്തിൽ. കേരളത്തിൽ സ്വർണ്ണം കൈകാര്യം ചെയ്യുന്ന വിശ്വകർമ്മസമുദായത്തെക്കുറിച്ചുളള അന്വേഷണമാണ് രണ്ടാമദ്ധ്യായം. ചരക്കിനും അതു കൈകാര്യം ചെയ്യുന്ന സമുദായത്തിനും തമ്മിലുളള പരസ്‌പര നിർണ്ണയനശേഷിയെ സംബന്ധിക്കുന്ന ആലോചനകളിൽ ചരക്കിനെ നിർജ്ജീവമായി പരിഗണിക്കുന്ന പരമ്പരാഗത നരവംശശാസ്‌ത്രരീതിയിൽനിന്നു വ്യത്യസ്‌തമായി ചരക്കിന്റെ സ്വഭാവത്തിന് സമുദായത്തിന്റെ സ്വത്വനിർമ്മിതിയിൽ നിർണ്ണായക പങ്കുണ്ടെന്നു സ്ഥാപിക്കുകയാണ് ഈ അദ്ധ്യായം. ഇന്ത്യയിലെ പ്രത്യയശാസ്‌ത്രങ്ങളിലും വിശ്വകർമ്മജരുടെ സൃഷ്‌ടിപുരാണങ്ങളിലും കൈത്തൊഴിൽകാരുടെ പദവിയെന്താണെന്നന്വേഷിക്കുന്ന ദീർഘമായൊരു അനുബന്ധവും ഈ പുസ്‌തകത്തിലുണ്ട്.
നരവംശശാസ്‌ത്രത്തിന്റെ വർത്തമാനത്തെ വിമർശനാത്മകമായി സ്വാംശീകരിച്ചും കേരളീയ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ പ്രയോഗക്ഷമമായ രീതിശാസ്‌ത്രമായി വികസിപ്പിച്ചും നടത്തുന്ന ഈ പഠനം മലയാളത്തിലെ ഒരപൂർവ്വതയാണ്.
സ്വർണ്ണ കേരളം – ജാതി പ്രതിസന്ധിയും ആഗോളവത്‌കരണവും, ജോർജ്ജ് വർഗ്ഗീസ് കെ., വിലഃ 75.00, ഡിസി ബുക്‌സ്
Generated from archived content: book1_apr20_06.html Author: puzha_com