” പിന്നെ എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?”
ഇതല്ലേ നിന്റെ ചോദ്യം . സൂപ്രണ്ട് മധുപാലന്‍ സാറിന്റെ സെന്റോഫിനു സഹപ്രവര്‍ത്തകരുടെ അമിത നിര്‍ബന്ധത്തിനു വഴിപ്പെട്ടുപോയെന്നുള്ളതാണു സത്യം. അവസാനം കൈകാലുകള്‍ കുഴഞ്ഞു വീണ എന്നെ അവര്‍ കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവന്നു എടുത്തു കിടക്കയില്‍ കൊണ്ടിടുകയായിരുന്നുവെന്നു പീറ്റെ ദിവസം നീ പറഞ്ഞല്ലേ ഞാനറിയുന്നത്.
ജീവിതത്തില്‍ ഒരു തെറ്റ് ആര്‍ക്കും പറ്റും. ഈ നിസ്സഹായവസ്ഥയില്‍ നീ എന്നെ ഉപേക്ഷിച്ചു പോവുന്നത് എനിക്കു ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അതുകൊണ്ട് നീ തിരിച്ചു വരണം നമുക്ക് സന്താഷകരമായ ഒരു കുടുംബജീവിതം നയിക്കാം.
ഇന്നു രാവിലേയും രതീദേവി നിന്നെ അന്വേഷിച്ചു വന്നിരുന്നു. അവള്‍ക്കു നിന്നെക്കുറിച്ചു എന്തു മതിപ്പാണെന്നോ….! എന്നാല്‍ നിനക്കോ നീ അവളെ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണു.
അന്ന് ഓഫീസു വിട്ടു സ്‌കൂട്ടറില്‍ വരുമ്പോള്‍ അപ്രതീക്ഷിതമായി ഒരു മഴ. അടുത്തു കണ്ട രതിയുടെ കാര്‍പോര്‍ച്ചിലേക്ക് കയറി നിന്നതു സ്വാഭാവികമല്ലേ? സ്‌കൂട്ടറിന്റെ ശബ്ദം കേട്ട് അവള്‍ ഓടി വന്നു.
” സാറു വല്ലാതെ നനഞ്ഞു പോയല്ലോ ”
അവള്‍ അകത്തു പോയി ടവ്വല്‍ എടുത്തുകൊണ്ടു വന്ന് എന്റെ കയ്യില്‍ തന്നു. ഞാന്‍ തലയും മുഖവും തോര്‍ത്തി.
” സാറെ ബാത്ത് റൂമില്‍ കയറി ഡ്രസ്സ് ചെയ്ഞ്ചു ചെയ്യു”
ഞാനും ആലോചിച്ചത് അതു തന്നെയായിരുന്നു. ബാത്ത് റൂമില്‍ കയറി ഷര്‍ട്ടും പാന്റും ഊരി നല്ലതുപോലെ പിഴിഞ്ഞു. അപ്പോഴേക്കും ഒരു കൈലിയുമായി അവളെത്തി. കൈലിയുടുത്തു പുറത്തെക്കു വന്ന എനിക്കു അവള്‍ ചൂടു കാപ്പി തന്നു. എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
” രമണന്റെ വിശേഷം എന്തുണ്ട്?” എന്റെ ചോദ്യത്തിനു വിശദമായ മറുപടിയാണു തന്നത്. ” ഓ എന്റെ സാറെ ഗള്‍ഫിലാണു ജോലിയെന്നു ഗമ പറയാമെന്നല്ലാതെ നേട്ടമൊന്നുമില്ല. പോയിട്ടു വര്‍ഷം രണ്ടായി. ഞാനിവിടെ ഒറ്റക്കാണെന്ന വിചാരം പോലും ആ പുള്ളീക്കാരനില്ലാ എന്നു തോന്നുന്നു ഏകാന്തത വലിയ ശാപമാണു അല്ലേ സാറെ”
ഞാനെന്തു പറയാന്‍
മഴ തകര്‍ത്തു പെയ്യുകയാണു സന്ധ്യയായതേ ഉള്ളു എങ്കിലും വല്ലാത്ത ഇരുട്ട് പാതിരാത്രിയായതു പോലെ.
ഞാന്‍ സെറ്റിയില്‍ ചാരിക്കിടന്നു. രതി എനിക്കെതിരേയിരുന്നു. അവള്‍ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ചു .ഞാന്‍ താല്‍പ്പര്യത്തോടെ കേട്ടുകൊണ്ടിരുന്നു. അവളുടെ ദു:ഖം എന്റെ ദു:ഖമായി മാറി. ഞാന്‍ അങ്ങനെയാണല്ലോ ആരുടെ വേദനവും എന്റെ വേദനയായി കാണുന്നവനാണെന്നു നിനക്കറിയാമല്ലോ. അങ്ങനെയാണു ആ രാത്രി …ആ രാത്രി ഞാന്‍ അവിടെ കഴിച്ചു കൂട്ടിയത്.
തെറ്റിദ്ധാരണയൊക്കെ മാറ്റി നീ തിരിച്ചു വരണമെന്നാണു എനിക്കു പറയാനുള്ളത്. ഇത്രയുമായ സ്ഥിതിക്കു ഒരു കാര്യം കൂടി നിന്നെ അറിയിച്ചുകൊള്ളുന്നു. അന്നൊരിക്കല്‍ അലമാരിയില്‍ വച്ചിരുന്ന നിന്റെ ഒരു വള കാണാതെ പോയപ്പോള്‍ നീ പലരേയും സംശയിച്ചതൊര്‍മ്മയുണ്ടോ? അവസാനം ജോത്സ്യന്‍ പറയുന്നതുകെട്ട് നീ സമാധാനിച്ചു. ” വള താമസിയാതെ ഹിരികെ കിട്ടും”
എന്നിട്ടു കിട്ടിയോ? നീ പിണങ്ങരുത് അന്ന് ആ വള ഞാന്‍ എടുത്തു വിറ്റതാണു .അറിഞ്ഞാല്‍ നീ തരില്ലെന്നെറിയാം. നില്‍ക്കാന്‍ വയ്യാത്ത കടം വീട്ടാനായിരുന്നു. നീ വരു നിനക്ക് അതിനേക്കാള്‍ നല്ല വള വാങ്ങിത്തരാം.
ഇപ്പോള്‍ എന്റെ നിഷ്‌ക്കളങ്കതയും നിരപരാധിത്വവും നിനക്കു മനസിലായിക്കാണുമല്ലോ? നീ തിരിച്ചു വരണം. നമുക്ക് ഇനിയും മാതൃകാ ദമ്പതികളായി ജീവിക്കാം. നീ എത്രയും പെട്ടന്നു വന്നെത്തുന്നമെന്ന പ്രതീക്ഷയോടെ………….
**************************
കടപ്പാട് ഉണര്‍വ്വ്
Generated from archived content: story1_apr25_14.html Author: puthuppalli_saeed